തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 400 കടന്നു. ഒപ്പം കഴിഞ്ഞ ഒരാഴ്ചക്കിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2444 ആയി വർധിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ ആകെ 7873  പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3377 പേർക്കും കോവിഡ് സ്ഥിരീകരിച്ചത് ജൂലൈ മാസത്തിലാണ്. 193, 272, 301, 339, 435, 416, 488 എന്നിങ്ങനെയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ ഓരോ ദിവസവും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.

സംസ്ഥാനത്തെ തീരമേഖലകളിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലെ തീവ്ര കോവിഡ് ബാധിത തീരമേഖലകളിൽ തിങ്കളാഴ്ച മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഈ മാസം 23 വരെയാണ് ട്രിപ്പിൾ ലോക്ക്ഡൗൺ.

കഴിഞ്ഞ വാരത്തിന്റെ തുടക്കത്തിൽ തിരുവനന്തപുരം ജില്ലയിലെ സമൂഹവ്യാപനമാണ് ഏറ്റവും കൂടുതൽ ആശങ്ക സൃഷ്ടിച്ചിരുന്നതെങ്കിൽ ഇപ്പോൾ മറ്റു ജില്ലകളിലും അതീവ ജാഗ്രത അനിവാര്യമായ സാഹചര്യമാണ് നിലനിൽക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ ഇതിൽ 206 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് സമ്പർക്ക ബാധിതർ കൂടുതൽ.

എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ 41 പേര്‍ക്ക് വീതം സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിൽ ഗുരുതരമായ സാഹചര്യം തുടരുകയാണ്. 35 പേര്‍ക്കാണ് ഇന്ന് ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്നലെ സമ്പർക്കത്തിലൂടെ ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് ആലപ്പുഴയിലായിരുന്നു,  51 പേർക്ക്.

ഇന്ന് തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 31 പേര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ ശ്രദ്ധേയമായ കുറവ് വന്നിട്ടുണ്ട്. പത്തനംതിട്ട, മലപ്പുറം , കോട്ടയം, കൊല്ലം, തൃശൂര്‍, ഇടുക്കി, പാലക്കാട് ജില്ലകളിലും സമ്പർക്ക രോഗബാധ റിപോർട്ട് ചെയ്തു.

Covid-19 Kerala Tracker- കേരളത്തിൽ ഇന്ന് 435 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 132 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 206 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ 41 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 17 പേര്‍ക്കും, കോട്ടയം ജില്ലയിലെ 6 പേര്‍ക്കും, കൊല്ലം ജില്ലയിലെ 5 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 4 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

തൃശൂര്‍ ജില്ലയില്‍ ജൂലൈ 5ന് മരണമടഞ്ഞ വത്സല (63) ആലപ്പുഴ ജില്ലയില്‍ ജൂലൈ 7ന് മരണമടഞ്ഞ ബാബു (52) എന്നീ വ്യക്തികളുടെ പുനര്‍ പരിശോധനഫലം പോസിറ്റീവ് ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ ജില്ലയിലെ നാലും, തിരുവനന്തപുരം ജില്ലയിലെ രണ്ടും, പത്തനംതിട്ട, കോട്ടയം, എറണാകുളം കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനും ഒരു സി.ഐ.എസ്.എഫ് ജവാനും രോഗബാധിതരായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ, ജില്ല തിരിച്ചുള്ള കണക്ക്

 • പാലക്കാട്- 59
 • ആലപ്പുഴ- 57
 • കാസര്‍ഗോഡ്- 56
 • എറണാകുളം- 50
 • മലപ്പുറം- 42
 • തിരുവനന്തപുരം- 40
 • പത്തനംതിട്ട- 39
 • തൃശൂർ- 19
 • വയനാട്- 19
 • കണ്ണൂര്‍- 17
 • ഇടുക്കി- 16
 • കോട്ടയം- 12
 • കൊല്ലം- 5
 • കോഴിക്കോട്- 4

ഇന്ന് രോഗമുക്തി നേടിയവർ

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേരുടെയും (മലപ്പുറം 1, കാസര്‍ഗോഡ് 1, കോഴിക്കോട് 1), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 18 പേരുടെയും (എറണാകുളം 1), പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേരുടെയും പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ലഭിച്ചു.

മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 5 പേരുടെയും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും (പത്തനംതിട്ട 1), ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലവും ഇന്ന് നെഗറ്റീവ് ആയി.

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 7873 പേർക്ക്

സംസ്ഥാനത്ത് ഇതുവരെ ആകെ 7873 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3743 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4097 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

1,81,784 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,81,784 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,77,794 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3990 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 633 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

13,478 സാംപിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 13,478 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 3,47,529 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5944 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 76,075 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 72,070 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

30 പുതിയ ഹോട്ട്സ്പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 30 പ്രദേശങ്ങൾ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ഹോട്ട്സ്പോട്ടുകൾ ജില്ല തിരിച്ച് ചുവടെ ചേർക്കുന്നു.

 • എറണാകുളം ജില്ല: എളങ്കുന്നപ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14, 15 കാളമുക്ക് മാര്‍ക്കറ്റ്), മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റി (1, 28 പേഴക്കാപ്പിള്ളി മാര്‍ക്കറ്റ്), കുമ്പളങ്ങി (5, 9), കളമശ്ശേരി മുന്‍സിപ്പാലിറ്റി (36), തിരുവാണിയൂര്‍ (6), രായമംഗലം (13, 14), കാവലങ്ങാട് (11).
 • കാസര്‍ഗോഡ് ജില്ല: ബേളൂര്‍ (11), കല്ലാര്‍ (3), പനത്തടി (11), കയ്യൂര്‍-ചീമേനി (11).
 • കണ്ണൂര്‍ ജില്ല: മലപ്പട്ടം (5), പായം (2), അഞ്ചരക്കണ്ടി (9), മങ്ങാട്ടിടം (17).
 • പത്തനംതിട്ട ജില്ല: കല്ലൂപ്പാറ (13), മലയാലപ്പുഴ (3, 11), കൊട്ടങ്ങല്‍ (2).
 • പാലക്കാട് ജില്ല:  നെല്ലായ (11), കൊല്ലങ്ങോട് (2), വല്ലാപ്പുഴ (5, 13, 16).
 • കോഴിക്കോട് ജില്ല:  നാദാപുരം (എല്ലാ വാര്‍ഡുകളും), തൂണേരി.
 • തൃശൂര്‍ ജില്ല:  അരിമ്പൂര്‍ (5), ആതിരപ്പള്ളി (4).
 • ആലപ്പുഴ ജില്ല:  ചേര്‍ത്തല താലൂക്ക് (താലൂക്ക് മുഴുവനും), രാമങ്കരി (9).
 • വയനാട് ജജില്ല: പുല്‍പ്പള്ളി (എല്ലാ വാര്‍ഡുകളും), പൂത്താടി (4, 5).
 • കോട്ടയം ജില്ല: അയ്മനം (6).

അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 7,10,13), മടിക്കൈ (2, 12), കാറഡുക്ക (4, 7, 10, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 222 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

തീരദേശ, തീവ്ര കൺടെയിൻമെൻറ് സോണുകളിൽ ട്രിപ്പിൾ ലോക് ഡൗൺ

കോവിഡ്- 19 അതി വ്യാപനം തടയാൻ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ തിങ്കളാഴ്ച വൈകുന്നേരം ആറുമുതൽ ജൂലായ് 23 നു വൈകുന്നേരം ആറു വരെ ട്രിപ്പിൾ ലോക്ക്ഡൌൺ നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

കോവിഡ്-19, covid-19, കൊറോണവൈറസ്, coronavirus, പൂന്തുറ,poonthura, തിരുവനന്തപുരം, thiruvananthapuram, സമ്പര്‍ക്കത്തിലൂടെ രോഗം, ഹോട്ട്‌സ്‌പോട്ട്, കണ്ടെയ്ന്‍മെന്റ് സോണ്‍

പൂന്തുറ

തിരുവനന്തപുരം കോർപ്പറേഷനിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകൾ, കൊല്ലത്തെ ചവറ, പന്മന, ആലപ്പുഴയിലെ പട്ടണക്കാട് , കടക്കരപ്പള്ളി, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത് , കോടംതുരുത്ത് , കുത്തിയതോട്, തുറവൂർ, ആറാട്ടുപുഴ, എറണാകുളത്തെ ചെല്ലാനം, മലപ്പുറം ജില്ലയിലെ വെളിയംകോട് , പെരുമ്പടപ്പ, പൊന്നാനി മുനിസിപ്പാലിറ്റി, താനൂർ മുനിസിപ്പാലിറ്റി എന്നീ തീര മേഖലകളിലാണ് നാളെ മുതൽ നിയന്ത്രണം. ഇതിൽ ചിലയിടങ്ങൾ ഇപ്പോൾത്തന്നെ ട്രിപ്പിൾ ലോക് ഡൗണിലാണ്.

ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച മേഖലകളിലെ നിയന്ത്രണങ്ങൾ

ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച മേഖലകളിലെ ഈ മേഖലകളിൽ പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പൊതു സേവനങ്ങൾ (പെട്രോളിയം, സി‌എൻ‌ജി, എൽ‌പി‌ജി, പി‌എൻ‌ജി ഉൾപ്പെടെ), ദുരന്തനിവാരണ, വൈദ്യുതി ഉൽപാദന-വിതരണം , പോസ്റ്റോഫീസുകൾ, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ, മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ ഒഴികെ സംസ്ഥാന / കേന്ദ്രഭരണ സർക്കാരുകളുടെ ഓഫീസുകൾ, അവയുടെ സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവ അടച്ചിടും.

 • ദുരന്തനിവാരണ പ്രവർത്തനങ്ങൾ, പോലീസ്, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ജയിലുകൾജില്ലാ ഭരണം, റവന്യൂ ഡിവിഷണൽ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി . വൈദ്യുതി, വെള്ളം, ശുചിത്വം എന്നീ മേഖലകൾ പ്രവർത്തിക്കും.
 • ഡിസ്പെൻസറികൾ, കെമിസ്റ്റ്, മെഡിക്കൽ ഉപകരണ ഷോപ്പുകൾ, ലബോറട്ടറികൾ, ക്ലിനിക്കുകൾ, നഴ്സിംഗ് ഹോമുകൾ, ആംബുലൻസ് മുതലായ പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉൽ‌പാദന, വിതരണ യൂണിറ്റുകളും ഉൾപ്പെടെ എല്ലാ അനുബന്ധ മെഡിക്കൽ സ്ഥാപനങ്ങളും പ്രവർത്തിക്കും. ആരോഗ്യപ്രവർത്തകർക്കു വേണ്ടിയുള്ളതും മറ്റ് ആശുപത്രി സഹായ സേവനങ്ങൾക്കുമുള്ളതുമായ ഗതാഗതം അനുവദിക്കും.
 • കണ്ടെയ്ൻ‌മെൻറ് സോണിൽ എവിടെയും നിർ‌ത്താൻ‌ അനുവദിക്കില്ലെന്ന നിബന്ധനയോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം അനുവദിക്കും. എടിഎമ്മുകൾ അനുവദനീയമാണ്.
 • മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾ, അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വിതരണം നിലനിർത്തുക എന്നിവയല്ലാതെ കണ്ടെയിന്മെന്റ് സോണുകളിലേക്കോ പുറത്തേക്കോ ഉള്ള യാത്ര അനുവദിക്കില്ല.

5 കിലോ അരി സൗജന്യമായി നൽകും

തീര മേഖലകളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ ഉള്ള കുടുംബങ്ങൾക്ക് 5 കിലോ അരി സൗജന്യമായി നൽകുമെന്ന് സർക്കാർ അറിയിച്ചു. ഈ പ്രദേശങ്ങളിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ 9 വരെ സാധനങ്ങൾ ശേഖരിക്കുവാനും രാവിലെ 10 മുതൽ വൈകിട്ട് 6 മണിവരെ വിൽപ്പന നടത്താനും തുറന്നു പ്രവർത്തിക്കാം. പാൽ വിൽക്കുന്ന കടകൾക്ക് രാവിലെ 5 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 6 വരെയും പ്രവർത്തിക്കാം.

രാത്രി യാത്ര വൈകിട്ട് 7 മണി മുതൽ അതിരാവിലെ 5 മണി വരെ നിരോധിച്ചിട്ടുണ്ട്. റവന്യൂ, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവർ ഉൾപ്പെടുന്ന മുഴുവൻ സമയ റാപ്പിഡ് റെസ്‌പോൺസ് ടീം ഈ മേഖലയിൽ പ്രവർത്തന സജ്ജമായിരിക്കും.

റിവേഴ്‌സ് ക്വാറന്റൈൻ സൗകര്യം തയ്യാറാക്കും

ട്രിപ്പിൾ ലോക്ക്ഡൗണുള്ള തീര മേഖലകളിൽ ആവശ്യക്കാർക്ക് മാറി താമസിക്കാൻ റിവേഴ്‌സ് ക്വാറന്റൈൻ സ്ഥാപനങ്ങൾ സജീകരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. നിർബന്ധപൂർവ്വം മാറ്റി താമസിപ്പിക്കില്ലെന്നും വാർത്താക്കുറിപ്പിൽ സർക്കാർ വ്യക്തമാക്കി.

തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗണിൽ ഇളവ്

സമ്പർക്കത്തിലൂടെ കൂടുതൽ ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിന് തിരവനന്തപുരത്ത് ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗണിൽ ഇളവ്. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. രാത്രി കർഫ്യൂവിലും കടകൾ തുറക്കുന്നതിലും ഇളവ് നൽകിയിട്ടുണ്ട്.

 • നാളെ രാവിലെ ആറുമണി മുതലായിരിക്കും ഇളവുകൾ പ്രാബല്യത്തിൽ വരിക.
 • നഗര പരിധിയിൽ രാത്രി കർഫ്യൂ 7 മുതൽ പുലർച്ചെ 5 വരെ.
 • ജില്ലയിലെ മറ്റിടങ്ങളിൽ രാത്രി 9 മുതൽ പുലർച്ചെ 5 വരെയാണ് കർഫ്യൂ.
 • കടകൾ രാവിലെ 7 മുതൽ 12 വരെയും 4 മുതൽ 6 വരെ തുറക്കാം.
 • പച്ചക്കറി, പലചരക്ക്, പാൽ കടകൾക്ക് മാത്രമേ തുറക്കാനാവൂ.
 • ബേക്കറികളും തുറക്കാം. ഭക്ഷണ വിതരണം ജനകീയ ഹോട്ടലുകൾ വഴി മാത്രം അനുവദിക്കും.
 • നിർമാണ പ്രവർത്തനങ്ങൾ തുടരാനും അനുമതിയുണ്ട്.

അതേസമയം തീരപ്രദേശങ്ങളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ  ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും. രോഗവ്യാപനം വലിയരീതിയിലുണ്ടായ പൂന്തുറ, മാണിക്യ വിളാകം, പുത്തൻ പള്ളി മേഖലയിൽ അവശ്യസാധനങ്ങളുടെ കടകൾ രാവിലെ 7 മുതൽ 2 വരെ മാത്രം തുറക്കാം. സാധനങ്ങൾ വാങ്ങാനും മെഡിക്കൽ ആവശ്യങ്ങൾക്കും മാത്രമേ ആളുകൾക്ക് പുറത്തിറക്കാനാവൂ.

മുങ്ങി മരിച്ച വൃദ്ധയ്ക്ക് കൊവിഡ് ബാധയെന്നു സ്ഥിരീകരിച്ചു

കൊല്ലം ജില്ലയിൽ മുങ്ങി മരിച്ച വയോധികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെടുമ്പന സ്വദേശി മരിച്ച ഗൗരിക്കുട്ടി അമ്മയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തോട്ടിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കോവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം തിരൂരിലെ സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നയാൾ കുഴഞ്ഞുവീണ് മരിച്ചു. തിരൂർ അന്നാര സ്വദേശി താണിക്കാട്ട് അൻവറാണ് മരിച്ചത്. യുഎഇയിൽ നിന്നെത്തിയ ഇയാൾ കഴിഞ്ഞ പത്ത് ദിവസമായി തിരൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു. പ്രമേഹം കുറഞ്ഞതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പൂന്തുറയിൽ ആരോഗ്യപ്രവർത്തകരെ വരവേറ്റ് നാട്ടുകാർ

ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടായ മോശം പെരുമാറ്റത്തിന് മാപ്പ് പൂന്തുറയിലെ ജനങ്ങൾ. ഇന്ന് കോവിഡ് ഡ്യൂട്ടിക്കായി പൂന്തുറയിലെത്തിയ ആരോഗ്യപ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തിയാണ് പ്രദേശവാസികൾ വരവേറ്റത്. കോവിഡ് വ്യാപനം ശക്തമായ പൂന്തുറയിൽ ജോലിക്കെത്തിയ ആരോഗ്യപ്രവർത്തകരെ തൊടാനും അവരുടെ നേരെ ചുമയ്ക്കാനും തുപ്പാനും ശ്രമമുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ആഹ്ളാദവും ആശ്വാസവും തോന്നിയെന്ന് മുഖ്യമന്ത്രി

പൂന്തുറയിൽ പ്രദേശവാസികൾ ആരോഗ്യപ്രവർത്തകരെ വരവേൽക്കുന്നത് കണ്ടപ്പോൾ ആഹ്ളാദവും ആശ്വാസവും തോന്നിയെന്ന മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെ വിശ്വാസത്തിലെടുക്കാനും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും തയ്യാറായ എല്ലാ പൂന്തുറ നിവാസികളോടും ഹാർദ്ദമായി നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഈ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ നമുക്ക് ഒത്തൊരുമിച്ചു മുന്നോട്ടു പോകാം. ആ പോരാട്ടത്തിൽ നിങ്ങൾക്കു മുന്നിൽ സർക്കാരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ടെയിൻമെന്റ് സോണുകളിൽ ജില്ലാകളക്ടർ സന്ദർശനം നടത്തി

തിരുവനന്തപുരം ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകളായ പൂന്തുറ, ബീമാപള്ളി പ്രദേശങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ സന്ദർശനം നടത്തി. പൂന്തുറയിലെ കോവിഡ് ഐസൊലേഷൻ സെന്റർ, ബീമാപള്ളി വി.എം ആശുപത്രി, പൂന്തുറ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്‌കൂൾ എന്നിവിടങ്ങളിലെ ക്വാറന്റൈൻ സെന്ററുകളിലെ സൗകര്യങ്ങൾ കളക്ടർ വിലയിരുത്തി. പ്രദേശവാസികൾ അമിതമായി ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും കളക്ടർ പറഞ്ഞു.

എറണാകുളത്ത് മരിച്ച സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം ജില്ലയിൽ ഹൃദയ സ്തംഭനം മൂലം മരിച്ച ഇടുക്കി രാജാക്കാട് സ്വദേശിയായ വത്സമ്മ എന്ന സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇവർ മരിച്ചത്. രോഗ ഉറവിടം വ്യക്തമല്ലെന്നും, കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 30 ആയി.

വെള്ളിയാഴ്ച്ചയാണ് നെഞ്ചുവേദനയെ തുടർന്ന് ഇവരെ ഇടുക്കിയിൽ നിന്ന് എറണാകുളം ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു മരണം. ഇവർക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലായിരുന്നു. എവിടെ നിന്നാണ് ഇവർക്ക് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. ഇവർ ദൂരയാത്രകൾ ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

നെഞ്ചുവേദനയെ തുടർന്ന് ഇവരെ ആദ്യം രാജാക്കാടുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കും. രാജാക്കാടുള്ള ഏലത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഈ ഏലത്തോട്ടത്തിലെ മറ്റ് തൊഴിലാളികളെയും നിരീക്ഷണത്തിലാക്കും. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുകയാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

തിരുവനന്തപുരത്ത് ഉറവിടമറിയാത്ത രോഗബാധ ആശങ്കയാവുന്നു

തിരുവനന്തപുരം ജില്ലയിൽ ഉറവിടമറിയാത്ത രോഗബാധയുടെ ആശങ്ക തുടരുന്നു. ഇന്ന് 40 പേർക്കാണ് ജില്ലയിൽ കോവിഡ്- 19 സ്ഥിരീകരിച്ചത്. ഇതിൽ 31 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 13 പേരുടെ രോഗം ഉറവിടം വ്യക്തമല്ല.

കുമാരപുരം സ്വദേശിയായ 49 കാരൻ, വള്ളക്കടവ് സ്വദേശിയായ 52 കാരൻ, പുല്ലുവിളയായ സ്വദേശിയായ 44 കാരൻ, ഫോർട്ട് സ്വദേശിനിയായ 24 കാരി, പേരൂർക്കട, വഴയില സ്വദേശിനിയായ 28 കാരി, തൃശ്ശൂർ, കൊരട്ടി സ്വദേശിയായ 52 കാരൻ, കരിപ്പൂർ സ്വദേശിയായ 31 കാരൻ, ബീമാപള്ളി സ്വദേശിയായ 33 കാരൻ, കുമാരപുരം സ്വദേശിയായ 25 കാരൻ, വർക്കല സ്വദേശിയായ 39 കാരൻ, കളിയക്കാവിള സ്വദേശിയായ 52 കാരൻ, പാറശ്ശാല സ്വദേശിയായ 78 കാരൻ, വെളിയൻകോട് വല്ലവിള സ്വദേശിനിയായ 24 കാരി എന്നിവരുടെ രോഗ ഉറവിടമാണ് വ്യക്തമല്ലാത്തത്.

കഴക്കൂട്ടം സ്വദേശിനിയായ 30 കാരി, പനവൂർ സ്വദേശിയായ 38 കാരൻ, ബീമാപള്ളി സ്വദേശിയായ 60 കാരൻ, 48 കാരൻ, കളിയക്കാവിള സ്വദേശിനിയായ 49 കാരി, മന്നം നഗർ സ്വദേശികളായ 62 കാരൻ, 62 കാരി, കുറുംകുറ്റി സ്വദേശിനിയായ 42 കാരി, മുട്ടട സ്വദേശിയായ 10 വയസുകാരൻ, കോട്ടപുരം സ്വദേശികളായ 44 കാരി, 37 കാരി, 13 കാരൻ, 12 കാരി, 42 കാരൻ, വെങ്ങാനൂർ സ്വദേശിനിയായ 44 കാരി, വള്ളക്കടവ് സ്വദേശിയായ 26 കാരൻ, പുല്ലുവിള സ്വദേശിയായ 62 കാരൻ, വിളപ്പിൽശാല സ്വദേശിനിയായ 37 കാരി, വള്ളക്കടവ് സ്വദേശിയായ 29 കാരൻ, എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

കാര്യവട്ടം സ്വദേശിനിയായ 32 കാരി, സൗദിയിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശികളായ 40 കാരൻ, 55 കാരൻ, കുവൈറ്റിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശിയായ 33 കാരൻ, യു.എ.ഇയിൽ നിന്നെത്തിയ പാലോട് സ്വദേശിയായ 24 കാരൻ, മഹാരാഷ്ട്രയിൽ നിന്നെത്തിയ മണക്കാട് സ്വദേശിയായ 54 കാരൻ എന്നിവർക്കും ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചു.

എറണാകുളത്ത് 50 പേർക്ക് കോവിഡ്

എറണാകുളം ജില്ലയിൽ 50 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 5 പേർ രോഗമുക്തി നേടി. ജൂലായ് 5 ന് രോഗം സ്ഥിരീകരിച്ച നെടുമ്പാശേരി വിമാനത്താവളത്തിലെ ജീവനക്കാരിയുടെ ബന്ധുവായ 65 വയസുള്ള നെടുമ്പാശേരി സ്വദേശിനി, 10 വയസ്സുള്ള എടത്തല സ്വദേശി, കുട്ടിയുടെ അമ്മയ്ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു, ചെല്ലാനം സ്വദേശികളായ19 ,38, 33, 24, 20, 17 വയസ്സുള്ള പുരുഷൻമാർ, 39, 46, 24, 38, 53, 27 വയസ്സുള്ള സ്ത്രീകൾ, 10, 7 വയസ്സുള്ള ആൺകുട്ടികൾ, 23 വയസ്സുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയായ ആലുവ സ്വദേശി,19 വയസ്സുള്ള നെടുമ്പാശ്ശേരി സ്വദേശി, ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പർക്കപ്പട്ടികയിലുള്ള 40 വയസ്സുള്ള എളംകുന്നപ്പുഴ സ്വദേശിനി എന്നിവർക്ക് സമ്പർക്കം വഴി രോഗം ബാധിച്ചു.

21 വയസ്സുള്ള കൂവപ്പടി സ്വദേശി, ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച മുളവുകാട് സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള 84.74,12 വയസ്സുള്ള മുളവുകാട് സ്വദേശികൾ, 50 വയസ്സുള്ള തൃശൂർ സ്വദേശിയായ വൈദികൻ, 60 വയസ്സുള്ള കൊച്ചി സ്വദേശി, ജൂലായ് 4ന് രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 44 വയസുള്ള കടുങ്ങല്ലൂർ സ്വദേശി, ആലുവ മാർക്കറ്റിലെ ഡ്രൈവറായ 43 വയസ്സുള്ള ചെങ്ങമനാട് സ്വദേശി, ജൂലായ് 3ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള 36 വയസുള്ള എറണാകുളം ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ ചോറ്റാനിക്കര സ്വദേശിനി, ആലുവ മാർക്കറ്റിലെ ഓട്ടോ ഡ്രൈവറായ 40 വയസ്സുള്ള ചൂർണിക്കര സ്വദേശി, ജൂലായ് 4ന് രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂർ സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ള 39 വയസുള്ള കടുങ്ങല്ലൂർ സ്വദേശി എന്നിവർക്കും സമ്പർക്കം വഴി രോഗം ബാധിച്ചു.

31 വയസ്സുള്ള കളമശ്ശേരി മെഡിക്കൽ കോളേജിലെ ശുചീകരണ ജോലിക്കാരനായ കളമശ്ശേരി സ്വദേശി, 25 വയസ്സുള്ളവെങ്ങോല സ്വദേശിനി,ഇന്നലെ രോഗം സ്ഥിരീകരിച്ച കവളങ്ങാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 20, 47 വയസുള്ള കവളങ്ങാട് സ്വദേശിനികൾ, ആലുവ മുനിസിപ്പാലിറ്റിയിലെ തൊഴിലാളിയായ 43 വയസ്സുള്ള ആലുവ സ്വദേശിനി, ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ള 48 വയസ്സുള്ള ചെല്ലാനം സ്വദേശി, 27 വയസുള്ള ചളിക്കവട്ടം സ്വദേശി, 40 വയസ്സുള്ള ചെല്ലാനം സ്വദേശിനി, 53 വയസ്സുള്ള ആലുവ സ്വദേശി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

ജൂലൈ 9 ന് ബാംഗ്ലൂർ കൊച്ചി വിമാനത്തിലെത്തിയ 29 വയസ്സുള്ള മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ബീഹാർ സ്വദേശി, ജൂലൈ 6 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 23 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി, ജൂലായ് 4ന് ജദ്ദ- കൊച്ചി വിമാനത്തിലെത്തിയ 1,4 ,29 വയസുള്ള കാലടി സ്വദേശികൾ, ജൂലായ് 2ന് ഡെൽഹി – കൊച്ചി വിമാനത്തിലെത്തിയ 58 വയസുള്ള ഡെൽഹി സ്വദേശി, ജൂലൈ 10 ന് റിയാദ് കൊച്ചി വിമാനത്തിലെത്തിയ 63 വയസ്സുള്ള തൃശൂർ സ്വദേശി, ജൂൺ 25 ന് കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ 41 വയസുള്ള തേവര സ്വദേശി, ജൂൺ 27 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 54 വയസുള്ള ചെല്ലാനം സ്വദേശിനി എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു.

ഇന്നലെ ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 8 ചെല്ലാനം സ്വദേശികളും, ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 2 പേരും ഇടുക്കി ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ എറണാകുളത്താണ് ചികിത്സയിലുള്ളത്.

ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 29 വയസുള്ള കോതമംഗലം സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള കോതമംഗലം സ്വദേശി, ജൂലൈ 1 ന് രോഗം സ്ഥിരീകരിച്ച 24 വയസുള്ള കവളങ്ങാട് സ്വദേശിനി, ജൂൺ 30 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള കുന്നുകര സ്വദേശി , ജൂൺ 29 ന് രോഗം സ്ഥിരീകരിച്ച 47 വയസുള്ള ആലപ്പുഴ സ്വദേശി എന്നിവർ രോഗമുക്തി നേടി.

ഇന്ന് 1245 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 751 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13365 ആണ്. ഇതിൽ 11622 പേർ വീടുകളിലും, 457 പേർ കോവിഡ് കെയർ സെന്ററുകളിലും 1286 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

കാസർഗോട്ട് ഗുരുതരം

കാസറഗോഡ് ജില്ലയിൽ രോഗബാധ വർധിച്ചു. ജില്ലയിൽ ഇതാദ്യമായി ഒരു ദിവസം അൻപതിലധികം ആളുകളിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. 56 പേർക്കാണ് ജില്ലയിൽ രോഗബാധ. ഇതിൽ  41 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.   ഇന്നാണ് ഏറ്റവും കൂടുതൽ സമ്പർക്ക രോഗികൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സമ്പർക്ക രോഗികളിൽ കൂടുതൽ പേരും വ്യാപാരസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരിൽ എട്ടുപേർ രോഗ ഉറവിടം അറിയാത്തവരവായി ഉൾപ്പെട്ടിട്ടുള്ളതാണെന്നും അവർ വ്യക്തമാക്കി.

പാലക്കാട് 59 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് മൂന്ന് കുട്ടികൾ ഉൾപ്പെടെ 59 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.യുഎഇ യിൽ നിന്നുമെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. ഉറവിടം വ്യക്തമല്ലാതെ ഒരാൾക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 16 പേർ രോഗമുക്തി നേടി. എലപ്പുള്ളി സ്വദേശിയായ ഗർഭിണിക്കാണ്(24) ഉറവിട മറിയാതെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

യുഎഇയിൽ നിന്ന് വന്നവരിൽ കോട്ടോപ്പാടം സ്വദേശി (33 പുരുഷൻ), നെല്ലായ സ്വദേശി (30,22 പുരുഷൻ, 32 സ്ത്രീ), വല്ലപ്പുഴ സ്വദേശി (32,50 പുരുഷൻ), അയിലൂർ സ്വദേശി (11 ആൺകുട്ടി), ഷോളയൂർ സ്വദേശി (26 പുരുഷൻ), പെരുമാട്ടി സ്വദേശി (54 പുരുഷൻ), ഗോവിന്ദാപുരം സ്വദേശി (35 പുരുഷൻ), മണ്ണാർക്കാട് സ്വദേശി (28,31 പുരുഷൻ), അലനല്ലൂർ സ്വദേശി (23 പുരുഷൻ), കടമ്പഴിപ്പുറം കോട്ടപ്പുറം സ്വദേശി (26 പുരുഷൻ), മണ്ണാർക്കാട് ആര്യം കോട് സ്വദേശി (28 പുരുഷൻ), മുണ്ടക്കോട്ടുകുറുശ്ശി സ്വദേശി (55 പുരുഷൻ), മുടപ്പല്ലൂർ സ്വദേശി (34 പുരുഷൻ), നെല്ലായ സ്വദേശി (62 പുരുഷൻ), ഒറ്റപ്പാലം സ്വദേശി (33 പുരുഷൻ), ഷാർജയിൽ നിന്നു വന്ന പുതുനഗരം സ്വദേശി (56 പുരുഷൻ), കാരാകുറുശ്ശി സ്വദേശി (32 പുരുഷൻ), അലനല്ലൂർ സ്വദേശി (23 പുരുഷൻ), മണ്ണാർക്കാട് സ്വദേശി (48 പുരുഷൻ), വടക്കഞ്ചേരി സ്വദേശി(29 പുരുഷൻ) എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.

ജപ്പാനിൽ നിന്നുവന്ന വല്ലപ്പുഴ സ്വദേശി (30 പുരുഷൻ), യുകെയിൽ നിന്ന് വന്ന കൊല്ലംകോട് സ്വദേശി (37 പുരുഷൻ) ഒമാനിൽ നിന്നുവന്ന എലവഞ്ചേരി സ്വദേശി (50 പുരുഷൻ), തിരുമിറ്റക്കോട് സ്വദേശി (37 പുരുഷൻ), കുവൈത്തിൽ നിന്നുവന്ന ആലത്തൂർ സ്വദേശി (46 പുരുഷൻ), മണ്ണൂർ സ്വദേശി (51,34 പുരുഷൻ),കാഞ്ഞിരപ്പുഴ സ്വദേശി (27 പുരുഷൻ),മണ്ണാർക്കാട് സ്വദേശി (46 പുരുഷൻ),വണ്ടാഴി സ്വദേശി (53 പുരുഷൻ), ഖത്തറിൽ നിന്നുവന്ന അലനല്ലൂർ സ്വദേശി (27 പുരുഷൻ), നെല്ലായ സ്വദേശി (34,58 പുരുഷൻ), ആലത്തൂർ സ്വദേശി (27 പുരുഷൻ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. സൗദിയിൽ നിന്നു വന്ന കരിമ്പുഴ സ്വദേശി (43 പുരുഷൻ), കടമ്പഴിപ്പുറം സ്വദേശി (29 പുരുഷൻ), കാഞ്ഞിരപ്പുഴ സ്വദേശി (37 സ്ത്രീ), തത്തമംഗലം സ്വദേശി (42 പുരുഷൻ), എലവഞ്ചേരി സ്വദേശി (25 പുരുഷൻ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

തമിഴ്നാട്ടിൽ നിന്നുവന്ന പല്ലശ്ശന സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങൾ (2, ആൺകുട്ടി,60,44 സ്ത്രീകൾ), പെരുമാട്ടി സ്വദേശി (23 പുരുഷൻ), ആനക്കര കുമ്പിടി സ്വദേശി (21 പുരുഷൻ), ശ്രീകൃഷ്ണപുരം സ്വദേശി (57 പുരുഷൻ), പല്ലശ്ശന സ്വദേശി (36 സ്ത്രീ), നെന്മേനി സ്വദേശി (42 സ്ത്രീ), മഹാരാഷ്ട്രയിൽ നിന്നു വന്ന അഗളി സ്വദേശികളായ ദമ്പതികൾ (30 പുരുഷൻ,27 സ്ത്രീ), ഒറ്റപ്പാലം മാന്നന്നൂർ സ്വദേശി (51 പുരുഷൻ), പുതുശ്ശേരി സ്വദേശി (8 ആൺകുട്ടി), കർണാടകയിൽ നിന്നുവന്ന കൊല്ലംകോട് സ്വദേശി (30 പുരുഷൻ), അമ്പലപ്പാറ സ്വദേശി (32 പുരുഷൻ), നെന്മാറ സ്വദേശി (42 പുരുഷൻ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 328 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

മലപ്പുറത്ത് 42 പേര്‍ക്ക് കൂടി രോഗബാധ

മലപ്പുറം ജില്ലയില്‍ 42 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 13 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 22 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച മൂന്നിയൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ മൂന്നിയൂര്‍ സ്വദേശി (22), ജൂലൈ ഒന്നിന് രോഗബാധ സ്ഥിരീകരിച്ച വാഴയൂര്‍ സ്വദേശിനിയുടെ സഹോദരന്‍ വാഴയൂര്‍ സ്വദേശി (37), ജൂണ്‍ 19 ന് രോഗബാധ സ്ഥിരീകരിച്ച പാലേമാട് സ്വദേശിയുമായി ബന്ധമുണ്ടായ എടക്കര പാലേമാട് സ്വദേശി (42), ജൂലൈ ഒന്നിന് രോഗബാധ സ്ഥിരീകരിച്ച ഊര്‍ങ്ങാട്ടിരി സ്വദേശിയുമായി ബന്ധമുണ്ടായ ഊര്‍ങ്ങാട്ടിരി സ്വദേശി (27) എന്നിവര്‍ക്കാണ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

പൊന്നാനിയില്‍ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പൊന്നാനി ഈശ്വരമംഗലം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ (40), പൊന്നാനി ഈശ്വരമംഗലം സ്വദേശിനിയായ വിദ്യാര്‍ഥിനി (10), ലോറി ഡ്രൈവറായ പൊന്നാനി സ്വദേശി (40), ഹോട്ടല്‍ തൊഴിലാളിയായ പൊന്നാനി ബീയ്യം സ്വദേശി (46), ടാക്‌സി ഡ്രൈവറായ പൊന്നാനി ബീയ്യം സ്വദേശി (29), നിര്‍മ്മാണ തൊഴിലാളിയായ പൊന്നാനി ബീയ്യം സ്വദേശി (40), ഓട്ടോ ഡ്രൈവറായ പൊന്നാനി ബീയ്യം സ്വദേശി (35), സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് പൊന്നാനി സ്വദേശി (45), പൊന്നാനി സ്വദേശിയായ വിദ്യാര്‍ഥി (19), പൊന്നാനി ബീയ്യം സ്വദേശിനിയായ ആശ വര്‍ക്കര്‍ (46), ലോട്ടറി കച്ചവടക്കാരനായ പൊന്നാനി ബീയ്യം സ്വദേശി (57), പൊന്നാനി ഈശ്വരമംഗലം സ്വദേശിയായ കച്ചവടക്കാരന്‍ (44), വീടുകളില്‍ ഭക്ഷണ വിതരണം നടത്തുന്ന പൊന്നാനി ബീയ്യം സ്വദേശി (47) എന്നിവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

ചെന്നൈയില്‍ നിന്നെത്തിയ എ.ആര്‍. നഗര്‍ കൊളപ്പുറം സ്വദേശി (36), മൈസൂരില്‍ നിന്നെത്തിയ ലോറി ഡ്രൈവര്‍ ചാലിയാര്‍ സ്വദേശി (28), ബംഗളൂരുവില്‍ നിന്നെത്തിയ എടയൂര്‍ കരേക്കാട് സ്വദേശി (59) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.

ദോഹയില്‍ നിന്നെത്തിയ മാറഞ്ചേരി സ്വദേശി (32), അബുദബിയില്‍ നിന്നെത്തിയ മാറാക്കര സ്വദേശി (46), ജിദ്ദയില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി (49), ഖത്തറില്‍ നിന്നെത്തിയ തെന്നല സ്വദേശി (34), ജിദ്ദയില്‍ നിന്നെത്തിയ നന്നമ്പ്ര സ്വദേശി (50), റിയാദില്‍ നിന്നെത്തിയ തിരൂരങ്ങാടി കച്ചേരിപ്പടി സ്വദേശി (36), ഖത്തറില്‍ നിന്നെത്തിയ എടപ്പാള്‍ സ്വദേശി (26), റിയാദില്‍ നിന്നെത്തിയ മൂത്തേടം തളിപ്പാടം സ്വദേശിനി (42), ജിദ്ദയില്‍ നിന്നെത്തിയ മഞ്ചേരി മുട്ടിപ്പാലം സ്വദേശി (35), ജിദ്ദയില്‍ നിന്നെത്തിയ മൊറയൂര്‍ സ്വദേശി (65), ജിദ്ദയില്‍ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശി (55), ജിദ്ദയില്‍ നിന്നെത്തിയ കാവനൂര്‍ സ്വദേശി (28), ജിദ്ദയില്‍ നിന്നെത്തിയ ചീക്കോട് സ്വദേശി (27), ജിദ്ദയില്‍ നിന്നെത്തിയ പൂക്കോട്ടൂര്‍ സ്വദേശി (41), ജിദ്ദയില്‍ നിന്നെത്തിയ താനൂര്‍ മുക്കോല സ്വദേശി (28), റിയാദില്‍ നിന്നെത്തിയ പറപ്പൂര്‍ സ്വദേശിനികളായ 49 വയസുകാരി, 32 വയസുകാരി, റിയാദില്‍ നിന്നെത്തിയ കുറുവ പഴമള്ളൂര്‍ സ്വദേശി (38), റിയാദില്‍ നിന്നെത്തിയ തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി (51), റിയാദില്‍ നിന്നെത്തിയ എടയൂര്‍ സ്വദേശി (26), റിയാദില്‍ നിന്നെത്തിയ പോത്തുകല്ല് പാതാര്‍ സ്വദേശി (36), ജിദ്ദയില്‍ നിന്നെത്തിയ ഒരു ഒഡീഷ സ്വദേശി (41), എന്നിവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു.

കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 15 പേര്‍ കൂടി ഇന്ന് രോഗമുക്തരായി. രോഗബാധിതരായി 524 പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,006 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്

കോവിഡ് രോഗിയുടെ നില അതീവ ഗുരുതരം

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗിയുടെ നില അതീവ ഗുരുതരമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.സക്കീന അറിയിച്ചു. താഴെക്കോട് പഞ്ചായത്തിലെ അരക്കപറമ്പ് സ്വദേശിയായ ഇദ്ദേഹം ജൂൺ 29 നാണ് അബുദാബിയിൽ നിന്ന് കോഴിക്കോട് വിമാനത്താവളം വഴിയെത്തിയത്.

ജൂലൈ ഏഴിന് നടത്തിയ പരിശോധനയിലാണ് ഇദ്ധേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഹൃദ് രോഗത്തിന് പുറമെ വ്യക്ക സംബന്ധമായ അസുഖ വുമുള്ള ഇയാൾക്ക് ഹ്യദയ സ്തംഭംനം കൂടി വന്നതാണ് ആരോഗ്യസ്ഥിതി മോശമാകാൻ കാരണം.

തൃശ്ശൂരിൽ കർശന നിയന്ത്രണം

കോവിഡ് 19 ക്ലസ്റ്റർ വ്യാപനം തടയാൻ തൃശ്ശൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ജില്ലയിലെ എല്ലാ മുഖ്യ മാർക്കറ്റുകളിലെയും കടകളിൽ ഒരു സമയം മൂന്നു ജീവനക്കാരെ മാത്രമേ അനുവദിക്കൂ. ഇവർ ജില്ലാ മെഡിക്കൽ ഓഫീസറുടെ പരിശോധനയ്ക്കു വിധേയമാവണം. കടകളിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകും .
കാർഡില്ലാത്തവരെ മാർക്കറ്റുകളിൽ പ്രവേശിപ്പിക്കില്ല. ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ് വിളിച്ചു ചേർത്ത വ്യാപാരികളുടെയും തൊഴിലാളി നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം. കടകളിൽ സാനിറ്റൈസർ, ഗുണനിലവാരമുള്ള മാസ്ക്,കയ്യുറ എന്നിവ നിർബന്ധമായും കരുതണം. 60 വയസിനു മുകളിലുള്ളവരെ കടകളിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല.

സാമൂഹിക അകലം പാലിക്കുന്നതിന് കടകളിൽ കൃത്യമായ മാർക്കിങ് വേണം.വഴിവാണിഭക്കാരുടെ എണ്ണം നിയന്ത്രിക്കും.കടയിലുള്ള ജീവനക്കാരുടെ പേര് വിവരം പ്രദർശിപ്പിക്കണം. പകുതി ജീവനക്കാർക്ക് ഒരാഴ്ച ,മറു പകുതി അടുത്ത ആഴ്ച എന്ന രീതിയിൽ കടയുടെ പ്രവർത്തനം ക്രമീകരിക്കണം. ചരക്കു ലോറികൾക്കും കയറ്റിറക്കിനും സമയ നിയന്ത്രണം കർശനമാക്കും.

കടയുടെ പുറത്തു പടികളിൽ വച്ച് കച്ചവടം അനുവദിക്കില്ല. പച്ചക്കറികൾ ഉൾപ്പെടെയുള്ള സാധങ്ങൾ തൊട്ടു പരിശോധിച്ച് വാങ്ങുന്ന പതിവ് രീതി പാടില്ല. ഈ നിർദേശങ്ങൾ പാലിക്കാത്ത കടകൾ അടച്ചിടുന്നതടക്കമുള്ള നടപടികൾ ജില്ലാ ഭരണകൂടം കൈക്കൊള്ളുമെന്ന് ജില്ലാ കലക്റ്റർ എസ്.ഷാനവാസ് അറിയിച്ചു.

ജില്ലയിൽ 19 പേർക്ക് കോവിഡ്

തൃശൂർ ജില്ലയിൽ ഞായറാഴ്ച 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 20 പേർ രോഗമുക്തരായി. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 622 ആയി. രോഗം സ്ഥിരീകരിച്ച 209 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ജൂലൈ 5 ന് മരണമടഞ്ഞ വത്സലക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂലൈ 4 ന് ഖത്തറിൽ നിന്ന് വന്ന വേലൂർ സ്വദേശി(52 പുരുഷൻ), ജൂൺ 26 ന് ദുബായിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി(35 പുരുഷൻ), ജൂലൈ 3 ന് തമിഴ്നാട്ടിൽ നിന്ന് വന്ന പൂങ്കന്നം സ്വദേശികളായ(24 സ്ത്രീ), (4 പെൺകുട്ടി), ജൂൺ 24 ന് ഷാർജയിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(25, പുരുഷൻ) എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.

ജൂൺ 30 ന് ദുബായിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(43, പുരുഷൻ),ബാംഗ്ളൂരിൽ നിന്ന് വന്ന മാടവന സ്വദേശി(41 , പുരുഷൻ), ജൂൺ 28ന് മസ്ക്കറ്റിൽ നിന്ന് വന്ന വേളൂക്കര സ്വദേശി(24 , പുരുഷൻ), ജൂൺ 26ന് ബീഹാറിൽ നിന്ന് ഇരിങ്ങാലക്കുട കെഎസ്ഇ എന്ന സ്ഥാപനത്തിൽ വന്ന് ജോലി ചെയ്യുന്ന ബീഹാർ സ്വദേശികളായ2 പേർ (23, പുരുഷൻ),(25, പുരുഷൻ), ഇരിങ്ങാലക്കുട കെഎസ്ഇസ്ഥാപനത്തിൽ ജോലി ചെയ്ത് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളികളായ 2 പേർ(59, പുരുഷൻ), (55, പുരുഷൻ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

മുംബെയിൽ നിന്ന് വന്ന കൊന്നക്കുഴി സ്വദേശി(32, പുരുഷൻ), ജൂൺ 24ന് കുവൈറ്റിൽ നിന്ന് വന്ന എടമുട്ടം സ്വദേശിയായ(15 , ആൺകുട്ടി), ജൂൺ 30 ന് ബാംഗ്ളൂരിൽ നിന്ന് വന്ന ഒരേ ബസ്സിൽ യാത്ര ചെയ്ത കരുമത്ര സ്വദേശിയായ(42, പുരുഷൻ), നായ്ക്കുളം സ്വദേശി(27, പുരുഷൻ), മേത്തല സ്വദേശി(19, പുരുഷൻ), ജൂലൈ 8 ന് ഹൈദരാബാദിൽ നിന്ന് വന്ന കാര സ്വദേശി(24, പുരുഷൻ)എന്നിവർക്കു ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു.

കൊല്ലത്ത് അഞ്ചു പേര്‍ക്ക് കോവിഡ്

കൊല്ലം ജില്ലയില്‍ ഇന്ന് അഞ്ചു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശാസ്താംകോട്ട രാജഗിരി സ്വദേശി(60), ശാസ്താംകോട്ട മനക്കര സ്വദേശി(62), ശാസ്താംകോട്ട രാജഗിരി സ്വദേശിനി(24), അവരുടെ മൂന്നു വയസും ഒരു വയസുമുള്ള അണ്‍കുട്ടികള്‍ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട്ടെ ടർഫുകൾക്ക് നിയന്ത്രണം

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആളുകൾ കൂട്ടംകൂടുന്ന സാഹചര്യം പരമാവധി ഒഴിവാക്കാൻ കോഴിക്കോട് ജില്ലയിലെ ടർഫ് ഉൾപ്പെടെയുള്ള കളിസ്ഥലങ്ങളിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എല്ലാവിധ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതും പ്രദർശനവും നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിറക്കി. ഇവിടെ കായികപരിശീലനങ്ങളോ മത്സരങ്ങളോ നടത്താൻ പാടില്ല.

സ്പോർട്സ് കൗൺസിൽ മറ്റു സർക്കാർ സംവിധാനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന കായിക പരിശീലന പരിപാടികൾ നടത്തുന്നതിന് കർശന നിയന്ത്രണങ്ങൾ ബന്ധപ്പെട്ടവർ ഏർപ്പെടുത്തേണ്ടതാണ്. ഒരു തരത്തിലും കോവിഡ് വ്യാപനത്തിന് കാരണമാകില്ല എന്ന് ഉറപ്പുവരുത്തണം.

ഉത്തരവ് പാലിക്കാത്തവർക്കെതിരെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 188, 269 പ്രകാരവും 2020 ലെ കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് സെക്ഷൻ 4 പ്രകാരവും പോലീസ് നടപടി സ്വീകരിക്കും. വാർഡ് തല ദ്രുതകർമ്മ സേനയും സോഷ്യൽ ഡിസ്റ്റൻസ് ടീമുകളും ഇക്കാര്യം ഉറപ്പു വരുത്തേണ്ടതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ജില്ലയിൽ നാല് പേർക്ക് കൂടി കോവിഡ്

കോഴിക്കോട് ജില്ലയിൽ ഇന്ന് നാല് പേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.18 പേർ ഇന്ന് രോഗമുക്തി നേടി. ജൂലൈ 11ന് സൗദിയിൽ നിന്നു വന്ന 41 വയസ്സ് ഉള്ള രാമനാട്ടുകര സ്വദേശി, ജൂലൈ 11ന് സൗദിയിൽ നിന്നു വന്ന 47 വയസ്സുള്ള ഉണ്ണികുളം സ്വദേശിനിജൂൺ 29 ന് ഖത്തറിൽ നിന്നു വന്ന 60 വയസ്സുള്ള കക്കോടി സ്വദേശി, ജൂലൈ 3ന് ബാഗ്ലൂരിൽ നിന്നു വന്ന 39 വയസ്സുള്ള ചെലവൂർ സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.