തൃശൂർ: കോവിഡ് 19 വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു ജില്ലാ കലക്‌ടർ എസ്.ഷാനവാസ്. ഭീതിജനകമായ അവസ്ഥാ വിശേഷം ഇപ്പോഴില്ല. എന്നാൽ ജാഗ്രത തുടരുക തന്നെ ചെയ്യും. കണ്ടെയ്‌ൻമെന്റ് സോണുകളിലെ ജാഗ്രതയും കരുതലും വിജയകരമായി മുന്നോട്ടുപോകുന്നു. സാംപിൾ പരിശോധന വർധിപ്പിയ്‌ക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് മന്ത്രിതലത്തിലും എംഎൽഎ തലത്തിലും നടത്തിയ സൂക്ഷ്‌മ അവലോകനത്തിൽ ബോധ്യമായതെന്നും ജില്ലാ കലക്‌ടർ പറഞ്ഞു.

ജില്ലാ കലക്‌ട്രേറ്റ് ഉൾപ്പെടെയുള്ള സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ ഓഫീസുകളിൽ സന്ദർശകർക്ക് കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്കു തിരിച്ചറിയൽ കാർഡ് കാണിച്ചുമാത്രമേ അകത്തേയ്ക്കുള്ള പ്രവേശനം അനുവദിക്കൂ. എല്ലാ ഓഫീസുകളിലും പകുതി ജീവനക്കാർ മാത്രം ഹാജരായാൽ മതി. ഇക്കാര്യം അതത് ഓഫീസ് അധികൃതർ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്‌ടർ അറിയിച്ചു. ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾക്കു മാത്രമായി പൊതുജനങ്ങളുടെ പ്രവേശനം പരിമിതപ്പെടുത്തും. പൊതുജനങ്ങൾ ഓഫീസിൽ നേരിട്ടു വരാതെ ഇ-മെയിൽ (tsrcoll.ker@nic.in), വാട്‌സാപ്പ് (നമ്പർ – 9400044644), ടെലിഫോൺ (0487-2360130) എന്നീ മാർഗങ്ങൾ സ്വീകരിക്കേണ്ടതാണെന്നും കലക്‌ടർ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു.

Read Also: കോവിഡ് -19ന് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശ വാദവുമായി പതഞ്ജലി സഹസ്ഥാപകൻ

സിവിൽ സ്റ്റേഷനിൽ വരുന്ന പൊതുജനങ്ങൾ തിരിച്ചറിയൽരേഖ ഹാജരാക്കേണ്ടതാണ്. എല്ലാവരുടേയും പേരും മറ്റു വിവരങ്ങളും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതാണ്. എല്ലാവർക്കുമായി തെർമൽ സ്ക്രീനിങ് സംവിധാനം താഴത്തെ നിലയിലെ പ്രവേശനകവാടത്തിൽ ഏർപ്പെടുത്തും. സിവിൽ സ്റ്റേഷനിൽ വരുന്ന സ്വകാര്യവാഹനങ്ങൾ പുറത്തേയ്ക്കുള്ള ഗേറ്റിനു സമീപമുള്ള പാർക്കിങ് സ്ഥലത്തു നിർത്തണമെന്നും ജില്ലാ കലക്‌ടർ അറിയിച്ചു.

Read Also: രോഗികളുടെ എണ്ണം ഇനിയും വർധിക്കും; തൃശൂർ ജില്ലയിലെ നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കാം

അതേസമയം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തൃശൂർ കോർപറേഷൻ മാതൃകാപരമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് മേയർ അജിത ജയരാജൻ പറഞ്ഞു. കൗൺസിലർമാരിൽ ഒരാൾ കോവിഡ് രോഗിയുമായി ഇടപഴകിയെന്ന ആരോപണത്തെ തുടർന്ന് വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മേയർ. ജില്ലാ കലക്‌ടർ ഇൻസ്‌റ്റിറ്റ‌്യൂഷണൽ ക്വാറന്റെെൻ കേന്ദ്രമായി പ്രഖ്യാപിച്ച കേന്ദ്രത്തിലെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജോലി ചെയ്‌തവർക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, തൃശൂർ ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ രണ്ട് ആരോഗ്യപ്രവർത്തകർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന ഏഴ് പേരുടെ ഫലം ഇന്ന് നെഗറ്റീവ് ആയി.

കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം കൂട്ടി

തൃശൂർ ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം വർധിപ്പിച്ചു. മൂന്ന് പുതിയ കണ്ടെയ്‌ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ഇതോടെ ജില്ലയിൽ ആകെ കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം 13 ആയി. അളഗപ്പനഗർ പഞ്ചായത്തിലെ മൂന്നും നാലും വാർഡുകൾ, വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ 15,16 വാർഡുകൾ, തോളൂർ പഞ്ചായത്തിലെ വാർഡ് 12 എന്നിവയാണ് പുതിയ സോണുകൾ.

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്, ചാവക്കാട് നഗരസഭ, തൃശൂർ കോർപറേഷനിലെ 24 മുതൽ 34 വരെയുള്ള ഡിവിഷനുകളും 41-ാം ഡിവിഷനും ഉൾപ്പെട്ട പ്രദേശം, വടക്കേകാട്, അടാട്ട്, അവണൂർ, ചേർപ്പ്, തൃക്കൂർ ഗ്രാമപഞ്ചായത്തുകൾ, ഇരിങ്ങാലക്കുട നഗരസഭയുടെ ഒന്നു മുതൽ പത്ത് വരെയും 32 മുതൽ 41 വരെയുമുളള വാർഡുകൾ എന്നിവയും കണ്ടെയ്‌ൻമെന്റ് സോണുകളായി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.