തിരുവനന്തപുരം: കര്‍ണാടക അതിര്‍ത്തി അടച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരെ ഫോണിൽ വിളിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ചെങ്കിലും ഇതുവരെ മറുപടിയുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ വൈറസ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അമിത് ഷാ തിരിച്ചു വിളിക്കും എന്നു പറഞ്ഞിരുന്നു, വിളിച്ചോ’ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ചിരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

“അതാണ് പിന്നെ ആകെയുള്ള ഒരു ഗുണം. എല്ലാവരും വിളിക്കാം വിളിക്കാം എന്നു പറയും. പിന്നെ ആരും വിളിക്കില്ല. കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയോട് ഫോണില്‍ കാര്യങ്ങള്‍ പറഞ്ഞിരുന്നു. തിരിച്ച് വിളിക്കാമെന്ന് പറഞ്ഞു. എന്നാല്‍, ഇതുവരെ വിളിച്ചിട്ടില്ല. പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പച്ചതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രിയും വിളിച്ചിരുന്നു. തിരിച്ച് വിളിക്കാമെന്ന് പറഞ്ഞു. പിന്നീട് ആഭ്യന്തരമന്ത്രിയും വിളിച്ചിട്ടില്ല. അവര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയായിരിക്കാം. പരിഹാരമാകാത്തതിനാലാണ് തിരിച്ച് വിളിക്കാത്തതെന്ന് കരുതുന്നു. ഞാനൊരു ശുഭാപ്തി വിശ്വാസക്കാരനാണ്. അവര്‍ തിരിച്ച് വിളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ,”മുഖ്യമന്ത്രി പറഞ്ഞു.

Read More: ‘വീട്ടിലിരിക്കൽ’ ഗാർഹിക അതിക്രമത്തിന് കാരണമാകരുത്: മുഖ്യമന്ത്രി

കാസർഗോട്ടെ അതിർത്തി റോഡുകൾ തുറക്കാനാകില്ലെന്ന നിലപാടിൽ കർണാടകം ഉറച്ചു നിൽക്കുകയാണ്. ഇക്കാര്യത്തിൽ തങ്ങളുടെ സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്ക മനസിലാക്കണമെന്ന് കർണാടകം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

അതേസമയം കർണാടകം അതിർത്തി അടച്ചതിനെ തുടർന്ന് കാസർഗോഡ് ജില്ലയിൽ ചികിത്സ ലഭിക്കാതെ ഇന്ന് ഒരാൾ കൂടി മരിച്ചു. മഞ്ചേശ്വരം സ്വദേശി ശേഖർ(49) ആണ് മരിച്ചത്. ഇദ്ദേഹം ഹൃദ്രോഗത്തെ തുടർന്ന് ചികിത്സ തേടിയിരുന്നത് മംഗലാപുരത്തെ ആശുപത്രിയിലായിരുന്നു. എന്നാൽ അതിർത്തി അടച്ച സാഹചര്യത്തിൽ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാനായില്ല. അതിർത്തി അടച്ചതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം ആറായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.