കൽപറ്റ: തമിഴ്നാട്ടിൽ കോവിഡ്-19 വ്യാപനത്തിനു പ്രധാന കാരണമായ ഹോട്ട്സ്പോട്ടുകളുടെ ഗണത്തിലാണ് ചെന്നെെയിലെ കോയമ്പേട് മാർക്കറ്റ് ഉൾപ്പെടുന്നത്. കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ട കേസുകൾ കണ്ടെത്താൻ തമിഴ്നാട് സർക്കാർ പാടുപെടുന്നതിനിടയിലാണ് കേരളത്തിലും ഭീതി വർധിക്കുന്നത്.
കോയമ്പേട് മാർക്കറ്റിലെ ലാേറി ഡ്രെെവർക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ വയനാട് സ്വദേശിയാണ്. മാർക്കറ്റിൽ പോയിവന്ന ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വയനാട് ജില്ലയിൽ ജാഗ്രത വർധിപ്പിച്ചു. ഇന്ന് ഇയാളുടെ പേരക്കുട്ടിക്കും കോവിഡ് സ്ഥിരീകരിച്ചു. 11 മാസം പ്രായമുള്ള കുഞ്ഞിനാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് കുഞ്ഞിനു രോഗം ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
Read Also: വയനാട്ടിൽ 11 മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ്; രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ
കോയമ്പേടു നിന്ന് ചരക്കുമായി എത്തിയ ലോറി ഡ്രെെവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് വയനാട് ജില്ല ഗ്രീൻ സോണിൽ നിന്നു ഓറഞ്ച് സാേണിലേക്ക് മാറിയത്. ഡ്രെെവർക്ക് രോഗം സ്ഥിരീകരിച്ചതോടെ വയനാട് ജില്ലാ ഭരണകൂടം ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരെയും നിരീക്ഷണത്തിലാക്കിയിരുന്നു. കോയമ്പേട് മാർക്കറ്റിലെ കടയിൽ സെയിൽസ്മാൻ ആയി ജോലി ചെയ്തിരുന്ന ചീരാൽ സ്വദേശിക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ട എല്ലാവരേയും ജില്ലാ ഭരണകൂടം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതീവ ജാഗ്രതയോടെയാണ് ആരാേഗ്യവകുപ്പ് ഇവിടെ കാര്യങ്ങൾ നീക്കുന്നത്.
തമിഴ്നാട്ടിലെ പ്രതിസന്ധി
തബ്ലീഗ് സമ്മേളനം മൂലമുണ്ടായ പ്രതിസന്ധിയേക്കാൾ വലുതാണ് തമിഴ്നാട്ടിൽ കോയമ്പേട് മാർക്കറ്റ് മൂലം ഉണ്ടായത്. തമിഴ്നാട്ടിലെ വുഹാൻ എന്നാണ് കോയമ്പേടിനെ വിശേഷിപ്പിക്കുന്നത്. തമിഴ്നാട്ടിൽ ഇതിനകം 22 ജില്ലകളിലായി രണ്ടായിരത്തിലേറെ പേർക്കാണ് ഇവിടെ നിന്നു രോഗം ബാധിച്ചത്. രോഗബാധിതരുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത. 3100 മൊത്ത-ചില്ലറ വ്യാപാര സ്ഥാപനങ്ങളാണ് കോയമ്പേട് മാർക്കറ്റിൽ ഉള്ളത്. ഏകദേശം പതിനായിരത്തിലേറെ തൊഴിലാളികൾ മാർക്കറ്റിലുണ്ട്. ചെന്നൈയിൽ സമ്പൂർണ ലോക്ക് ഡൗണ് പ്രഖ്യാപിച്ചതിനു തലേ ദിവസം (ഏപ്രിൽ 25) , ഒരു ലക്ഷത്തോളം പേരാണു മാർക്കറ്റിലെത്തിയത്.