കൊച്ചി: സ്‌പ്രിങ്ക്‌ളർ ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഹെെക്കോടതി അഭിനന്ദിച്ചു. രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ കോവിഡ് പ്രതിരോധം നടക്കുന്നത് കേരളത്തിലാണെന്ന് കോടതി പരാമർശിച്ചു. സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ കോടതി ഇപ്പോൾ സർക്കാരിനെതിരെ ഒന്നും പറയുന്നില്ലെന്നും വ്യക്തമാക്കി. നേരത്തെയും കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഹെെക്കോടതി അഭിനന്ദിച്ചിരുന്നു. സ്‌പ്രിങ്ക്‌ളറുമായി ബന്ധപ്പെട്ട പൊതുതാൽപര്യഹർജി പരിഗണിക്കുമ്പോൾ ആണ് സർക്കാരിനെ കോടതി അഭിനന്ദിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ചിന്റേതാണ് പരാമർശം.

Read Also: Explained: അസംസ്‌കൃത എണ്ണയുടെ വില പൂജ്യം ഡോളറിനും താഴേക്ക് പതിച്ചതെങ്ങനെ?

അതേസമയം, സ്‌പ്രിങ്ക്‌ളർ ഇടപാടുമായി ബന്ധപ്പെട്ട് കോടതി പ്രസക്‌തമായ ചില ചോദ്യങ്ങൾ ചോദിച്ചു. പൗരന്റെ മെഡിക്കൽ വിവരങ്ങൾ നിർണായകമെന്ന് ഹൈക്കോടതി പറഞ്ഞു. നിർണായക വിവരങ്ങൾ സ്‌പ്രി‌ങ്ക്‌ളർ കമ്പനിക്ക് കൈമാറുന്നില്ലെന്ന സർക്കാർ നിലപാടിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. സർക്കാർ നിലപാട് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിവരങ്ങൾ ചോരുന്നില്ലെന്ന ഉറപ്പ് നൽകാൻ സർക്കാരിനാകുമോയെന്ന് ആരാഞ്ഞു. വിശദീകരണം നാളെ നൽകാമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഇപ്പോഴും ഡാറ്റ അപ്‌ലോഡ് ചെയ്യുന്നുണ്ടോയെന്ന് കോടതി തിരക്കി.

കോവിഡ് ബാധിതരുടേയും നിരീക്ഷണത്തിൽ ഇരിക്കുന്നവരുടേയും വിവരങ്ങൾ അമേരിക്കൻ കമ്പനി സ്‌പ്രി‌ങ്ക്‌ളറിന് കൈമാറിയതിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ടി.ആർ.രവിയും അടങ്ങുന്ന ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.

നമുക്ക് നമ്മുടേതായ ഐടി വിഭാഗം ഉണ്ടല്ലോയെന്നും എന്തിനാണ് ഡാറ്റ മറ്റൊരു കമ്പനിയെ ഏൽപ്പിച്ചതെന്നും കോടതി ആരാഞ്ഞു. ഡാറ്റ കൈമാറുന്നത് രോഗിയുടെ അനുമതിയില്ലാതെയാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഹർജിക്കാരൻ കോവിഡ് രോഗിയാണോ എന്നും കോവിഡ് ബാധിതനല്ലേ പരാതി ഉന്നയിക്കേണ്ടതെന്നും കോടതി ചോദിച്ചു. പൊതു താൽപ്പര്യ ഹർജിയിലൂടെ എങ്ങനെ സാധിക്കുമെന്നും കോടതി ചോദിച്ചു.

സങ്കീർണമായ ഒരു സാഹചര്യം കൈകാര്യം ചെയ്യാനാണ് പ്രവർത്തിക്കേണ്ടി വന്നതെന്ന് സർക്കാർ വിശദീകരിച്ചു. ഡാറ്റ ആമസോൺ ക്ലൗസിന്റെ സർവറിലാണ് സൂക്ഷിക്കുന്നതെന്നും സർവർ സി ഡിറ്റിന്റെ നിയന്ത്രണത്തിലാണെന്നും സർക്കാർ വ്യക്തമാക്കി. വിശ്വാസ ലംഘനം ഉണ്ടായാൽ പൗരന് സർക്കാരിനെയേ സമീപിക്കാനാവൂയെന്ന് കോടതി ചൂണ്ടിക്കാട്ടി.

Read Also: ലോക്ക്ഡൗൺ: 12 കാരി നടന്നത് 100 കിലോമീറ്റർ, വീടിനു കുറച്ചകലെയായി കുഴഞ്ഞു വീണ് മരിച്ചു

സ്‌പ്രി‌ങ്ക്‌ളറുമായി തർക്കമുണ്ടായാൽ സർക്കാരിന് അമേരിക്കൻ കോടതിയെ മാത്രമേ സമീപിക്കാനാവൂ എന്നും എന്തുകൊണ്ട് സർക്കാർ അമേരിക്കൻ കോടതിയെ തിരഞ്ഞെടുത്തുവെന്ന് മനസിലാവുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വിഷയത്തിൽ കോടതിക്ക് ഉത്കണ്ഠയുണ്ടെന്നും ഡാറ്റ ചോർന്നാൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിന് മാത്രമാണെന്നും കോടതി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.