കാസർഗോഡ്: കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ്-19 ബാധിതരുള്ള കാസർഗോഡ് ജില്ലയിലേക്ക് പ്രത്യേക മെഡിക്കൽ സംഘം യാത്ര പുറപ്പെട്ടു. ആരോഗ്യമന്ത്രി കെ.കെ.ശെെലജ യാത്രയ്‌ക്ക് ഫ്ലാഗ് ഓഫ് ചെയ്‌തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള സംഘമാണ് കാസര്‍ഗോഡേക്ക് ബസിൽ പോകുന്നത്.

കാസർഗോഡ് കൂടുതൽ കേസുകൾ റിപ്പോ‍ർട്ട് ചെയ്യുന്നതും ചികിത്സ നിഷേധിച്ച് കർണാടകം അതിർത്തി അടച്ചതും കണക്കിലെടുത്താണ് സര്‍ക്കാര്‍ മെഡിക്കൽ സംഘത്തെ അയച്ചത്. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ 10 ഡോക്ടർമാരും 10 നഴ്സുമാരും 5 നഴ്സിങ് അസിസ്റ്റന്റുമാരുമാണ് സംഘത്തിലുള്ളത്. മെഡിക്കൽ സംഘം താൽക്കാലിക ആശുപത്രി സജ്ജമാക്കിയാണ് പ്രവർത്തിക്കുക. ഇവർ സ്വയം താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നതാണെന്ന് മന്ത്രി കെ.കെ.ശെെലജ പറഞ്ഞു.

Read Also: കോവിഡ്-19: രാജ്യത്ത് 75 മരണം, 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണത്തിൽ വർധനവ്

“നാലു ദിവസം കൊണ്ട് കാസർഗോഡ് കോവിഡ് ആശുപത്രി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ നിർദേശമുണ്ടായിരുന്നു. അത് യാഥാർത്ഥ്യമാക്കാനാണ് സംഘം പോകുന്നത്. കാസർഗോഡ് കളക്ടറുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുൾപ്പെടെയുള്ളവർ വളരെ ത്യാഗപൂർണമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇവിടന്ന് പോകുന്ന സംഘം കോവിഡ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ജീവനക്കാർക്ക് പരിശീലനം നൽകുകയും രോഗികളെ ചികിത്സിക്കുകയും ചെയ്യും,”  മെഡിക്കൽ കോളേജ് ഡോക്ടർമാരുടേയും നഴ്സുമാരുടേയും അനുഭവങ്ങളും പരിചയസമ്പത്തും കാസർഗോഡിന് കരുത്താകുമെന്നും മന്ത്രി വ്യക്തമാക്കി.

മികച്ച ചികിത്സാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് കാസർഗോഡ് മെഡിക്കൽ കോളേജിലെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനെ കോവിഡ് ആശുപത്രിയാക്കി മാറ്റുന്നത്. 200 ഓളം കിടക്കകളുള്ള ഐസൊലേഷൻ വാർഡുകളും 20 തീവ്ര പരിചരണ വിഭാഗങ്ങളുമാണ് സജ്ജമാക്കുന്നത്. ഒന്നാം ഘട്ടത്തിൽ ഏഴ് കോടി രൂപയാണ് ആശുപത്രിയ്ക്ക് അനുവദിച്ചിട്ടുള്ളത്. ആശുപത്രിക്കാവശ്യമായ ഉപകരണങ്ങളും ഫർണിച്ചറുകളുമെല്ലാം അടിയന്തരമായി സജ്ജമാക്കുന്നു. കോവിഡ് ഒ.പി., കോവിഡ് ഐ.പി., കോവിഡ് ഐ.സി.യു. എന്നിവയെല്ലാം സജ്ജമാക്കും.

അനസ്തീഷ്യാ വിഭാഗത്തിലെ ഡോ. നരേഷ് കുമാർ, ഡോ. രാജു രാജൻ, ഡോ. മുരളി, ന്യൂറോളജി വിഭാഗത്തിലെ ഡോ. ജോസ് പോൾ കുന്നിൽ, ഡോ. ഷമീം, ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. സജീഷ്, പൾമണറി മെഡിസിൻ വിഭാഗത്തിലെ ഡോ. പ്രവീൺ, ഡോ. ആർ. കമല, നെഫ്രോളജി വിഭാഗത്തിലെ ഡോ. എബി, പീഡിയാട്രിക്സിലെ ഡോ. മൃദുൽ ഗണേഷ്, സ്റ്റാഫ് നഴ്സുമാരായ ജോസഫ് ജെന്നിംഗ്സ്, എസ്.കെ. അരവിന്ദ്, പ്രവീൺ കുമാർ, അനീഷ് രാജ്, വിഷ്ണു പ്രകാശ്, എസ്. റാഷിൻ, എം.എസ്. നവീൻ, റിതുഗാമി, ജെഫിൻ പി. തങ്കച്ചൻ, ഡി. ശരവണൻ, നഴ്സിംഗ് അസിസ്റ്റന്റുമാരായ ആർ.എസ്. ഷാബു, കെ.കെ. ഹരികൃഷ്ണൻ, എസ്. അതുൽ മനാഫ്, സി. ജയകുമാർ, എം.എസ്. സന്തോഷ് കുമാർ എന്നിവരാണ് സംഘത്തിലുള്ളത്.
ഇവർക്കുള്ള ഗതാഗതം സുഗമമാക്കുന്നതും ഭക്ഷണ സൗകര്യങ്ങൾ ഒരുക്കുന്നതും പോലീസാണ്.

അതേസമയം, കേരളത്തിൽ ഇന്നലെ 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ആറു പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവരില്‍ അഞ്ചു പേര്‍ ദുബായില്‍ നിന്നും മൂന്നു പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ നാഗ്പൂരില്‍ നിന്നും വന്നവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.

206 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,70,621 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 9744 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 8586 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.