തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ പലവ്യഞ്ജന കിറ്റുകൾ ഇന്നു മുതൽ വിതരണം ചെയ്യും. 17 ഇനങ്ങൾ അടങ്ങിയ പലവ്യഞ്ജന കിറ്റുകളാണ് റേഷൻ കടകൾ വഴി വിതരണം ചെയ്യുക. പയർ, പഞ്ചസാര, ചായപ്പൊടി, ചെറുപയർ, വെളിച്ചെണ്ണ തുടങ്ങി 17 ഇനങ്ങൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്യുക. ഭക്ഷ്യമന്ത്രി പി.തിലോത്തമനാണ് ഇക്കാര്യം അറിയിച്ചത്. എഎവെെ വിഭാഗത്തിലെ ട്രെെബൽ വിഭാഗത്തിനാണു ഇന്നു പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്യുക. അതിനുശേഷം മറ്റുള്ള എഎവെെ വിഭാഗത്തിനുള്ള കിറ്റുകളുടെ വിതരണം നടക്കും.

Read Also: കോഹ്‌ലി സെഞ്ചുറി നേടിയാൽ ഞങ്ങൾ സന്തോഷിക്കും; ഇന്ത്യ-പാക് പരമ്പര നടത്തണമെന്ന് അക്‌തർ

ഇന്ന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. ദുഖഃവെള്ളിയാഴ്‌ചയും റേഷൻ കടകൾ തുറന്നുപ്രവർത്തിക്കുമെന്നാണ് സൂചന. ദുഖഃവെള്ളിയാഴ്‌ച റേഷൻ കടകൾ അടച്ചിടാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. 5.95 ലക്ഷം വരുന്ന എഎവെെ കിറ്റുകൾ വിതരണം ചെയ്‌തശേഷം മുൻഗണനാ പട്ടികയിലെ പിങ്ക് നിറത്തിലുള്ള കാർഡ് ഉപഭോക്‌താക്കൾക്ക് പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്യും. നീല, വെള്ള കാർഡുകൾക്കുള്ള വിതരണം പിന്നീടാണ് നടക്കുക.

Read Also: കോവിഡ് – 19: അഞ്ച് ലക്ഷം രൂപവരെയുള്ള ആദായ നികുതി റീഫണ്ടുകൾ ഉടൻ അനുവദിക്കും

കോവിഡ്-19 നെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും വിലക്കയറ്റത്തെ പിടിച്ചു നിർത്തുന്നതിനും സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചതായി മന്ത്രി പി.തിലോത്തമൻ പറഞ്ഞു. ദിവസ വേതനക്കാർ, സ്ഥിരവരുമാനമില്ലാത്തവർ,ചെറുകിട കർഷകർ, തുടങ്ങി എല്ലാ വിഭാഗക്കാർക്കും മുൻഗണന – മുൻഗണനേതര വ്യത്യാസമില്ലാതെ സൗജന്യ റേഷനും പലവ്യജ്ഞന കിറ്റും ഉറപ്പാക്കും. റേഷൻ കാർഡില്ലാത്തവർക്കും സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്കും സൗജന്യ റേഷൻ ലഭിക്കും. കൂടാതെ അനാഥാലയങ്ങൾക്കും അഗതി മന്ദിരങ്ങൾക്കും മഠങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾക്കും സൗജന്യ റേഷനും പല വ്യജ്ഞന കിറ്റും ലഭിക്കും. എല്ലാ റേഷൻ കാർഡുടമകൾക്കും 17 ഇനങ്ങൾ അടങ്ങിയ പലവ്യഞ്ജന കിറ്റാണ് ലഭിക്കുക എന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഇതുവരെ റേഷൻ വാങ്ങാത്തവർക്ക് ഏപ്രിൽ 20 വരെ എപ്പോൾ വേണമെങ്കിലും റേഷൻ വാങ്ങാൻ സാധിക്കും. ആരുടെയും റേഷൻ നഷ്ടപ്പെടില്ല എന്ന് മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും ഉറപ്പു നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.