തിരുവനന്തപുരം: കോവിഡ്-19 വെെറസ് വ്യാപനം സാമൂഹ്യവ്യാപനത്തിലേക്ക് കടന്നിട്ടുണ്ടോ എന്ന കാര്യം അതീവ ഗൗരവമായി ആലോചിക്കേണ്ട വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യവ്യാപനത്തെ ഗൗരവമായി പരിശോധിക്കണം. അതിനാൽ, സംസ്ഥാനത്ത് റാപ്പിഡ് ടെസ്‌റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സാമൂഹ്യവ്യാപനം ഒരു വാളായി കേരളത്തിന്റെ മുന്നിൽ തൂങ്ങി നിൽക്കുന്നുണ്ടെന്നും അതിനെ പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. നിലവിൽ സംസ്ഥാനത്ത് സാമൂഹ്യവ്യാപനമില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കാസർഗോഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിൽ സർക്കാരിനു ആശങ്കയുണ്ട്.

Read Also: കോവിഡ് കാലത്തെ പ്രണയം; പ്രണയാതുരരായി പ്രിയങ്കയും നിക്കും

കൊറോണ വൈറസ് ബാധ കണ്ടെത്താന്‍ പ്രധാനമായും മൂന്ന് ടെസ്റ്റുകളാണ് ഉപയോഗിക്കുന്നത്. ഇതില്‍ ഏറ്റവും ഫലപ്രദമായ ടെസ്റ്റാണ് വൈറസിനെ നേരിട്ട് കണ്ടെത്തുന്ന രീതി. നിലവില്‍ കേരളം പരീക്ഷിച്ചുവരുന്നതും പിസിആര്‍ എന്ന ഈ ടെസ്റ്റാണ്. ഇന്ത്യയില്‍ ഇതുവരെ റാപ്പിഡ് ടെസ്റ്റ് പരിശോധന നടത്തിയിട്ടില്ല. കേരളത്തിന് റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു.

കേരളത്തിന് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അനുമതി ലഭിക്കുന്ന പക്ഷം ഉടന്‍ തന്നെ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കും. എത്രയും പെട്ടെന്ന് കേരളത്തില്‍ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കണമെന്നാണ് ആരോഗ്യവകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. നേരത്തെ പൂനെ വൈറോളജി ലാബില്‍ മാത്രമായിരുന്നു ടെസ്റ്റ് നടത്താനുള്ള അനുമതി. പിന്നീടത് കേരളത്തിലെ എട്ട് കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലുമായി അനുമതി ലഭിച്ചു.

Read Also: അവസാനമായി ഒന്നു തൊടാൻ പോലും അനുവദിച്ചില്ല; കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചു

അതേസമയം, കേരളത്തിൽ ഇന്നുമാത്രം ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേർക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.  കോവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം 165 ആയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നുമാത്രം ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചത് 148 പേരെ. സംസ്ഥാനത്ത് ആകെ 1,34,370 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 1,33,750 പേര്‍ വീടുകളിലും 620 പേര്‍ ആശുപത്രികളിലും ആണ്. ഇതുവരെ 6,067 രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 5,276 ഫലങ്ങളും നെഗറ്റീവ് ആണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.