കൊച്ചി: കോവിഡ്-19 എന്ന മഹാമാരിയെ നേരിടുന്നതിൽ കേരളം ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. അമേരിക്കയടക്കം കോവിഡിനു മുന്നിൽ പകച്ചുനിൽക്കുമ്പോൾ കൃത്യമായ ആസൂത്രണ മികവോടെ കേരളമെന്ന കൊച്ചു സംസ്ഥാനം മറ്റുള്ളവർക്ക് മാതൃകയാകുന്നു എന്ന് ലോകമാധ്യമങ്ങളടക്കം പുകഴ്‌ത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ യുദ്ധമുഖത്തു നിന്ന് പടനയിക്കുന്ന മികച്ച നേതാവാണെന്ന അഭിപ്രായവുമായി മലയാള സംവിധായകൻ ഷാജി കെെലാസ് രംഗത്തെത്തിയിരിക്കുന്നത്.

Read Also: ഉത്തരവാദിത്തത്തോടെ പെരുമാറൂ; അഭ്യർത്ഥനയുമായി മമ്മൂട്ടി

താൻ സംവിധാനം ചെയ്‌ത വല്യേട്ടൻ എന്ന സിനിമയിലെ മമ്മൂട്ടിയുടെ കേന്ദ്ര കഥാപാത്രത്തോട് പിണറായി വിജയനെ ഉപമിച്ചിരിക്കുകയാണ് സംവിധായകൻ ഷാജി കെെലാസ്. സഹോദരങ്ങൾക്ക് ആശയും അഭയവും നൽകുന്ന അറയ്‌ക്കൽ മാധവനുണ്ണിയുടെ കഥയാണ് ‘വല്യേട്ടൻ’ എന്ന ചിത്രത്തിൽ താൻ പറഞ്ഞതെന്നും അതിനു സമാനമായി കേരളം ഇപ്പോൾ മറ്റൊരു വല്യേട്ടന്റെ തണലിലാണെന്നും ഷാജി കെെലാസ് ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. പിണറായി വിജയൻ എന്ന കരുത്തന്റെ കരുതലിന്റെയും ശ്രദ്ധയുടെയും മുന്നിൽ താനടക്കമുള്ള മലയാളികൾ സുരക്ഷിതത്വം അനുഭവിക്കുന്നതായി ഷാജി കെെലാസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദിനംപ്രതിയുള്ള വാർത്താസമ്മേളനത്തിലെ വാക്കുകൾ തന്റെ ഇളയമകനു ആശ്വാസം പകരുന്നതാണെന്നും ഷാജി കെെലാസ് കുറിച്ചു. നിരവധി പേരാണ് ഇതിനോടകം ഷാജി കെെലാസിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

പിണറായിയെ കുറിച്ചുള്ള ഷാജി കെെലാസിന്റെ കുറിപ്പ് വായിക്കാം:

വല്യേട്ടൻ…..

‘അച്ഛാ CMന്റെ ബ്രീഫിങ് തുടങ്ങി….’ഇളയ മകന്റെ വിളി വന്നു.. ചെടികൾക്ക് വെള്ളം ഒഴിച്ച് കൊണ്ടിരിക്കുകയായിരുന്നു ഞാൻ. Covid 19 എന്ന മഹാമാരി അവനിൽ ഉണ്ടാക്കിയ ആശങ്ക, ആശ്വാസം നൽകാൻ ഒരാൾ….. അത് (CMന്റെ വാക്കുകൾ) അവനിൽ ഉണ്ടാക്കുന്ന വിശ്വാസം….ഇത് കുറിക്കാൻ ഇടയായത് അതാണ്…..

വല്യേട്ടൻ എന്ന സിനിമ ചെയ്യുമ്പോൾ തിരക്കഥാകൃത്ത് രഞ്ജിത് പറഞ്ഞു, സഹോദരങ്ങൾക്ക് എല്ലാം ആശയും അഭയവും ആകുന്ന ഒരാളുടെ കഥയാണിത്. അറക്കൽ മാധവനുണ്ണിയുടെ സ്നേഹം ഉള്ളിൽ ഒളിപ്പിച്ചു വച്ച പരുക്കൻ ഭാവത്തെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു….കേരളം മറ്റൊരു ‘വല്യേട്ടന്റെ’ തണലിലാണ് ഇപ്പോൾ. പിണറായി വിജയൻ എന്ന കരുത്തന്റെ കരുതലിന്റെയും ശ്രദ്ധയുടെയും മുമ്പിൽ ഞാനടക്കമുള്ള മലയാളികൾ സുരക്ഷിതത്വം അനുഭവിക്കുന്നു.

അമേരിക്ക പോലുള്ള വൻ ശക്‌തികൾ വരെ ഈ മഹാമാരിക്കു മുന്നിൽ പകച്ചു നിൽക്കുമ്പോഴാണ്, പുറമേക്ക് പരുക്കനെന്നു തോന്നിപ്പിക്കുമെങ്കിലും ഉള്ളിൽ നിറയെ സ്നേഹം സൂക്ഷിക്കുന്ന ഈ ഉത്തരമലബാറുകാരൻ യഥാർത്ഥ നേതാവിനെ പോലെ യുദ്ധ മുഖത്ത് നിന്ന് പട നയിക്കുന്നത്. വൈകുന്നേരത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ആബാലവൃദ്ധം ജനങ്ങളും ശ്വാസമടക്കി കാണുന്നതിന്റെ കാരണവും മറ്റൊന്നല്ല.

മമ്മൂക്കയും പിണറായി വിജയനും തമ്മിൽ പല കാര്യങ്ങളിലും സാമ്യമുണ്ട്. പരുക്കൻ ഇമേജാണ് ഇരുവരെക്കുറിച്ചും സമൂഹത്തിന്റെ മുന്നിലുള്ളത്. എന്നാൽ അടുത്ത് പെരുമാറുന്നവർക്കു അറിയാം ഇവർ എത്രമാത്രം ആർദ്രതയുള്ളവരാണെന്ന്. ഒരാൾക്കൊരു സഹായം വേണ്ടിവന്നാൽ മുഖം നോക്കാതെ അവർക്കു വേണ്ടി ഓടിവരുന്നവരാണ് ഇരുവരും.

രഞ്ജി പണിക്കർ എഴുതിയ ഞങ്ങളുടെ മറ്റൊരു ചിത്രമായ ‘ദി കിംഗി’ൽ ഷുഭിത യൗവനത്തിന്റെ പ്രതീകമായി ജോസഫ് അലക്സ്‌ എന്ന കളക്ടർ പ്രത്യക്ഷപ്പെടുന്നുണ്ട്. തൻപ്രമാണിത്വത്തിന്റെയും കൊളോണിയൽ വ്യവസ്ഥകളുടെ ജീർണരൂപങ്ങളെ ചോദ്യം ചെയ്യുമ്പോൾ കാണിക്കുന്ന ശൗര്യത്തിന്റെയും പേരിൽ എത്രയെത്ര വിമർശനങ്ങൾ ആണ് മമ്മുക്ക അഭിനയിച്ച ആ കഥാപാത്രം നേരിടുന്നത്. എന്നാൽ സ്വാതന്ത്ര്യസമര പെൻഷന് വേണ്ടി വരുന്ന ഒരാളോട് (കുതിരവട്ടം പപ്പു) ജോസഫ് അലക്സ്‌ പെരുമാറുന്നത് എത്ര ഹൃദ്യമായും മാതൃകാപരവുമായിട്ടാണ്. ഒരർത്ഥത്തിൽ മമ്മുക്കയുടെ തന്നെ സ്വഭാവമാണ് ആ ദൃശ്യങ്ങളിലൂടെ കാണിച്ചത്. കാരിരുമ്പുപോലെ കാഠിന്യമുള്ള പലരും കരിമ്പുപോലെ മധുരിക്കുന്ന മഹത്തായ നിമിഷങ്ങൾ സാക്ഷ്യം വഹിച്ച ഒരാളെന്ന നിലയിൽ എനിക്ക് തീർത്തു പറയാൻ പറ്റും.

ഈ സങ്കട കാലത്ത് ഞാൻ ഓർക്കുന്നത് മമ്മുക്കയെയും ശ്രി പിണറായി വിജയനെയും ആണ്. നല്ല കാലങ്ങളിൽ നമ്മുടെ കൂടെ നിൽക്കുന്നവരല്ല യഥാർത്ത സുഹൃത്തുക്കൾ, മറിച്ച് ആപത്തു കാലത്ത് കൈ വിടാതെ നമുക്ക് കൈ തരുന്നവരാണ്. സാധാരണ ജനങ്ങൾ ഒരു ഭരണാധികാരിയിൽ നിന്ന് പ്രതീക്ഷിക്കുന്ന സകല ഗുണങ്ങളും പിണറായി വിജയനിലുണ്ട് എന്നതാണ് സത്യം. കൊറോണ കാലത്തെ നടപടിക്രമങ്ങൾ മനസ്സിലാക്കിയാൽ അത് വ്യക്തമാകും. 20,000/- കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു തുടക്കം. രോഗ ആശങ്കക്കൊപ്പം ഉയർന്ന സാമ്പത്തിക ഭീതിയെ ഇല്ലാതാക്കാൻ അത് പര്യാപ്തമായിരുന്നു. നിത്യവൃത്തിക്ക് വേണ്ടി ദിവസകൂലിയെ ആശ്രയിക്കുന്നവരെ സമാശ്വാസിപ്പിക്കുക മാത്രമല്ല, ക്ഷേമപെൻഷനുകൾ മുൻകൂറായി നൽകി അമ്മമാരുടെ സാമ്പത്തിക ഭദ്രതക്കും ഒരളവോളം സമാശ്വാസം നൽകി. കമ്മ്യൂണിറ്റി കിച്ചൺ എന്ന ആശ്രയം എത്രയോ ആലബംബഹീനർക്കു ആശ്രയമായി. റേഷൻ കാർഡ് ഉള്ളവർക്കും ഇല്ലാത്തവർക്കും സൗജന്യ അരി, പലവ്യഞ്ജന കിറ്റ് എന്നിവ ഭരണനിപുണതയുടെ മികവായി.

Read Also: കോവിഡ്-19: 1918-ലെ സ്പാനിഷ് ഫ്‌ളൂ, രണ്ട് ലോകമഹായുദ്ധങ്ങള്‍ എന്നിവ അതിജീവിച്ച മുത്തശി മരിച്ചു

പലപ്പോഴും ഒരു കുടുംബനാഥനെ പോലെയായി ശ്രീ പിണറായി വിജയൻ. ഉപദേശവും ശാസനയും കരുതലും കാരുണ്യവും സുരക്ഷയും എല്ലാവർക്കും നൽകിയത് കൊണ്ട് ഈ കൊറോണ വ്യാപന കാലത്തും കേരളം ഭീതിരഹിതമായി നിലകൊള്ളുന്നു. എന്ത് പ്രശ്നം വന്നാലും നോക്കാൻ ഒരാളുണ്ട് എന്ന തോന്നൽ എല്ലാ മലയാളികളിലും പ്രകടമാണ്. എല്ലാത്തിനും കാരണമായി നിൽക്കുന്നത് ശ്രീ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ അചഞ്ചലവും അനിഷേധ്യവുമായ നിലപാടുകൾ.ഒരു നല്ല സുഹൃത്ത്…ഒരു നല്ല സഖാവ്……

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.