തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടികളുമായി പൊലീസ്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെ കാര്യമായി കാണാതെ ഇന്നും ജനങ്ങൾ തെരുവിലിറങ്ങി. ഇത്തരക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ജനങ്ങൾ സ്വകാര്യ വാഹനങ്ങളുമായി തെരുവിലിറങ്ങുന്ന സാഹചര്യത്തിൽ പൊലീസ് കൂട്ട അറസ്റ്റ് തുടങ്ങി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങളുടെ ലെെസൻസ് റദ്ദാക്കുന്ന നടപടിയിലേക്കും പൊലീസ് കടന്നു. ഇന്നു രാവിലെ കൊച്ചിയിൽ മാത്രം ഇരുന്നൂറിലേറെ പേരെ അറസ്റ്റ് ചെയ്തു. കൊല്ലത്തും തിരുവനന്തപുരത്തും കണ്ണൂരും പൊലീസ് കടുത്ത നടപടികളിലേക്ക് കടന്നിട്ടുണ്ട്.

Read Also: കാസർഗോഡിന് നിർണായകം; സാമൂഹ്യവ്യാപനമുണ്ടോയെന്ന് ഇന്നറിയാം

അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ നമ്പറുകൾ പൊലീസ് ശേഖരിക്കുന്നുണ്ട്. രണ്ട് തവണ പൊലീസ് നിർദേശം ലംഘിച്ചാൽ രജിസ്‌ട്രേഷൻ റദ്ദാക്കും. വാഹന ഉടമകൾ അറസ്റ്റും കേസും നേരിടേണ്ടി വരും. നിയന്ത്രണങ്ങൾ ലംഘിച്ചതു മൂലം പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ 21 ദിവസത്തിന് ശേഷമേ പിന്നീട് വിട്ടുനൽകൂ.

മെഡിക്കല്‍ കേസുകള്‍ക്കും അവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്നതിനുമാണ് ഓട്ടോ, ടാക്‌സികള്‍ ഉപയോഗിക്കേണ്ടത്. ഇത്തരം വാഹനത്തില്‍ ഡ്രൈവറെ കൂടാതെ ഒരു മുതിര്‍ന്ന യാത്രക്കാരന്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നല്‍കിയിട്ടുണ്ട്. മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്ന വാഹനങ്ങള്‍ തടയില്ല. അവശ്യവസ്തുക്കള്‍, മരുന്ന് തുടങ്ങിയവ വാങ്ങുന്നതിനും ആശുപത്രി സേവനങ്ങള്‍ക്കും മാത്രമേ ടാക്‌സി, ഓട്ടോറിക്ഷ (ഓണ്‍ലൈന്‍ ടാക്‌സികള്‍ ഉള്‍പ്പെടെയുള്ളവ) ഉപയോഗിക്കാവൂ എന്നും നിര്‍ദേശമുണ്ട്.

Read Also: Explained: എന്താണ് ഹാന്റാവൈറസ്?

അതേസമയം അവശ്യ സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ വിഭാഗക്കാരെ പൊലീസ് പാസ്സ് ലഭിക്കുന്നതില്‍നിന്ന് ഒഴിവാക്കി. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനു പോകുമ്പോള്‍ ഇക്കൂട്ടര്‍ തങ്ങളുടെ സ്ഥാപനം നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് പൊലീസിനെ കാണിച്ചാല്‍ മതിയാകും. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും, ആംബുലന്‍സ് സര്‍വീസ് ഡ്രൈവര്‍മാര്‍, ജീവനക്കാര്‍, മെഡിക്കല്‍ ഷോപ്പ്, മെഡിക്കല്‍ ലാബ് ജീവനക്കാര്‍, മൊബൈല്‍ ടവര്‍ ടെക്നീഷ്യന്മാര്‍, ഡാറ്റ സെന്‍റര്‍ ഓപ്പറേറ്റര്‍മാര്‍, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ബോയ്സും സ്വകാര്യ സുരക്ഷ ജീവനക്കാരും, പാചകവാതക വിതരണം, പെട്രോള്‍ ബങ്ക് ജീവനക്കാര്‍ എന്നിവരെയാണ് പൊലീസ് പാസ് ലഭിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.