തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കാൻ സർക്കാർ. നിയന്ത്രണങ്ങൾക്കിടയിലും ആളുകൾ പുറത്തിറങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് ശിക്ഷാനടപടികൾ കടുപ്പിക്കുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ പുതിയ പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസെടുക്കലും അറസ്റ്റും വാഹനം പിടിച്ചെടുക്കലും മാത്രമാവില്ല ഇനിയുള്ള നടപടിയെന്നും മുഖ്യമന്ത്രി താക്കീത് നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 22,338 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 2155 പേരെ അറസ്റ്റ് ചെയ്യുകയും 12,783 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. സാംക്രമിക രോഗങ്ങൾ തടയാനും പ്രതിരോധിക്കാനും സർക്കാരിനു കൂടുതൽ അധികാരം നൽകാൻ ഓർഡിനൻസിലൂടെയാണ് പുതിയ പകർച്ചവ്യാധി നിയമം കൊണ്ടുവന്നിരിക്കുന്നത്.

Read Also: Horoscope Today April 02, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികളാണ് പൊലീസ് സ്വീകരിക്കുക. നിയമം ലംഘിക്കുന്നവർക്ക് രണ്ട് വർഷം തടവും 10,000 രൂപ പിഴയും ലഭിക്കും. സംസ്ഥാന-ജില്ലാ അതിർത്തികൾ അടയ്‌ക്കാൻ സംസ്ഥാന സർക്കാരിനു അധികാരം നൽകുന്നതാണ് നിയമം. പൊതു, സ്വകാര്യ സംവിധാനങ്ങളുടെ നിയന്ത്രണം സർക്കാരിനു ഏറ്റെടുക്കാം. സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാരിനു ഏറ്റെടുക്കാൻ അധികാരമുണ്ട്. മതസ്ഥാപനങ്ങളേയും ആൾക്കൂട്ടത്തേയും നിയന്ത്രിക്കാം. പൊതു സ്വകാര്യ ചടങ്ങുകൾ നിയന്ത്രിക്കാം. അവശ്യ സർവീസുകളിലെ സമരം നിയന്ത്രിക്കാനും പുതിയ നിയമം സർക്കാരിനു അധികാരം നൽകുന്നുണ്ട്.

അതേസമയം, ഇന്നലെ മാത്രം സംസ്ഥാനത്ത് 24 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 12 എണ്ണം. എറണാകുളം ജില്ലയിൽ മൂന്ന് പേർക്കും തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ രണ്ട് പേർക്ക് വീതവും പാലക്കാട് ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Read Also: കോവിഡ്-19: വിംബിൾഡൺ റദ്ദാക്കി, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യം

സംസ്ഥാനത്ത് ഇതുവരെ 265 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 26 പേർക്ക് രോഗം ഭേദമാവുകയും രണ്ട് പേർ മരണപ്പെടുകയും ചെയ്തു. ആകെ 237 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി. നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 164130 പേരാണ്. ഇതിൽ 163508 പേർ വീടുകളിലും 622 ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 123 ആളുകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇന്ന് 7965 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചെന്നും ഇതിൽ 7256 സാമ്പിളുകളും നെഗറ്റീവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.