തിരുവനന്തപുരം: കോവിഡിനെതിരായ പോരാട്ടം കൂടുതൽ വിപുലപ്പെടുത്തി കേരളം. രാജ്യത്ത് ആദ്യമായി റാപ്പിഡ് ടെസ്റ്റ് നടക്കാൻ പോകുന്നത് കേരളത്തിലാണ്. വെെറസ് ബാധിതരെ അതിവേഗം തിരിച്ചറിയാനുള്ള ടെസ്റ്റാണിത്. സംസ്ഥാനത്ത് ഇന്നു മുതൽ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കും. കോവിഡ് സാമൂഹ്യവ്യാപനത്തിലേക്ക് കടന്നിട്ടുണ്ടോ എന്നറിയാൻ റാപ്പിഡ് ടെസ്റ്റ് ഗുണം ചെയ്യും.

കോവിഡ് ബാധിച്ച് രോഗി മരിച്ച തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടാണ് റാപ്പിഡ് ടെസ്റ്റ് ആദ്യം നടക്കുക. പോത്തൻകോട് സമ്പൂർണമായി അടച്ചിട്ടിരിക്കുകയാണ്. ഇവിടെ സാമൂഹ്യവ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന് ആരോഗ്യവിദഗ്‌ധർ പറയുന്നുണ്ടെങ്കിലും റാപ്പിഡ് ടെസ്റ്റ് നടത്തിയാൽ അതിനു കൂടുതൽ വ്യക്‌തത ലഭിക്കും.

Read Also: Horoscope Today April 04, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

പോത്തൻകോട് രോഗിയുമായി അടുത്ത് ഇടപഴകിയവരുടേതടക്കം കൂടുതൽ പേരുടെ ഫലം ഇന്ന് ലഭിക്കും. അതേസമയം പോത്തന്‍കോട് കൊറോണ ബാധിച്ച് മരിച്ച വ്യക്തിക്ക് എവിടെ നിന്നാണ് വെെറസ് ബാധിച്ചതെന്ന് ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല. ഇതിനായി അന്വേഷണം തുടരുകയാണ്. നിരവധി പൊതുപരിപാടികളിൽ ഇയാൾ പങ്കെടുത്തിട്ടുണ്ട്.

റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് സംസ്ഥാനത്ത് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ശശി തരൂർ എംപിയുടെ ഫണ്ട് ഉപയോഗിച്ചാണ് ആയിരം റാപ്പിഡ് ടെസ്റ്റുകൾ കേരളത്തിലെത്തിയത്. ശശി തരൂർ എംപിക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. ആകെ 3000 കിറ്റുകളാണ് എംപി ഫണ്ട് ഉപയോഗിച്ച് തിരുവനന്തപുരത്തേക്ക് എത്തിക്കുന്നത്. രണ്ടായിരം കിറ്റുകൾ ഞായറാഴ്‌ച എത്തും. റാപ്പിഡ് കിറ്റുകൾ വഴി വെറും രണ്ടര മണിക്കൂർ കൊണ്ട് കോവിഡ് ഫലം അറിയാൻ സാധിക്കും.

അതേസമയം കേരളത്തിൽ ഇന്നലെ ഒൻപത് പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കാസർഗോഡ് ജില്ലയിൽ ഏഴ് പേർക്കും തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് പുതിയതതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ നിസാമുദ്ദീനിലെ പ്രാർത്ഥന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവരാണ്.

Read Also: രാജ്യത്ത് 62 മരണം; സംസ്ഥാനങ്ങൾക്ക് 11,092 കോടി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത് 295 പേർക്കെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ 206 പേർ വിദേശത്ത് നിന്നെത്തിയ മലയാളികളും 7 വിദേശികളുമാണ്. രോഗികളുമായി സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 78 പേർക്കാണ്. നിസാമുദ്ദീനിൽ നിന്നെത്തിയവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് പേരും. ഇന്നലെ സ്ഥിരീകരിച്ച രണ്ട് കേസുകളും നിസാമുദ്ദീനിലെ പ്രാർത്ഥന ചടങ്ങിൽ പങ്കെടുത്തവരായിരുന്നു. ഗുജറാത്തിൽ നിന്നെത്തിയ ഒരാൾക്കും സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.