കോട്ടയം: ദമ്പതികൾ ചമഞ്ഞ് ക്വാറന്റൈൻ കേന്ദ്രത്തിലെത്തിയ യുവാവിനും യുവതിക്കും എട്ടിന്റെ പണി. ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിയ യുവാവും യുവതിയും നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തുകറങ്ങി നടന്നതാണ് പൊലീസ് കേസിലേക്ക് വഴിതെളിച്ചത്.

ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെയും യുവതിയെയും നാട്ടുകാർ തടഞ്ഞുവയ്‌ക്കുകയായിരുന്നു. ക്വാറന്റൈൻ ലംഘനത്തിൽ ഇവർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്‌തു. ഇതിനിടയിലാണ് യുവാവിന്റെ യഥാർഥ ഭാര്യ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയത്.

Read Also: മനശാസ്ത്രജ്ഞന്റെ സഹായം തേടുന്നതിൽ ലജ്ജിക്കേണ്ടതില്ല, ഞാനും ചെയ്തിട്ടുണ്ട്: രജിഷ വിജയൻ

ഇടുക്കി സ്വദേശിയായ യുവാവും പത്തനംതിട്ട സ്വദേശിയായ യുവതിക്കുമെതിരെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്. ക്വാറന്റൈൻ ലംഘനമാണ് കേസിനു കാരണം. കേസെടുത്ത ശേഷം ഇവരെ കോട്ടയത്തു തന്നെയുള്ള മറ്റൊരു ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് പൊലീസ് മാറ്റി. ഒരാഴ്‌ചയ്‌ക്കു മുൻപാണ് യുവാവും യുവതിയും വിദേശത്തു നിന്ന് എത്തിയത്. പിന്നീട് കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ ദമ്പതികൾ ചമഞ്ഞ് താമസവും ആരംഭിച്ചു.

നിരീക്ഷണത്തിൽ കഴിയവെയാണ് യുവാവും യുവതിയും ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നു പുറത്തിറങ്ങിയത്. യുവതിയുടെ അച്ഛനെ കാണാൻ പോയി എന്നാണ് പൊലീസ് പിടിച്ചശേഷം ഇരുവരും പറഞ്ഞത്. ഇതിനിടയിൽ ഇടുക്കിയിൽ നിന്ന് യുവാവിന്റെ യഥാർഥ ഭാര്യ സ്ഥലത്തെത്തി. കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയാൽ അവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.