തിരുവനന്തപുരം: കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് തിരുവനന്തപുരം ജില്ല. പോത്തൻകോട് കോവിഡ് ബാധിച്ചു മരിച്ച ആൾക്ക് എവിടെ നിന്നാണ് വൈറസ് ബാധിച്ചതെന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇയാൾ കല്യാണം ഉൾപ്പെടെ നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. അതിനാൽ തന്നെ അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്.

കോവിഡ് ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശിയുമായി അടുത്തിടപഴകിയ നാൽപതുപേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഇദ്ദേഹം പോയ കല്യാണം, സംസ്കാരം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുത്തവരുടെ സ്രവ സാംപിളുകളാണ് പരിശോധിക്കുന്നത്. അതേസമയം, പോത്തൻകോട് സാമൂഹ്യവ്യാപനമില്ലെന്നാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്.

Read Also: മുന്നറിയിപ്പ്: ഇന്ന് തൃശൂർ ജില്ലയിൽ ഉഷ്ണതരംഗത്തിന് സാധ്യത, മറ്റ് ജില്ലകളിലും ചൂട് വർധിക്കും

പോത്തൻകോട്ടെ കോവിഡ് ബാധിതൻ പോയ കല്യാണത്തിൽ പങ്കെടുത്തവരെ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വീട്ടിൽ നിരീക്ഷണത്തിലാക്കി. കോവിഡ് ബാധിതന്റെ കുടുംബാംഗങ്ങളുടെ പരിശോധന ഫലം നെഗറ്റീവ് ആയതിനാൽ ഇദ്ദേഹത്തിൽ നിന്ന് ആർക്കും രോഗം പിടിപെട്ടിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഇയാളുമായി അടുത്തിടപഴകിയവരുടെ സാംപിൾ ഫലങ്ങൾ ലഭിച്ചാൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചേക്കും.

അതേസമയം, ഇന്നലെ മാത്രം കേരളത്തിൽ 24 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 12 എണ്ണം. എറണാകുളം ജില്ലയിൽ മൂന്ന് പേർക്കും തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ രണ്ട് പേർക്ക് വീതവും പാലക്കാട് ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.