തിരുവനന്തപുരം: ഒരു ഇടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോൾ ആശങ്കയുടെ ദിനങ്ങളാണ് കടന്നുപോകുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മൂന്ന് പേർ മരിച്ചു. കോവിഡ്-19 ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന കണ്ണൂര്‍ ധര്‍മടം സ്വദേശിയായ ആസിയ (62) ഇന്നലെയാണ് മരിച്ചത്. കോവിഡ് ബാധിച്ചുളള കേരളത്തിലെ ആറാമത്തെ മരണമാണിത്. ഇവരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സംസ്‌കാരം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്തുണ്ടായ മൂന്നാമത്തെ മരണമാണിത്.

തിങ്കളാഴ്ച വയനാട് സ്വദേശിയായ കോവിഡ് ബാധിത സംസ്ഥാനത്ത് മരിച്ചിരുന്നു. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കാൻസർ രോഗബാധിതയായിരുന്ന സ്ത്രീയായിരുന്നു മരിച്ചത്. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഇവര്‍ ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അവിടെ വച്ച് കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Read Also: കാത്തിരുന്ന ആപ്പ് ഇന്ന് എത്തിയേക്കും; മദ്യവിതരണശാലകൾ നാളെ തുറക്കാൻ സാധ്യത

ഈമാസം 21ന് തൃശൂരിൽ എഴുപത്തിമൂന്നുകാരിയായ കോവിഡ് ബാധിതയും മരിച്ചിരുന്നു, മുംബൈയിൽ നിന്ന് തൃശൂരിലെത്തിയ എഴുപത്തിമൂന്നുകാരിയായിരുന്നു മരിച്ചത്. മുംബൈയിൽനിന്ന് റോഡ് മാർഗമാണ് ഇവർ നാട്ടിലെത്തിയത്. ചാവക്കാട്‌ താലൂക്ക്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ മാത്രം 49 പേര്‍ക്ക്‌ കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കേസുകൾ കാസര്‍ഗോഡ് ജില്ലയിലാണ് റിപ്പോർട്ട് ചെയ്തത്. 14 പേര്‍ക്ക്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 43 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. വിദേശത്ത് നിന്നും എത്തിയ 18 പേർക്ക് വൈറസ് ബാധ കണ്ടെത്തി.

Horoscope Today May 26, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇതോടെ 359 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 532 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99,278 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 98,486 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 792 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.