തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം അതിവേഗം വർധിക്കുമ്പോഴും ജാഗ്രതയില്ലാതെ ജനങ്ങൾ തെരുവിൽ. നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയും ആളുകൾ പുറത്തിറങ്ങുന്നത് വർധിച്ചു. കേരളത്തിൽ കഴിഞ്ഞ ഒരു ആഴ്‌ചയ്‌ക്കിടെ 207 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ പത്ത് ആരോഗ്യപ്രവർത്തകരുണ്ട്. രോഗബാധിതരിൽ ആറ് പേരുടെ രോഗഉറവിടം കണ്ടെത്താൻ സാധിക്കാത്തതും ആശങ്ക വർധിപ്പിക്കുന്നു.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം സംസ്ഥാനത്ത് 104 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത. മേയ് 8 ന് തുടങ്ങിയ മൂന്നാം ഘട്ടത്തിൽ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 128 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 124 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 39 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

റൂം ക്വാറന്റെെനിൽ വീഴ്‌ച

വീട്ടിൽ ക്വാറന്റെെനിൽ കഴിയുന്നവരുടെ ബന്ധുക്കൾ രോഗബാധിതരാകുന്നത് റൂം ക്വാറന്റെെൻ പാലിക്കുന്നതിൽ വീഴ്‌ച വരുന്നത് കാരണമാണ്. ക്വാറന്റെെൻ ലംഘനത്തിന് ഇന്നലെ മാത്രം 53 കേസുകളാണ് റജിസ്റ്റർ ചെയ്തത്. ക്വാറന്റെെനിൽ കഴിയുന്നവരുടെ വീടുകൾക്ക് സമീപം പ്രത്യേക സ്‌ക്വാഡുകൾ നിരീക്ഷണം നടത്തുന്നുണ്ട്. എറണാകുളം ജില്ലയിൽ മാത്രം ഇന്നലെ 300 ലേറെ പേർ ക്വാറന്റെെൻ ലംഘിച്ച് പുറത്തിറങ്ങിയതായാണ് കണക്കുകൾ.

Read Also: ഓൺലെെൻ മദ്യവിതരണം: ഒരിക്കൽ വാങ്ങിയാൽ പിന്നെ എത്രനാൾ കാത്തിരിക്കണം?

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 91,084 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 90,416 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂറ്റ്യൂഷണല്‍ ക്വാറന്റൈനിലും 668 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 52,771 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാംപിള്‍ ഉള്‍പ്പെടെ) സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 51,045 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 7672 സാംപിളുകള്‍ ശേഖരിച്ചതില്‍ 7147 സാംപിളുകള്‍ നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2026 സാംപിളുകളാണ് പരിശോധിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.