തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധിക്കുന്നതിന്റെ നിരക്ക് വർധിക്കുന്നു. ആരോഗ്യപ്രവർത്തകരിലെ രോഗബാധ ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നു. സംസ്ഥാനത്തിതുവരെ 46 ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശുപത്രികളിൽ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനം വാങ്ങിയ പിപിഇ കിറ്റുകളുടെ ഗുണനിലവാരം അടിയന്തരമായി പരിശോധിക്കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‌ധ സമിതി അഭിപ്രായപ്പെട്ടു. കോവിഡ് രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം കൂടിയതോടെയാണ് വിദഗ്‌ധ സമിതി മുഖ്യമന്ത്രിക്കു മുൻപിൽ ഇങ്ങനെയൊരു നിർദേശം മുന്നോട്ടുവച്ചത്. ആശുപത്രികളിലെ അണുബാധാനിയന്ത്രണ സംവിധാനം കാര്യക്ഷമമാക്കണമെന്നും നിര്‍ദേശമുണ്ട്.

Read Also: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 11458 പേര്‍ക്ക് കോവിഡ്, 386 മരണം

പിപിഇ കിറ്റുകളുടെ ഗുണനിലവാരക്കുറവാണ് ആരോഗ്യപ്രവർത്തകരുടെ രോഗബാധയ്‌ക്ക് കാരണമെന്നും ആക്ഷേപമുണ്ട്. എന്നാൽ, ഗുണനിലവാരമുള്ള കിറ്റുകളാണ് വാങ്ങിയതെന്ന് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വിശദീകരിക്കുന്നു. ശാസ്‌ത്രീയ പരിശോധനയിലൂടെ പിപിഇ കിറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്നാണ് ആരോഗ്യവിദഗ്‌ധരും ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിൽ ഇന്നലെമാത്രം 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ 7 പേര്‍ക്കും എറണാകുളം, പാലക്കാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കോട്ടയം, കണ്ണൂര്‍ (ഒരാള്‍ മരണമടഞ്ഞു) ജില്ലകളില്‍ 3 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂർ ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് ആരോഗ്യപ്രവർത്തകരുണ്ട്. താൽക്കാലിക ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഒപി സേവനങ്ങൾ നിർത്തിവച്ചു. അനവധിപേർ ആശ്രയിക്കുന്ന ഒരു ആശുപത്രിയാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.