തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം ഇന്നലെ രാത്രി ഒൻപതിനു രാജ്യത്ത് ഒൻപത് മിനിറ്റ് ‘ലൈറ്റ് ഓഫ്’ ചെയ്തുള്ള ക്യാംപയിനിൽ പങ്കെടുക്കാനുള്ള കാരണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
ലെെറ്റുകൾ ഓഫ് ചെയ്തു വിളക്ക് കത്തിക്കുന്നതു അശാസ്ത്രീയമാണെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വലിയ വിമർശനം ഉണ്ടായിരുന്നതായും ക്ലിഫ് ഹൗസിൽ ലെെറ്റ് ഓഫ് ചെയ്തതുമായി ബന്ധപ്പെട്ടും മാധ്യമപ്രവർത്തകൻ ചോദിക്കുകയായിരുന്നു. അത് അശാസ്ത്രീയമായ ഒരു കാര്യം തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. താൻ നേരത്തെ തന്നെ പറഞ്ഞതു പോലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി അവരുടെ ഹൃദയങ്ങളിൽ ആദ്യം പ്രകാശം പരത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ പ്രകാശം ഉടൻ വരുമെന്നാണ് വിശ്വസിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: അവൻ വല്ല പ്രണയത്തിലും പെട്ടോ; ശ്രേയസ് അയ്യരെ മനശാസ്ത്രജ്ഞനെ കാണിച്ചതിനെ കുറിച്ച് പിതാവ്
“എന്നാൽ, രാജ്യം ഒന്നിച്ചുനിന്നു ഒരു മഹാമാരിയെ നേരിടുമ്പോൾ പ്രധാനമന്ത്രി നൽകുന്ന ആഹ്വാനത്തിനു പ്രാമുഖ്യം കൊടുക്കുക പ്രധാനമാണ്. പ്രകാശം പരത്തുന്നതിനെ എതിർക്കേണ്ടതില്ല. പക്ഷേ, ജനങ്ങളുടെ ഹൃദയങ്ങളിലാണ് ആദ്യം പ്രകാശം എത്തേണ്ടത്.” മുഖ്യമന്ത്രി പറഞ്ഞു.
കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നാടിന്റെ ‘കൂട്ടായ ദൃഡനിശ്ചയം’ പ്രദര്‍ശിപ്പിക്കാനാണ് ഒൻപത് മിനിറ്റു നേരത്തേക്ക് ലൈറ്റുകൾ കെടുത്തി ദീപം തെളിയിക്കാന്‍ നരേന്ദ്ര മോദി നേരത്തെ ആഹ്വാനം ചെയ്തത്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടർന്നാണ് ഇന്നലെ രാത്രി രാജ്യമൊട്ടാകെ ഇതിൽ പങ്കുചേർന്നത്. എല്ലാ സംസ്ഥാനങ്ങളിലേയും ജനങ്ങൾ ഈ ഐക്യ ദീപത്തിൽ പങ്കാളികളായി. രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമെല്ലാം ദീപം തെളിയിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഐക്യദീപം തെളിക്കുമ്പോള്‍ ആരും വീടിന് പുറത്തിറങ്ങുകേയാ കൂട്ടംകൂടുകയോ ചെയ്യരുതെന്നും സാമൂഹിക അകലം പാലിക്കലിന്റെ ‘ലക്ഷ്മണരേഖ’ ആരും മറികടക്കരുതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. പകരം വീടിന്റെ വാതില്‍ക്കലോ ബാല്‍ക്കണിയിലോ ചെരാതുകള്‍, മെഴുകുതിരി, മൊബൈല്‍ ഫോണ്‍ വെളിച്ചം, ടോര്‍ച്ച് എന്നിവ തെളിച്ച് കൊറോണയുടെ അന്ധകാരത്തെ അകറ്റാനായിരുന്നു നിര്‍ദേശം.
Read Also: വ്യാജ വാർത്തകൾ വിശ്വസിക്കരുത്, പ്രചരിപ്പിക്കരുത്: നദിയ മൊയ്തു
അതേസമയം, കേരളത്തിൽ ഇന്ന് 13 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ രോഗവ്യാപനം ചെറുക്കാൻ ഒരുപരിധി വരെ സാധിച്ചെന്നും സംസ്ഥാനത്ത് നടപ്പിലാക്കിയ നിയന്ത്രണങ്ങളാണ് അതിനു കാരണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർഗോഡ് ജില്ലയിൽ ഇന്ന് ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ ആറ് പേർ വിദേശത്തു നിന്ന് എത്തിയവരാണ്.
മലപ്പുറം ജില്ലയിൽ രണ്ട് പേർക്കും കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തു നിന്ന് എത്തിയ ആൾക്കാണ് പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്തെയും കൊല്ലത്തെയും രോഗബാധിതർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച് വിദേശത്ത് 18 മലയാളികൾ മരിച്ചെന്നും അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.