തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് രോഗവ്യാപന തോത് കുറഞ്ഞത് ജനങ്ങൾ കൃത്യമായി നിയന്ത്രണങ്ങൾ പാലിച്ചതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. വീട്ടിൽ അടച്ചുപൂട്ടിയിരിക്കുക എന്നാൽ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും ജനങ്ങൾ അതിനോട് സഹകരിച്ചു. രോഗവ്യാപനതോത് കുറഞ്ഞതിന്റെ എല്ലാ ക്രെഡിറ്റും ജനങ്ങൾക്കുള്ളതാണെന്നും പിണറായി പറഞ്ഞു.
Read Also: Covid-19: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്, 19 പേർക്ക് രോഗമുക്തി
എന്നാൽ, രോഗവ്യാപനതോത് കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രത തുടരണം. നിയന്ത്രണങ്ങൾ പാലിക്കണം. മഹാവിപത്തിനെയാണ് നമ്മൾ നേരിടുന്നത്. ജാഗ്രതയിൽ തരിമ്പ് പോലും വിട്ടുവീഴ്ച അരുത്. അങ്ങനെവന്നാൽ അതു കൂടുതൽ ആപത്താകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിഷു ആയതിനാൽ നിയന്ത്രണങ്ങൾ ലംഘിക്കുന്ന സമീപനം അരുത്. വിഷു തലേന്ന് ആയതിനാൽ ഇന്ന് പൊതുനിരത്തുകളിൽ തിരക്ക് വർധിച്ചതായി ശ്രദ്ധയിൽപ്പെട്ടു. ഒരു തരത്തിലുള്ള അശ്രദ്ധയും അരുത്. വിഷുവിന്റെ പേരിലുള്ള കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള 19 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ രണ്ട് പേർക്കും പാലക്കാട് ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 378 പേർക്കാണ്. 178 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 1,12,183 പേരാണ്. ഇതിൽ 1,11,468 പേർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ആശുപത്രികളിൽ ഉള്ളത് 715 പേരാണ്. 86 പേരെ ഇന്ന് ആശുപത്രികളിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 15,683 പേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 14,829 പേർക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.