തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികളെ ഇപ്പോൾ നാട്ടിലേക്ക് അയക്കാൻ പറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പായിപ്പാട്ട് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടം ചേർന്നു പ്രതിഷേധിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതരസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായാണ് കേരളം കണക്കാക്കുന്നതെന്നും അവർക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കും. അവരുടെ കാര്യങ്ങൾ ഏകാേപിപ്പിക്കുന്നതിനായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിച്ചതായും പിണറായി ട്വീറ്റ് ചെയ്‌തു.

അതിഥി തൊഴിലാളികളെ ബോധവത്‌കരിക്കാൻ ബ്രോഷറുകളും വീഡിയോകളും കാണിക്കും. ഹിന്ദി, ബംഗാളി, ഒറിസ ഭാഷകളിലായിരിക്കും അവ തയ്യാറാക്കുക. കോവിഡുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ അവരെ കൃത്യമായി അറിയിക്കും. അവരുടെ സംശയങ്ങൾ ദുരീകരിക്കാൻ ഹിന്ദി ഭാഷ അറിയാവുന്ന ആരോഗ്യപ്രവർത്തകരെ വിന്യസിക്കുമെന്നും പിണറായി പറഞ്ഞു. അതിഥി തൊഴിലാളികൾക്ക് കൃത്യമായി ഭക്ഷണം എത്തിക്കുമെന്നും പിണറായി വ്യക്തമാക്കി. കേരളത്തിൽ 1,44,145 അതിഥി തൊഴിലാളികൾ 4,603 ക്യാംപുകളിലായി താമസിക്കുന്നുണ്ട്. അവർക്ക് ആവശ്യമായ മാസ്‌ക്, സോപ്പ്, സാനിറ്റെെസർ എന്നിവ ലഭ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പായിപ്പാട്ട് ഇതരസംസ്ഥാന തൊഴിലാളികൾ അവരുടെ നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച കാര്യം ശ്രദ്ധയിൽപ്പെട്ടെന്നും രാജ്യമൊട്ടാകെ സമ്പൂർണ അടച്ചുപൂട്ടലിൽ ആയതിനാൽ നാടുകളിലേക്ക് തിരിച്ചുപോകൽ ഇപ്പോൾ സാധ്യമല്ലെന്നും പിണറായി പറഞ്ഞു. ഇപ്പോൾ നാടുകളിലേക്ക് തിരിച്ചുപോകുന്നത് കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്നും പിണറായി ട്വീറ്റിൽ വ്യക്തമാക്കി.

Read Also: അതിർത്തികൾ അടയ്ക്കണം; അതിഥി തൊഴിലാളികളുടെ പാലയനം തടയാൻ സംസ്ഥാനങ്ങൾക്ക് കർശന നിർദേശവുമായി കേന്ദ്രം

അതേസമയം, ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളിലെ സൗകര്യങ്ങൾ വിലയിരുത്താൻ അടിയന്തര നടപടി സ്വീകരിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാർക്കാണ് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്. ഇതിനായി ജനമെെത്രി പൊലീസിന്റെ സേവനം വിനിയോഗിക്കാനും ഡിജിപി നിർദേശിച്ചു. എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളികളുടെ പ്രശ്‌നം പരിഹാരിക്കാൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്.സുനിൽകുമാർ ആലുവ എസ്‌പി ഓഫീസിലെത്തി ചർച്ച നടത്തും. അതിഥി തൊഴിലാളികൾക്കായി ഹെൽപ് ലെെൻ നമ്പർ നൽകിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കാത്ത അവസ്ഥയുണ്ടോ, അല്ലെങ്കില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളതായി സംശയിക്കുന്നുണ്ടോ, ഇത്തരം പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനായാണ് ഹെൽപ് ലെെൻ നമ്പർ. 0484 2421277, 0484 2422277 എന്നീ രണ്ടു നമ്പറുകളാണ് അതിഥി തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കായി ഹെല്‍പ് ലൈന്‍ നമ്പറായി പ്രവര്‍ത്തിക്കുക.

കോട്ടയം ജില്ലയിലെ പായിപ്പാട്ട് ലോക്ക്ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികൾ തെരുവിലിറങ്ങിയത് വലിയ പ്രതിസന്ധിക്ക് കാരണമായിരുന്നു. ഭക്ഷണമല്ല തങ്ങളുടെ പ്രശ്നമെന്നും നാട്ടിലേക്ക് പോകാൻ വാഹനമാണ് വേണ്ടതെന്നും ഇവർ പറഞ്ഞു. സംസ്ഥാനത്ത് അതീവ ജാഗ്രത പാലിച്ച് ലോക്ക് ഡൗൺ നിലനിൽക്കുമ്പോൾ അയ്യായിരത്തോളം ആളുകൾ നടുറോഡിൽ ഒത്തുകൂടി പ്രതിഷേധിച്ചത് ആശങ്ക സൃഷ്‌ടിച്ചു.

ഭക്ഷണമില്ലെന്ന് ആരോപിച്ചാണ് ഇവർ ആദ്യം പ്രതിഷേധമാരംഭിച്ചത്. എന്നാൽ ജില്ലാ ഭരണകൂടവും പഞ്ചായത്തും ഇവർക്ക് ഭക്ഷണം എത്തിച്ചു നൽകിയിരുന്നതായി അറിയിച്ചതോടെ തങ്ങൾക്ക് നാട്ടിൽ പോകാൻ വണ്ടി വേണമെന്നായി ഇവരുടെ ആവശ്യം. അതിഥി തൊഴിലാളികൾക്ക് അടുത്ത മാസം പകുതി വരെ ഭക്ഷണം നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിരുന്നെന്ന് ജില്ലാ കലക്‌ടർ പി.കെ.സുധീർ ബാബു പറയുന്നു.

Read Also: യുദ്ധമുഖത്തു നിന്ന് പടനയിക്കുന്നു; പിണറായിയെ വല്യേട്ടനോട് ഉപമിച്ച് ഷാജി കെെലാസ്

“പാകം ചെയ്ത ഭക്ഷണം വേണ്ടെന്ന് പറഞ്ഞതിനാൽ തൊഴിലാളികൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ച് നൽകിയിരുന്നു. നാട്ടിൽ പോകാൻ കഴിയുമെന്ന വിശ്വാസത്തിൽ ഇവർ പെട്ടെന്ന് സംഘടിക്കുകയായിരുന്നു. 3500 പേരുണ്ട്. ഇന്നലെ വരെ ഈ ആവശ്യം ഉന്നയിച്ചില്ല. മറ്റു സംസ്ഥാനങ്ങളിൽ ആളുകളെ വാഹനത്തിൽ കൊണ്ടു പോകുന്നത് ടിവിയിൽ കണ്ട് സംഘടിച്ചതാകാം. ഇതിന് പിന്നിൽ എന്തെങ്കിലും സമ്മർദമുണ്ടോ എന്ന് പരിശോധിക്കും,”-കലക്ടർ പറഞ്ഞു.

ജില്ലാ കലക്ടർ, എസ് പി ജി ജയദേവ് എന്നിവർ സ്ഥലത്തെത്തി ഇവരുമായി ചർച്ച നടത്തി. നിലവിലെ സാഹചര്യത്തിൽ വണ്ടിയിൽ തൊഴിലാളികളെ കൊണ്ടുപോകുന്നത് പ്രായോഗികമല്ലെന്നും താമസിക്കുന്ന ക്യാംപുകളിലേക്ക് മടങ്ങണമെന്നും കലക്ടർ ആവശ്യപ്പെട്ടു. വേണമെങ്കിൽ മറ്റൊരു താമസ സൗകര്യം ഇവർക്ക് ഒരുക്കാമെന്നും കലക്‌ടർ പറഞ്ഞു. ജില്ലാ അധികാരികൾ സംസാരിച്ചതിനു പിന്നാലെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.