തിരുവനന്തപുരം: കോവിഡ് ബാധയെ തുടർന്ന് സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സർക്കാർ നിർദേശമുനസരിച്ചുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ കേരളത്തിൽ പൊലീസ് അക്ഷീണം പ്രയത്‌നിക്കുന്നുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയ്‌ക്ക് മുൻതൂക്കം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

“നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ പൊലീസ് നന്നായി കഷ്‌ടപ്പെടുന്നുണ്ട്. പൊലീസിന്റെ പ്രവർത്തനം മതിപ്പുളവാക്കുന്നതാണ്. പൊലീസുകാർക്ക് വേണ്ട സഹായം ജനങ്ങളും ചെയ്‌തുകൊടുക്കണം. നല്ല ചൂടുള്ള സമയമാണ്. പൊലീസുകാർക്ക് നന്നായി വെള്ളം കിട്ടണം. റോഡിൽ നിയന്ത്രണങ്ങൾക്കായി നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് തൊട്ടടുത്തുള്ള വീട്ടുകാരും റസിഡൻസ് അസോസിയേഷനുകളും കുടിക്കാൻ വെള്ളം നൽകണം. വെള്ളം കുടിച്ചില്ലെങ്കിലുള്ള സ്ഥിതി അറിയാമല്ലോ?” മുഖ്യമന്ത്രി പറഞ്ഞു.

Read Also: കോവിഡ്-19: കാസർഗോഡ് ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 34 പേർക്ക്; സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കും

കോവിഡിനെ പ്രതിരോധിക്കാൻ ആരോഗ്യരംഗത്തു ജോലി ചെയ്യുന്നവരെ കുറിച്ചും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യപ്രവർത്തകരെ വാക്കു കൊണ്ടോ നോക്കു കൊണ്ടോ വേദനിപ്പിക്കുന്ന അവസ്ഥയുണ്ടാകരുതെന്നും നാട്ടിലെ ജനങ്ങൾക്കുവേണ്ടിയാണ് അവർ കഷ്‌ടപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരുവ് നായ്‌ക്കൾക്ക് ഭക്ഷണമെത്തിക്കാനുള്ള സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. “കടകളും മറ്റും അടച്ചതോടെ തെരുവുനായ്ക്കൾ ഭക്ഷണം കിട്ടാതെ അലയുന്ന അവസ്ഥയുണ്ട്. അവ അക്രമാസക്തമാവാൻ ഇടയുണ്ട്. ഇത് ശ്രദ്ധിക്കണം. തെരുവു നായകൾക്കുള്ള ഭക്ഷണം നൽകാനുള്ള സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം,” പിണറായി പറഞ്ഞു.

“ശാസ്താംകോട്ട, മലപ്പുറം മുന്നിയൂർ, പള്ളിക്കാട് തുടങ്ങിയ കാവുകളിൽ പൂജ നടക്കാത്തതിനാൽ ഭക്തജനങ്ങൾ എത്തുന്നില്ല. ഭക്തജനങ്ങൾ നൽകുന്ന ഭക്ഷണമാണ് കുരങ്ങന്മാർ കഴിച്ചിരുന്നത്. ഇപ്പോൾ അവർക്ക് ഭക്ഷണമില്ല. അതിന്റെ ഭാഗമായി അവ അക്രമാസക്തമാകുന്നു. ക്ഷേത്ര അധികാരികൾ കുരങ്ങന് ഭക്ഷണം നൽകാനുള്ള സംവിധാനം ഒരുക്കണം.” മുഖ്യമന്ത്രി പറഞ്ഞു.

Read Also: ഇടുക്കിയിലെ കോവിഡ് ബാധിതൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ചു; അമ്പരന്ന് മുഖ്യമന്ത്രി

അതേസമയം, സംസ്ഥാനത്ത് ഇന്നുമാത്രം 39 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 164 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ കാസർഗോഡ് ജില്ലയിലും കണ്ണൂർ ജില്ലയിൽ രണ്ട് പേരും തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഓരോ ആളുകൾക്ക് വീതവും സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ചില അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡുള്ള മെഡിക്കൽ കോളെജ് കെട്ടിടം പ്രവർത്തന ക്ഷമമാക്കാനുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.