തിരുവനന്തപുരം: ഇപ്പോൾ വിദേശത്തായിരിക്കുന്ന പ്രവാസികളോട് യാതൊരുവിധത്തിലും പേടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ നാട്ടിൽ എന്തു നടക്കുമെന്ന ഭീതി വേണ്ടെന്നും പ്രവാസികളുടെ കുടുംബങ്ങൾ നാട്ടിൽ സുരക്ഷിതരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികളോട് നല്ല രീതിയിൽ പെരുമാറണമെന്നും വിദേശത്ത് ഒരു പ്രതിസന്ധിയുണ്ടായപ്പോഴാണ് അവർ നാട്ടിലേക്ക് മടങ്ങിയെത്തിയതെന്ന കാര്യം ഓർമ വേണമെന്നും പിണറായി പറഞ്ഞു. വിദേശത്തു നിന്ന് എത്തിയവരെ മോശമായി ചിത്രീകരിക്കുന്ന പ്രവണതയുണ്ടാകരുതെന്നും പിണറായി പറഞ്ഞു. പ്രവാസികൾ കേരളത്തിലെ സമ്പദ്‌ഘടനയ്‌ക്ക് വലിയ സംഭാവനകൾ നൽകുന്നവരാണെന്നും പിണറായി പറഞ്ഞു.

നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികള്‍. അവര്‍ പോയ രാജ്യങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ നാട്ടിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിച്ചു. തിരിച്ച് വന്നപ്പോള്‍ പ്രതിരോധ നടപടികള്‍ എല്ലാവരും സ്വീകരിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കേസുകളാണ് ഇതിന് വിപരീതമായുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: പായിപ്പാട്ട് സംഭവം: നാടിനെ താറടിച്ചു കാണിക്കാനുള്ള കുബുദ്ധികളുടെ ശ്രമമെന്ന് പിണറായി

അതേസമയം, കേരളത്തിൽ ഇന്ന് 32 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഉന്നതതലയോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 17 പേർ വിദേശത്തു നിന്ന് എത്തിയവരാണ്. 15 പേർക്ക് രോഗബാധയുണ്ടായത് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ്.

കാസർഗോഡ് ജില്ലയിൽ 17 പേർക്കും കണ്ണൂർ ജില്ലയിൽ 11 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. വയനാട്, ഇടുക്കി ജില്ലകളിൽ രണ്ട് വീതം പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 1,57,253 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇതിൽ 1,56,660 പേർ വീടുകളിലും 623 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.