തിരുവനന്തപുരം: പായിപ്പാട്ട് ഇതര സംസ്ഥാന തൊഴിലാളികൾ സംഘം ചേർന്ന് പ്രതിഷേധിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡുമായി ബന്ധപ്പെട്ട് കേരളത്തിൽ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിനിടയിൽ നാടിനെ താറടിച്ചു കാണിക്കാനുള്ള കുബുദ്ധികളുടെ ശ്രമമാണ് പായിപ്പാട്ട് നടന്നത്. ഒന്നോ അതിലധികമോ ശക്തികൾ ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുള്ളതായാണ് പ്രാഥമിക നിഗമനം. പരിഭ്രാന്തി പരത്താൻ ശ്രമിച്ച അത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിഥി തൊഴിലാളികൾക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും ഓരോ ജില്ലയിലും കലക്‌ടർമാർക്ക് ചുമതല നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: നിങ്ങൾക്ക് വലിയൊരു ഹൃദയമുണ്ട്, ഒരു മാതൃകയാണ് നിങ്ങൾ; സുമലതയെ പ്രകീർത്തിച്ച് ഖുശ്ബു

അതേസമയം, കേരളത്തിൽ ഇന്ന് 32 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഉന്നതതലയോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 17 പേർ വിദേശത്തു നിന്ന് എത്തിയവരാണ്. 15 പേർക്ക് രോഗബാധയുണ്ടായത് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ്. കാസർഗോഡ് ജില്ലയിൽ 17 പേർക്കും കണ്ണൂർ ജില്ലയിൽ 11 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. വയനാട്, ഇടുക്കി ജില്ലകളിൽ രണ്ട് വീതം പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 1,57,253 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇതിൽ 1,56,660 പേർ വീടുകളിലും 623 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Read Also: കൊറോണ വെെറസിന്റെ ഉത്ഭവം വുഹാനോ? ചില പഠനങ്ങൾ

കൊറോണ വൈറസ് ബാധയുടെ സമൂഹ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആറു മുതൽ നിരോധനാജ്ഞ പ്രാബല്യത്തില്‍ വന്നു. പായിപ്പാട്ട് അതിഥി തൊഴിലാളികൾ  ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി കര്‍ശനപ്രതിഷേധിച്ചതിനു പിന്നാലെയാണ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഉചിതമായ നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊറോണ മുന്‍കരുതല്‍ നടപടികള്‍ക്ക് വിരുദ്ധമായി ജനങ്ങള്‍ നിയമവിരുദ്ധമായി കൂട്ടം കൂടുന്നതായി ജില്ലാ പോലീസ് മേധാവിയും കോട്ടയം, പാലാ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാരും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.