കൊച്ചി: കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കാൻ സ്വന്തം ജീവൻപോലും വിലവയ്ക്കാതെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് ഓശാന പാടണമെന്ന് സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി. കൊച്ചി സിറോ മലബാർ സഭ ആസ്ഥാനത്ത് നടക്കുന്ന ഓശാന ഞായർ കുർബാനയിലാണ് കർദിനാൾ ഇക്കാര്യം പറഞ്ഞത്. ആരോഗ്യപ്രവർത്തകർ, ഭരണാധികാരികൾ, മഹാമാരിക്കെതിരെ പോരാടുന്ന ലക്ഷോപലക്ഷം ആളുകൾ എന്നിവർക്കെല്ലാം ഓശാന പാടുകയാണ് വേണ്ടതെന്ന് കർദിനാൾ പറഞ്ഞു. നിരവധി മഹാമാരികളെ തരണം ചെയ്ത ലോകം കോവിഡ് എന്ന മഹാമാരിയേയും തരണം ചെയ്യുമെന്നും എല്ലാവരും ഒത്തൊരുമിച്ച് കോവിഡിനെതിരായ പോരാട്ടത്തിൽ അണിചേരണമെന്നും ഓശാന ഞായർ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
അതേസമയം, ക്രെെസ്തവ വിശ്വാസികൾ ഇന്ന് ഓശാന ഞായർ ആചരിക്കുകയാണ്. ഈസ്റ്ററിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ഞായര്‍. കേരളത്തില്‍ ‘കുരുത്തോല പെരുന്നാള്‍’ എന്നറിയപ്പെടുന്ന ഈ ദിനത്തോടെയാണ് ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്നത്. തുടർന്നുവരുന്ന പെസഹവ്യാഴം, ദു:ഖവെള്ളി, ദു:ഖശനി എന്നീ ദിവസങ്ങളിലെ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കുകൊണ്ട് ക്രൈസ്തവര്‍ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കും.
Read Also: സിറോ മലബാർ സഭ ആസ്ഥാനത്ത് നടക്കുന്ന ഓശാന ഞായർ തിരുക്കർമങ്ങൾ തത്സമയം
കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ഇറ്റലി അടക്കമുള്ള രാജ്യങ്ങൾ അടച്ചുപൂട്ടലിലാണ്. ക്രെെസ്തവ വിശ്വാസ പ്രകാരമുള്ള ചടങ്ങുകൾ പള്ളികളിൽ നടക്കുമെങ്കിലും ജനപങ്കാളിത്തം ഉണ്ടാകില്ല. അഞ്ചുപേരിൽ താഴെ മാത്രമേ ചടങ്ങുകളിൽ പാടുള്ളൂവെന്ന നിർദേശം പാലിക്കണമെന്നു സഭാ നേതൃത്വം ദേവാലയങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.
ദേവാലയങ്ങളിൽ കുരുത്തോല ആശീർവാദം നടന്നെങ്കിലും വിതരണം ഉണ്ടായില്ല. വിശുദ്ധ കുർബാനയുടെയും ഓശാന ചടങ്ങുകളുടെയും തത്സമയ സംപ്രേഷണം വിവിധ ചാനലുകളിൽ ഒരുക്കിയിട്ടുണ്ട്. വീടുകളിൽ ഇരുന്ന് തത്സമയം കുർബാനയിൽ പങ്കെടുക്കാനാണ് രൂപതാ അധ്യക്ഷൻമാർ നിർദേശം നൽകിയിരിക്കുന്നത്.
കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, സൈത്തിന് കൊമ്പ് വീശി, ‘ദാവീദിന് സുതന് ഓശാന’ എന്ന് വിളിച്ചുകൊണ്ടാണ് ജനക്കൂട്ടം എതിരേറ്റത്. യേശു വരുന്ന വഴിയില്‍ ഒലിവ് മരച്ചില്ലകളും, ഈന്തപ്പനയോലകളും വിരിച്ചിരുന്നു. ഈ സംഭവം പുതിയ നിയമത്തിലെ നാല് സുവിശേഷകരും ഒരുപോലെ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവപുത്രന്റെ രാജകീയ പ്രവേശനത്തിന് തിരഞ്ഞെടുത്തത്, പൊതുവെ പരിഹാസ പാത്രമായ കഴുതക്കുട്ടിയെയാണ്. ഇതിന്റെ ഓർമയാണ് ക്രെെസ്തവ വിശ്വാസികൾ ഓശാന ഞായറായി ആചരിക്കുന്നത്.