പാലക്കാട്: സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാളായ പാലക്കാട് സ്വദേശി നിരീക്ഷണത്തിലിരിക്കാതെ അലംഭാവം കാണിച്ചതായി ആരോപണം. ഇയാൾ പലയിടത്തും സഞ്ചരിച്ചതായും പറയുന്നു. നിർദേശങ്ങൾ മറികടന്നു യാത്ര ചെയ്‌ത ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ടവരെ നിരീക്ഷിക്കും.

വിദേശത്തു നിന്ന് എത്തിയ ഇയാൾക്ക് നിർബന്ധിത ക്വാറന്റെൻ നിർദേശിച്ചിരുന്നു. എന്നാൽ, ഇയാൾ നിയന്ത്രണങ്ങൾ ലംഘിക്കുകയായിരുന്നു. മണ്ണാര്‍ക്കാട് സ്വദേശിയായ രോഗി ദുബായില്‍ നിന്നെത്തിയത് മാര്‍ച്ച് 13ന‌ാണ്. മാർച്ച് 21 നാണ് നിരീക്ഷണത്തിലാകുന്നത്. ഇന്നലെയൊണ് രോഗം സ്ഥിരീകരിച്ചത്. ഇതിനിടയിൽ ഇയാൾ പലയിടത്തും സഞ്ചരിച്ചു. ഇയാളുടെ മകൻ അടക്കം ഏഴ് പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്കരമാണെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു.

Read Also: പ്ലേഗും വസൂരിയും നേരിട്ട നമ്മൾ കൊറോണയേയും തോൽപ്പിക്കും; പ്രത്യാശ പകർന്ന് ആശാ ഭോസ്‌ലെ

51 കാരനായ ഇയാൾ ഉംറയ്ക്കു ശേഷമാണ് നാട്ടിലെത്തിയത്. സൗദിയിൽ നിന്നും ദുബായി വഴിയാണ് നാട്ടിലെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഇയാൾ നിലവിലെ അവസ്ഥ അനുസരിച്ച് ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടിയിരുന്നു. എന്നാൽ, ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന നിർദേശങ്ങൾ അവഗണിച്ച് ഇയാൾ പുറത്തിറങ്ങി നടന്നതായി പ്രദേശവാസികൾ അടക്കം പറയുന്നു.

ബാങ്കിലും പരിസരങ്ങളിലെ കടകളിലും ഇയാൾ പോയി. രണ്ട് ജുമാനമസ്‌കാരത്തില്‍ പങ്കെടുക്കുകയും രണ്ട് ആശുപത്രികളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ഇയാളുടെ മകന്‍ കെഎസ്ആർടിസി കണ്ടക്‌ടറാണ്. ഇയാള്‍ക്ക് ഇതുവരെ രോഗമുള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മാര്‍ച്ച് 17ന് ഇദ്ദേഹം മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്കും മാര്‍ച്ച് 18ന് പാലക്കാട്-തിരുവനന്തപുരം റൂട്ടിലും ഡ്യൂട്ടിയെടുത്തു. ഈ ബസ്സില്‍ യാത്ര ചെയ്‌തവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. വിദേശത്തു നിന്ന് എത്തിയവർ 14 ദിവസം നിർബന്ധമായും നിരീക്ഷണത്തിൽ കഴിയേണ്ടതാണ്.

Read Also: ‘പേടിക്കണ്ടാ മോളേ, പരിഹാരമുണ്ടാക്കാം’; അർധരാത്രിയിലെ ഫോണിന് മുഖ്യമന്ത്രിയുടെ മറുപടി

അതേസമയം, രാജ്യം മുഴുവൻ കോവിഡ് ഭീതിയിൽ നിൽക്കുമ്പോൾ കേരളത്തിനു ആശ്വാസ ദിനമായിരുന്നു ഇന്നലെ. ഒൻപത് പേർക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 23 ന് സംസ്ഥാനത്ത് 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, രണ്ട് ദിവസങ്ങൾക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചത് ഒൻപതിലേക്ക് ചുരുങ്ങിയത് ആശ്വാസ വാർത്തയാണ്. സംസ്ഥാനത്ത് നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങളാണ് രോഗബാധിരുടെ എണ്ണം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്.

സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 112 ആണ് ഇപ്പോൾ. നേരത്തെ ചികിത്സയിലായിരുന്ന രണ്ട് പേർ രോഗവിമുക്തരായി വീടുകളിലേക്ക് മടങ്ങി. രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം ഇതോടെ ആറായി. തൃശൂർ, തിരുവനന്തപുരം സ്വദേശികളാണ് വീടുകളിലേക്ക് മടങ്ങിയത്. മാത്രമല്ല, ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ള ആറ് പേരുടെ പരിശോധനാഫലങ്ങൾ നെഗറ്റീവ് ആണെന്നതും സംസ്ഥാനത്തിന് ആശ്വാസം പകരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.