തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് സർക്കാർ. സമ്പൂർണ ലോക്ക്ഡൗണ്‍ എന്ന നടപടി അപ്രായോഗികമാണെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയത്. രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. ധന ബിൽ പാസാക്കാൻ സമയം നീട്ടാനുള്ള ഓർഡിനൻസ് ഇറക്കാനും മന്ത്രിസഭ തീരുമാനിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ദിവസ വേതനക്കാര്‍ ഉള്‍പ്പെടെ നിരവധി ജനങ്ങള്‍ ബുദ്ധിമുട്ടിലാകുമെന്ന വിദഗ്ധ സമിതിയുടെ നിര്‍ദേശം പരിഗണിച്ചാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. കണ്ടെയിന്‍മെന്റ് സോണുകളില്‍ പോലീസ് സാന്നിധ്യം കൂടുതല്‍ ശക്തമാക്കും. കടകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അതാതു ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാമെന്നും മന്ത്രിസഭാ യോഗം നിര്‍ദേശിച്ചു.

Read More: വയനാട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 7 പേര്‍ക്ക് കോവിഡ് 19

നിയമസഭാ സമ്മേളനം മാറ്റി വച്ചിരിക്കുന്നതിനാല്‍ ധന ബില്ല് പാസാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യത്തില്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.

രാവിലെ പത്തിന് വീഡിയോ കോൺഫറൻസിലൂടെയാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭ യോഗം ഓൺലൈനായി ചേർന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് ഓൺലൈനിൽ മന്ത്രിസഭാ യോഗം ചേര്‍ന്നത്. മന്ത്രിമാർക്ക് വീട്ടിലും ഓഫീസിലുമിരുന്നാണ് യോഗത്തിൽ പങ്കെടുത്തത്.

സംസ്ഥാനത്ത് ഇന്നലെ 927 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 689 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 67 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.