തിരുവനന്തപുരം: വയനാട് ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 മാസം പ്രായമുള്ള കുഞ്ഞിനാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് കുട്ടിക്ക് രോഗം ബാധിച്ചത്. കഴിഞ്ഞ ആഴ്‌ച കോവിഡ് സ്ഥിരീകരിച്ച വയനാട് സ്വദേശിയായ കോയമ്പേട് ലോറി ഡ്രെെവറുടെ പേരക്കുട്ടിക്കാണ് ഇന്ന് കോവിഡ് ബാധിച്ചത്. ഇതോടെ വയനാട് ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 11 ആയി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോയമ്പേട് മാർക്കറ്റ് കൂടുതൽ ഭീതി സൃഷ്‌ടിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയിലുള്ള 4 പേര്‍ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈത്തില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ വന്നവരാണ്.

Read Also: ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; കേരളത്തിലേക്കുള്ള സർവീസുകൾ എപ്പോൾ?

അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 27 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇന്നലെ വരെ 1307 പേരാണ് അടുത്തിടെ വിദേശത്ത് നിന്നും വന്നത്. ഇതില്‍ 650 പേര്‍ വീട്ടിലും 641 പേര്‍ കോവിഡ് കെയര്‍ സെന്ററിലും 16 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതില്‍ 229 പേര്‍ ഗര്‍ഭിണികളാണ്.

സംസ്ഥാനത്ത് പുതിയ ഹോട്ട്‌സ്‌പോട്ട്

സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട്‌സ്‌പോട്ട് കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ നെന്മേനിയെയാണ് ഹോട്ട്സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ആകെ 34 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.