തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള 19 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ രണ്ട് പേർക്കും പാലക്കാട് ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 378 പേർക്കാണ്. 178 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 1,12,183 പേരാണ്. ഇതിൽ 1,11,468 പേർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ആശുപത്രികളിൽ ഉള്ളത് 715 പേരാണ്. 86 പേരെ ഇന്ന് ആശുപത്രികളിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 15,683 പേരുടെ സാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചു. ഇതിൽ 14,829 പേർക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജാഗ്രത തുടരണം

രോഗവ്യാപനതോത് കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളിൽ വിട്ടുവീഴ്‌ച വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രത തുടരണം. നിയന്ത്രണങ്ങൾ പാലിക്കണം. മഹാവിപത്തിനെയാണ് നമ്മൾ നേരിടുന്നത്. ജാഗ്രതയിൽ തരിമ്പ് പോലും വിട്ടുവീഴ്‌ച അരുത്. അങ്ങനെവന്നാൽ അതു കൂടുതൽ ആപത്താകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: പ്രണയത്തിനു പ്രായമില്ല; നെയ്‌മറിന്റെ അമ്മയുടെ പുതിയ ജീവിതപങ്കാളി ഇരുപത്തിരണ്ടുകാരൻ

പ്രവാസികളുടെ കാര്യത്തിൽ ആശങ്ക

വിദേശത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികളുടെ കാര്യങ്ങൾ നോക്കാൻ സർക്കാർ സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഷുവിന്റെ പേരിൽ കൂടിച്ചേരൽ അരുത്

വിഷു ആയതിനാൽ നിയന്ത്രണങ്ങൾ ലംഘിക്കുന്ന സമീപനം അരുത്. വിഷു തലേന്ന് ആയതിനാൽ ഇന്ന് പൊതുനിരത്തുകളിൽ തിരക്ക് വർധിച്ചതായി ശ്രദ്ധയിൽപ്പെട്ടു. ഒരു തരത്തിലുള്ള അശ്രദ്ധയും അരുത്. വിഷുവിന്റെ പേരിലുള്ള കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ തീരുമാനത്തിനായി കാത്തിരിക്കുന്നു 

ലോക്ക്‌ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സ്വീകരിക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.