കോഴിക്കോട്: അമേരിക്കയിൽ നിന്നെത്തിയ മകൻ കോവിഡ് നിരീക്ഷണത്തിലിരിക്കെ, മകളുടെ വിവാഹം ആഘോഷമായി നടത്തിയ മുസ്ലീം ലീഗ് വനിതാ നേതാവ് അഡ്വക്കേറ്റ് നൂർബീന റഷീദിനെതിരെ പരാതി. കൊറോണ നിരീക്ഷണത്തിലിരിക്കുന്ന മകനുൾപ്പടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു എന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പാണ് പരാതി നൽകിയിരിക്കുന്നത്.

മകൻ അമേരിക്കയിൽ നിന്നും വന്നത് ഈ മാസം 14ാം തിയതിയാണ് നാട്ടിലെത്തിയത്. 21ാം തിയതിയായിരുന്നു വിവാഹം. വീട്ടിൽ വച്ച് നടത്തിയ വിവാഹത്തിൽ 50ൽ അധികം പേർ പങ്കെടുത്തിയിരുന്നു. അന്വേഷണം നടത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ആണ് നിയമ നടപടി ആവശ്യപ്പെട്ട് പൊലീസിന് റിപ്പോർട്ട് നൽകിയത്. നൂർബീന റഷീദിനും മകനുമെതിരെ ചേവായൂർ പോലീസ് കേസെടുത്തു.

Read More: പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് എങ്ങനെ സംഭാവന നൽകാം

കൊറോണയുമായി ബന്ധപ്പെട്ട മുൻകരുതലുകൾ എന്ന നിലയിൽ 50ൽ അധികം ആളുകൾ വിവാഹത്തിൽ പങ്കെടുക്കരുതെന്നായിരുന്നു നിർദേശം. എന്നാൽ ഇത് ലംഘിച്ച് നിരവധി ആളുകളാണ് വിവാഹചടങ്ങിലും സൽക്കാരത്തിലും പങ്കെടുത്തത്. സുഗതകുമാരി ചെയർപേഴ്സൺ ആയിരുന്ന കേരളത്തിലെ ആദ്യ വനിതാ കമ്മീഷൻ അംഗം കൂടിയായിരുന്നു അഡ്വക്കേറ്റ് നൂർബീന ബഷീർ.

ഓസ്ട്രേലിയയിൽ നിന്നു നാട്ടിലെത്തിയ, സിപിഎം നേതാവും മുൻ എംപിയും കോഴിക്കോട് മുൻ മേയറുമായ എ.കെ.പ്രേമജത്തിൻ്റെ മകൻ ഹോം ക്വാറൻ്റീൻ ലംഘിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസ്പെക്ടർമാരോട് തട്ടിക്കയറിയതിനെതിരെ മെഡിക്കൽ കോളെജ് പൊലീസ് നേരത്തേ പ്രേമജത്തിനെതിരെ കേസ്സെടുത്തിരുന്നു.

മേയറുടെ മകനും കുടുംബവും ഓസ്ട്രേലിയയിൽ നിന്നാണ് നാട്ടിലെത്തിയത്. ഇവരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. ഓസ്ട്രേലിയ ഉൾപ്പടെ 16 രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തുന്നവർക്ക് 28 ദിവസമാണ് ക്വാറന്റൈൻ കാലാവധി. എന്നാൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ യുവാവ് പുറത്ത് പോയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് തങ്ങളെ പ്രേമജം ചീത്ത വിളിച്ചതെന്നായിരുന്നു പരാതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.