തിരുവനന്തപുരം: റോഡുകളിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ സംസ്ഥാനം. വിഷയത്തിന്റെ ഗൗരവം മനസിലാക്കാതെ പലരും പെരുമാറുന്നതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നത്.
റോഡുകളിൽ പരിശോധന ശക്തമാക്കും. അത്യാവശ്യക്കാരെയല്ലാതെ ആരേയും യാത്ര ചെയ്യാൻ അനുവദിക്കില്ല. സത്യവാങ്‌മൂലം ഉപയോഗിച്ച് അനാവശ്യ യാത്രകൾ ചെയ്യുന്നവരെ പൊലീസ് തടയും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കും.
Read Also: കോവിഡ്-19: അമേരിക്കയിൽ വെെറസ് ബാധിച്ച് ഒരു മലയാളി മരിച്ചു
റോഡുകളിൽ തിരക്ക് കൂടുന്നത് അത്ര നല്ല സൂചനയല്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. വരാനിരിക്കുന്ന അപകടത്തിന്റെ രൂക്ഷത എല്ലാവരും തിരിച്ചറിയണം. ചെറിയ പാളിച്ചപോലും വലിയ വീഴ്ചയായി മാറിയേക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഇന്നലെ മാത്രം ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർഗോഡും തിരുവനന്തപുരത്തും രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരിലും കൊല്ലത്തും, തൃശ്ശൂരിലും ഓരോ ആൾക്ക് വീതം രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ച് ചികിത്സയലിുള്ളവരുടെ എണ്ണം 215 ആയി.
Read Also: കോവിഡ്-19: ഏപ്രിൽ ഒന്നിന് ഫൂളാക്കൽ വേണ്ട, മുന്നറിയിപ്പുമായി മുഖ്യമന്ത്രി
പത്തനംതിട്ട കണ്ണൂർ ജില്ലകളിൽ രണ്ട് പേരുടെ വീതം പരിശോധനാ ഫലം നെഗറ്റീവായി. 7485 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 6381 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പായി. ലാബുകളിൽ കൂടുതൽ സാമ്പിളുകൾ എടുക്കുന്നു. ടെസ്റ്റിങ്ങിൽ നല്ല പുരോഗതിയുണ്ട്. കൂടുതൽ സാമ്പിളുകൾ ടെസ്റ്റ് ചെയ്ത് റിസൾട്ട് വാങ്ങാനാവുമെന്ന് മുഖ്യമന്ത്രി കൊറോണ അവലോകനത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1,63,129 ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,62,471 പേര്‍ വീടുകളിലും 658 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.