തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കൊപ്പം സമയം ചെലവഴിച്ച് നടൻ മോഹൻലാൽ. ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിശ്ചിത ദിവസം സേവനമനുഷ്‌ഠിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റിതര ആരോഗ്യജീവനക്കാർ എന്നിവരുമായാണ് മോഹൻലാൽ വീഡിയോ കോൺഫറൻസ് വഴി സംവദിച്ചത്. ഇവരെല്ലാം വീടുകളിൽ നിർബന്ധിത നിരീക്ഷണത്തിൽ കഴിയുകയാണ്. അവർക്ക് മാനസിക പിന്തുണ നൽകുന്നതിനുവേണ്ടിയാണ് മോഹൻലാൽ രംഗത്തെത്തിയതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിശ്ചിത ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റിതര ജീവനക്കാര്‍ തുടങ്ങി എല്ലാവരേയും രോഗം പകരാതിരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ താമസിപ്പിക്കേണ്ടതുണ്ട്. ഇത്തരക്കാര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടി മോഹന്‍ലാലും വീഡിയോ കോണ്‍ഫറന്‍സ് വഴി ഒത്തുകൂടി. എല്ലാ ജില്ലകളിലുമുള്ള കോവിഡ് ആശുപത്രികളിലെ പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ള 250 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ അതത് ആശുപത്രികളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

Read Also: കോവിഡ്-19: ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി

എല്ലാ ആശുപത്രികളിലേയും എല്ലാ വിഭാഗം ജിവനക്കാരും മോഹന്‍ലാലിനോട് നേരിട്ട് സംവദിച്ചു. പലരും തങ്ങള്‍ മോഹന്‍ലാലിന്റെ കട്ട ഫാൻ ആണെന്നും വെളിപ്പെടുത്തി. ഇതിനിടെ ഒരു പരിചയം പുതുക്കലുമുണ്ടായി. മോഹന്‍ലാലിനോടൊപ്പം മോഡല്‍ സ്‌കൂളില്‍ പഠിച്ചയാളാണ് താനെന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.റോയി പറഞ്ഞപ്പോള്‍ മോഹന്‍ലാലിനും അത്ഭുതമായി. കലാകാരനായ എറണാകുളം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായ ഡോ.തോമസ് മാത്യുവിനെ പ്രത്യേകം പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെ എല്ലാ ഔപചാരിതകളും മാറ്റിവച്ച് കളിയും കാര്യവുമായി മോഹന്‍ലാല്‍ ഒരു മണിക്കൂറോളം ചെലവഴിച്ചു.

അതേസമയം, കോവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ മോഹൻലാൽ 50 ലക്ഷം രൂപ നൽകിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന എല്ലാ നിയന്ത്രണങ്ങളേയും മോഹൻലാൽ അഭിനന്ദിച്ചു. കോവിഡ് പ്രതിരോധത്തിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയുടെ നേതൃശേഷി ചരിത്രത്തിന്റെ ഭാഗമാകുമെന്നും മോഹൻലാൽ പറഞ്ഞു. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മോഹൻലാൽ നേരത്തെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ പ്രളയസമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook