Latest News

കേരളത്തിൽ ഏറ്റവും നന്നായി പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്; പുകഴ്‌ത്തി മോഹൻലാൽ

ഇനിയുള്ള 14 ദിവസം ഏറെ പ്രധാനപ്പെട്ടതാണെന്നും ഇന്ത്യയിലും കേരളത്തിലും അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം മികച്ച മാതൃകയാണെന്ന് നടൻ മോഹൻലാൽ. കോവിഡ് വെെറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ ബിഗ് ബോസ് മലയാളം 2 ഷോ അവസാനിപ്പിക്കുന്ന വിവരം മത്സരാർത്ഥികളെ അറിയിക്കാനെത്തിയതാണ് മോഹൻലാൽ. സിനിമ ഷൂട്ടിങ്ങുകൾ അടക്കം നിർത്തിവയ്‌ക്കുകയാണെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബിഗ് ബോസ് ഷോയും തൽക്കാലത്തേക്ക് അവസാനിപ്പിക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു. ഇനിയുള്ള 14 ദിവസം ഏറെ പ്രധാനപ്പെട്ടതാണെന്നും ഇന്ത്യയിലും കേരളത്തിലും അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു.

“പ്രതിരോധ പ്രവർത്തനങ്ങൾ കേരളത്തിലാണ് ഏറ്റവും നന്നായി ചെയ്യുന്നത്. ബ്രേക് ദ ചെയിൻ അടക്കമുള്ള ക്യാംപയിനുകൾ കേരളത്തിൽ നടക്കുന്നുണ്ട്. കൂട്ടം കൂടാൻ പാടില്ല, പൊതു പരിപാടികൾ നടത്താൻ പാടില്ല, ആരാധനാലയങ്ങൾ അടയ്‌ക്കണം തുടങ്ങിയ നിർദേശങ്ങൾ സർക്കാർ നൽകിയിട്ടുണ്ട്. അതനുസരിച്ച് സിനിമ ഷൂട്ടിങ്, ഡബിങ് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും നിർത്തിവച്ചു. സിനിമാ തിയറ്ററുകൾ അടച്ചു. എന്റെ അടുത്ത സിനിമ എന്നാണ് തിയറ്ററിലെത്തുക എന്നു പോലും അറിയാത്ത സാഹചര്യമാണ്. അതോടൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ട്. അതിനെയെല്ലാം കേരളത്തിലെ ആരോഗ്യവകുപ്പ് നന്നായി കെെകാര്യം ചെയ്യുന്നുണ്ട്. അത്തരക്കാർക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്” മോഹൻലാൽ പറഞ്ഞു.

Read Also: കോവിഡ്-19: യുവാക്കൾ സുരക്ഷിതരോ? അല്ലെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് ബാധ മൂലം ഇന്ത്യയൊന്നാകെ മാസങ്ങളായി നേരിടുന്ന പ്രശ്നങ്ങളും ഷോ നിർത്തിവയ്‌ക്കാനുള്ള തീരുമാനവും മോഹൻലാൽ മത്സരാർത്ഥികളെ അറിയിച്ചു. ഷാേയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നിർമാതാക്കളായ എൻഡമോൾ ഷൈനും ഏഷ്യാനെറ്റും മത്സരാർത്ഥികളെ അറിയിക്കുമെന്നും മോഹൻലാൽ പറഞ്ഞു.

എന്നെ സംബന്ധിച്ച് പത്തുപേരും ജയിച്ച ആളുകളാണ് എന്നു പറഞ്ഞ മോഹൻലാൽ ഓരോരുത്തർക്കായി ട്രോഫി വിതരണം ചെയ്തു. മത്സരാർത്ഥികൾക്കൊപ്പം ചേർന്ന് മോഹൻലാൽ കേക്ക് കുറിച്ചു. സന്തോഷവും സങ്കടവും ചേർന്നൊരു മുഹൂർത്തമാണ് ഇത്, നിങ്ങൾക്കായി ബിഗ് ബോസ് പ്രവർത്തകർ ഡിന്നർ ഒരുക്കിയിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു. മത്സരാർത്ഥികൾക്കൊപ്പം സെൽഫിയെടുത്താണ് താരം മടങ്ങിയത്.

Read Also: ‘കഴുമരത്തിലേക്ക് കൊണ്ടുപോകുന്നതിനു മുൻപായി നിലത്ത് കിടന്നു കരഞ്ഞു, മാപ്പപേക്ഷിച്ചു’

വ്യാഴാഴ്ചയാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ ബിഗ് ബോസ് റിയാലിറ്റി ഷോ നിർത്തുന്ന കാര്യം ഏഷ്യാനെറ്റ് ചാനൽ ഔദ്യോഗികമായി സ്ഥിതീകരിച്ചത്. “കോവിഡ്-19 യെന്ന മഹാവ്യാധിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഉത്തരവാദിത്വബോധമുള്ള ചാനലെന്ന നിലയിൽ ബിഗ് ബോസ് കുടുംബാംഗങ്ങളുടെയും ഈ ഷോയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഈ അടിയന്തിര സാഹചര്യത്തിൽ ബിഗ് ബോസ് ഷോയുടെ ചിത്രീകരണം തുടരാൻ നിർഭാഗ്യവശാൽ കഴിയില്ല. മാർച്ച് 21 ശനിയാഴ്ച മുതൽ തല്‍ക്കാലത്തേക്ക് ബിഗ് ബോസ് 2 ന്റെ സംപ്രേഷണം നിർത്തിവയ്ക്കുകയാണ്,” ഏഷ്യാനെറ്റ് വിശദീകരണ കുറിപ്പിൽ പറയുന്നു.

bigg boss last episode selfie

നേരത്തെ കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെ കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈനും പ്രഖ്യാപിച്ചു. സർക്കാരിന്റെ ജാഗ്രതാനിർദേശങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഷോ നിർത്തി വെയ്ക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 mohanlal praises kerala health ministry

Next Story
കോവിഡ്-19: പത്തനംതിട്ടയിൽ നാല് പേർ ഐസോലേഷനിൽ, കണ്ണൂരിൽ 20 പേർ നിരീക്ഷണത്തിൽcorona virus, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com