ചങ്ങനാശേരി: കോട്ടയം ജില്ലയിലെ പായിപ്പാട്ട് ലോക്ക്ഡൗണ് ലംഘിച്ച് അതിഥി തൊഴിലാളികൾ. ഭക്ഷണമല്ല തങ്ങളുടെ പ്രശ്നമെന്നും നാട്ടിലേക്ക് പോകാൻ വാഹനമാണ് വേണ്ടതെന്നുമാണ് ഇവർ പറയുന്നത്. സംസ്ഥാനത്ത് അതീവ ജാഗ്രത പാലിച്ച് ലോക്ക് ഡൗൺ നിലനിൽക്കുമ്പോൾ ആയ്യായിരത്തോളം ആളുകൾ നടുറോഡിൽ ഒത്തുകൂടി പ്രതിഷേധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യമാണ്.
ചങ്ങനാശേരി പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികൾ റോഡിൽ ഇറങ്ങി പ്രതിഷേധിച്ചപ്പോൾ #Covid19 #Kerala pic.twitter.com/mIufZRXWtS
— IE Malayalam (@IeMalayalam) March 29, 2020
ഭക്ഷണമില്ലെന്ന് ആരോപിച്ചാണ് ഇവർ ആദ്യം പ്രതിഷേധമാരംഭിച്ചത്. എന്നാൽ ജില്ലാ ഭരണകൂടവും പഞ്ചായത്തും ഇവർക്ക് ഭക്ഷണം എത്തിച്ചു നൽകിയിരുന്നതായി അറിയിച്ചതോടെ തങ്ങൾക്ക് നാട്ടിൽ പോകാൻ വണ്ടി വേണമെന്നായി ഇവരുടെ ആവശ്യം. അതിഥി തൊഴിലാളികൾക്ക് അടുത്ത മാസം പകുതി വരെ ഭക്ഷണം നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിരുന്നെന്ന് ജില്ലാ കളക്ടർ പികെ സുധീർ ബാബു പറയുന്നു.
“പാകം ചെയ്ത ഭക്ഷണം വേണ്ടെന്ന് പറഞ്ഞതിനാൽ തൊഴിലാളികൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ച് നൽകിയിരുന്നു. നാട്ടിൽ പോകാൻ കഴിയുമെന്ന വിശ്വാസത്തിൽ ഇവർ പെട്ടെന്ന് സംഘടിക്കുകയായിരുന്നു. 3500 പേരുണ്ട്. ഇന്നലെ വരെ ഈ ആവശ്യം ഉന്നയിച്ചില്ല. മറ്റു സംസ്ഥാനങ്ങളിൽ ആളുകളെ വാഹനത്തിൽ കൊണ്ടു പോകുന്നത് ടിവിയിൽ കണ്ട് സംഘടിച്ചതാകാം. ഇതിന് പിന്നിൽ എന്തെങ്കിലും സമ്മർദമുണ്ടോ എന്ന് പരിശോധിക്കും,”-കലക്ടർ പറഞ്ഞു.
ജില്ലാ കലക്ടർ, എസ് പി ജി ജയദേവ് എന്നിവർ സ്ഥലത്തെത്തി ഇവരുമായി ചർച്ച നടത്തി. നിലവിലെ സാഹചര്യത്തിൽ വണ്ടിയിൽ തൊഴിലാളികളെ കൊണ്ടുപോകുന്നത് പ്രായോഗികമല്ലെന്നും താമസിക്കുന്ന ക്യാമ്പുകളിലേക്ക് മടങ്ങണമെന്നും കലക്ടർ ആവശ്യപ്പെട്ടു. വേണമെങ്കിൽ മറ്റൊരു താമസ സൗകര്യം ഇവർക്ക് ഒരുക്കാമെന്നും ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങിയില്ല