തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വളരെ മികച്ചതാണെന്ന് ലോക മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ കരുതലിനെ കുറിച്ചുള്ള ഒരു പെൺകുട്ടിയുടെ വാക്കുകൾ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ‘സർക്കാർ ഒപ്പമല്ല, മുന്നിലുണ്ട്’ എന്നു മുഖ്യമന്ത്രി പറഞ്ഞതിന്റെ പൊരുൾ വ്യക്‌തമാക്കുന്നതാണ് തനിക്കുണ്ടായ അനുഭവമെന്ന് കോഴിക്കോട് സ്വദേശിയായ ആതിര ഷാജി പറയുന്നു. അർധരാത്രിയിൽ പെരുവഴിയിലാവുമെന്ന ആശങ്കയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചെന്നും അദ്ദേഹം തങ്ങൾക്ക് സഹായമേകിയെന്നും ആതിര ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ഹെെദരബാദിലെ ഒരു പ്രെെവറ്റ് കമ്പനിയിലാണ് ആതിര ജോലി ചെയ്യുന്നത്. കോവിഡ് ഭീതിയെ തുടർന്ന് ആതിരയടക്കമുള്ള 14 മലയാളികൾ കേരളത്തിലേക്ക് പുറപ്പെട്ടു. മാർച്ച് 24 ന് രാവിലെ ഏഴ് മണിക്കാണ് ഇവർ ഹെെദരബാദിൽ നിന്നു യാത്ര തിരിച്ചത്. 14 പേരും കോഴിക്കോട് സ്വദേശികളാണ്. കോഴിക്കോട് ഡപ്യൂട്ടി കലക്‌ടറുടെ ഉറപ്പോടെയാണ് തങ്ങൾ കേരളത്തിലേക്ക് യാത്ര തിരിച്ചതെന്ന് ആതിര പറയുന്നു.

Read Also: ‘മരിച്ച അളിയൻ ഫോണിൽ സംസാരിച്ചു’; പൊലീസിനെ കബളിപ്പിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കേസ്

“തങ്ങളുടെ കേരളത്തിലേക്കുള്ള യാത്രയെ കുറിച്ചും അതിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇടപെടലിനെ കുറിച്ചും ആതിര പറയുന്നത് ഇങ്ങനെ: ഹോസ്റ്റലിലെ അവസ്ഥ നന്നേ മോശമായിക്കൊണ്ടിരിക്കെയാണ് ഞങ്ങൾ കലക്ടറുടെ സഹായം ചോദിക്കുകയും അവിടെ നിന്ന് യാത്ര പുറപ്പെടുകയും ചെയ്തത്. ഞങ്ങൾ തന്നെ ഏർപ്പാടാക്കിയ ഒരു ട്രാവലറിൽ ആയിരുന്നു കലക്ടർ അയച്ച മെയിലുമായി ഞങ്ങൾ യാത്ര ആരംഭിച്ചു. പോകുന്ന വഴിയിലൊന്നും തന്നെ അധികമാരേയും കടത്തിവിടുന്നുണ്ടായിരുന്നില്ല. പലയിടത്തും പൊലീസ് ചെക്കിങ് ഉണ്ടായിരുന്നു,”

“എന്നാൽ, കർണാടക ബോർഡറിൽ എത്തിയപ്പോൾ ആണ് രാജ്യത്ത് പ്രധാനമന്ത്രി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച വാർത്ത അറിയുന്നത്. ഇക്കാര്യം കേട്ടതും കേരള-കർണാടക ബോർഡർ വരെ മാത്രമേ എത്തിക്കാൻ സാധിക്കൂ എന്ന് വാഹനത്തിന്റെ ഡ്രെെവർ പറഞ്ഞു. വീട്ടിലുള്ളവരേയും പരിചയക്കാരേയും കാര്യം അറിയിച്ചു. എന്നാൽ, എല്ലാവരും നിസഹായരായി. കോഴിക്കോട് എത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഡ്രെെവർ സമ്മതിച്ചില്ല. ‘രാത്രി ഒരു മണിക്ക് കേരള-കർണാടക ബോർഡർ എത്തും. ബാക്കി നിങ്ങൾ നോക്കണം.’ എന്നായിരുന്നു ഡ്രെെവറുടെ മറുപടി. കോഴിക്കോട് എത്തിയാൽ പിന്നെ നാട്ടിലേക്ക് തിരിച്ചെത്തുമോ എന്ന ഭയമായിരുന്നിരിക്കണം ഡ്രെെവർക്ക്. അർധരാത്രിയിൽ വനമേഖലയായ മുത്തങ്ങയിൽ ഇറങ്ങുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് വണ്ടി തോൽപ്പെട്ടി ഭാഗത്തേക്ക് വിട്ടു. ഈ സമയം എന്തു ചെയ്യണമെന്നറിയാതെ സഹായത്തിനായി പലരെയും വിളിച്ചു. അതിരാവിലെ ആരംഭിച്ച യാത്രയായിരുന്നു. ഭക്ഷണമൊന്നും കഴിച്ചിട്ടില്ല. ആകെ കയ്യിലുണ്ടായിരുന്നത് വെള്ളം മാത്രമാണ്,” ആതിര പറഞ്ഞു.

Read Also: ലോക്ക് ഡൗണ്‍: 50 ലക്ഷം രൂപയുടെ അരി ദാനം ചെയ്ത് സൗരവ് ഗാംഗുലി

“ആ രാത്രിയിൽ മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോൾ ഗൂഗിളിൽ നിന്നു മുഖ്യമന്ത്രിയുടെ ഫോൺ നമ്പർ തപ്പിയെടുത്തു. മുഖ്യമന്ത്രിയുടെ ഫോൺ നമ്പറിൽ ഞങ്ങൾ വിളിച്ചുനോക്കി. അപ്പോഴേക്കും സമയം ഒരു മണിയോട് അടുത്തിരുന്നു. ആ സമയത്ത് മുഖ്യമന്ത്രി ഫോൺ എടുക്കുമെന്ന് കരുതിയില്ല. പക്ഷേ, അദ്ദേഹം ഫോൺ എടുത്തു. ഞങ്ങളുടെ പ്രശ്‌നങ്ങളെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞു. അദ്ദേഹം അപ്പോൾ തന്നെ വയനാട് കലക്‌ടറേയും എസ്‌പിയുടേയും നമ്പർ തന്നു. ഞങ്ങൾ വയനാട് എസ്‌പിയെ ഫോണിൽ ബന്ധപ്പെട്ടു, കാര്യങ്ങൾ പറഞ്ഞു. എസ്‌പി തിരുനെല്ലി എസ്‌ഐ ജയപ്രകാശ് സാറിന്റെ സഹായത്തോടുകൂടി ഞങ്ങൾക്ക് ഒരു ട്രാവലർ ഒരുക്കി തന്നു. 25ന് രാവിലെ 11 മണിക്ക് മുന്നേ എല്ലാവരേയും അവരുടെ വീടുകളിൽ സുരക്ഷിതരായി എത്തിച്ചു,”

“നന്ദി പറയാൻ വിളിച്ചപ്പോഴും മുഖ്യമന്ത്രി എന്റെ കോൾ എടുത്തു. ഞങ്ങൾ സുരക്ഷിതരായി വീടുകളിൽ എത്തിയതിൽ സന്തോഷം അറിയിക്കുകയും ഇനിയുള്ള ദിവസങ്ങളിൽ ഹോം ക്വാറന്റെെനിൽ കഴിയേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും ആവശ്യകതയെ പറ്റിയും പറഞ്ഞു തന്നു.” ആതിര കൂട്ടിച്ചേർത്തു. ഇങ്ങനെയൊരു സർക്കാരും മുഖ്യമന്ത്രിയും മുന്നിൽ നിന്നു നയിക്കുമ്പോൾ ഇത്തരമൊരു പരീക്ഷണഘട്ടത്തേയും കേരളത്തിനു അതിജീവിക്കാൻ സാധിക്കുമെന്നും ആതിര പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.