പള്ളിക്കര: മദ്യം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. പെരിങ്ങാല ചായിക്കാര മുരളിയാണ് (45) വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഇയാൾ സ്ഥിരം മദ്യപാനിയാണ്.

പള്ളിക്കരയിലെ വീട്ടിൽ ഇയാൾ ഒറ്റയ്‌ക്കാണ് താമസിക്കുന്നത്. സ്ഥിരം മദ്യപാനിയായതിനാൽ ഭാര്യയും മകനും ഒരു വർഷമായി ഇയാളിൽ നിന്നു അകന്നു താമസിക്കുകയാണ്. കൂലി പണിക്കാരനാണ് മുരളി.

ഇന്നു  രാവിലെ  പെരിങ്ങാലയിൽ നിന്നും നടന്ന്  മൂന്ന് കിലോമീറ്റർ ദൂരെയുള്ള കരിമുഗളിലെ ബാറിലും പുത്തൻകുരിശ് ബെവ്‌കോ ഷോപ്പിനു മുന്നിലും ഇയാൾ മദ്യത്തിനായി ബഹളമുണ്ടാക്കിയിരുന്നതായി നാട്ടുകാർ പറഞ്ഞു. ഉച്ച കഴിഞ്ഞ് ആയുർവേദ കടകളിലെത്തി അരിഷ്ടം ചോദിച്ചെങ്കിലും കൊടുക്കാൻ ആരും തയ്യാറായില്ല.

Read Also: എംഎൽഎ ഹോസ്റ്റലിൽ താമസിച്ചു, ഭക്ഷണം കഴിച്ചു, നിയമസഭയിൽ പോയി; ഇടുക്കിക്കാരന്റെ റൂട്ട് മാപ്പ്

വൈകിട്ട് ഇയാളെ കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണു വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അമ്പലമേട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ നിർമ്മല. മകൻ അലോഷി. മദ്യം കിട്ടാത്തതിനെ തുടർന്ന് തൃശൂരിൽ ഇന്നു രാവിലെ ഒരു യുവാവ് തൂങ്ങിമരിച്ചിട്ടുണ്ട്.

ബാറുകളും, ബീവറേജസ് ഔട്ട്ലെറ്റുകളും അടച്ചത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിൾ സംസ്ഥാനത്ത് ഡീ അഡിക്ഷൻ സെന്ററുകൾ വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മദ്യം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ മദ്യത്തിന് അടിമകളായവര്‍ക്ക് ശാരീരികവും, മാനസികവുമായ വിഷമങ്ങള്‍ ഉണ്ടാകുവാനും അത് മറ്റ് സാമൂഹിക പ്രശ്നങ്ങളിലേക്ക് നയിക്കുവാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമിത മദ്യാസക്തിയുള്ളവര്‍ക്ക് ആവശ്യമായ ചികിത്സയും കൗണ്‍സിലിങ്ങും വേണം. എക്സൈസ് വകുപ്പ് വിമുക്തിക്ക് കീഴിലുള്ള ഡീ അഡിക്ഷന്‍ സെന്‍ററുകളും കൗണ്‍സിലിങ് സെന്‍ററുകളും അതിനായി ഒരുക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ സ്ഥലം വിട്ടുനല്‍കാമെന്ന് ചില കത്തോലിക്കാ സഭകള്‍ സമ്മതിച്ചിട്ടുണ്ട്. ധ്യാനകേന്ദ്രങ്ങള്‍ പോലുള്ളവ ഇതിന് ഉപയോഗിക്കാമെന്ന് നിര്‍ദേശം വന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ എക്സൈസ് വകുപ്പിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, ലോക്ക് ഡൗണിനെത്തുടര്‍ന്ന് മദ്യലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ മദ്യാസക്തിയുള്ളവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. മദ്യാസക്തി മൂലമുണ്ടാകുന്ന ആല്‍ക്കഹോള്‍ വിത്ത്ഡ്രോവല്‍ സിന്‍ഡ്രോം നിസാരമായി കാണരുത്. ഇതുമൂലമുണ്ടാകുന്ന ശാരീരിക, മാനസിക പ്രശ്നങ്ങള്‍ കൃത്യമായി കണ്ടുപിടിച്ച് ചികിത്സിക്കണം. ഇല്ലെങ്കില്‍ ഗുരുതര പ്രശ്നങ്ങളിലോ ആത്മഹത്യയിലോ കൊണ്ടെത്തിക്കും. ഇതു മുന്നില്‍കണ്ട് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Read Also: എം.എ.യൂസഫലി ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ നൽകും

എല്ലാ ദിവസവും മദ്യപിച്ച് കൊണ്ടിരുന്നവര്‍ ഏറെ ശ്രദ്ധിക്കണം. അസ്വസ്ഥത, ക്ഷോഭം, വിഭ്രാന്തി, വിശപ്പില്ലായ്മ, അമിതമായ വിയര്‍പ്പ്, മനംപിരട്ടല്‍, ഛര്‍ദി, ഉത്കണ്ഠ, സങ്കോചം, വിറയല്‍, ശക്തമായ തലവേദന, അപസ്മാരം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ ആള്‍ക്കഹോള്‍ വിത്ത്ഡ്രോവല്‍ സിന്‍ഡ്രോം ആകാന്‍ സാധ്യതയുണ്ട്. ഈ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം. ആല്‍ക്കഹോള്‍ വിത്ത്ഡ്രോവല്‍ സിന്‍ഡ്രോം ചികിത്സകൊണ്ട് സുഖപ്പെടും. ചികിത്സിക്കാതിരുന്നാല്‍ ചിലപ്പോള്‍ ഡിലീരിയം ആകാന്‍ സാധ്യതയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.