തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണപ്പെട്ട മാഹി സ്വദേശിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പരിയാരം ആശുപത്രിയില്‍ എത്തിച്ചത് തന്നെ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നെന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അദ്ദേഹത്തിന്റെ രോഗനിര്‍ണയത്തില്‍ കാലതാമസം ഉണ്ടായിട്ടില്ല. സമ്പര്‍ക്കപ്പട്ടികയടക്കം വളരെ വേഗത്തില്‍ തയ്യാറാക്കിയിരുന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇദ്ദേഹം ചികിത്സക്ക് വന്നതിന് ശേഷം കൃത്യമായ സമയത്ത് തന്നെ ചികിത്സ ലഭിച്ചിട്ടുണ്ട്. അഡ്മിറ്റ് ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയിലേയും പരിയാരത്തേയും ഡോക്ടര്‍മാര്‍ ചര്‍ച്ച നടത്തുകയും വേണ്ട നടപടികളെടുക്കുകയും ചെയ്തിരുന്നു.

അദ്ദേഹത്തിന് കിഡ്നി സംബന്ധമായും ഹൃദയ സംബന്ധമായും ഗുരുതര പ്രശ്നങ്ങളും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. ഇദ്ദേഹം നേരത്തെ മാഹി ടെലിമെഡിക്കല്‍ സെന്ററിലാണ് ചികിത്സ തേടിയത്.

Read More: വീണ്ടും കോവിഡ് മരണം; മാഹി സ്വദേശി കേരളത്തിൽ മരിച്ചു

മാര്‍ച്ച് 26നാണ് പനി ബാധിച്ച ഇദ്ദേഹം തലശ്ശേരി ടെലി ആശുപത്രിയിൽ ചികിത്സ തേടുന്നത്. പിന്നീട് 29 നും 30 നും ഇദ്ദേഹം ആശുപത്രിയിലെത്തി. രൂക്ഷമായ ശ്വാസം തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 31ന് ഇതേ ആശുപത്രിയില്‍ അഡ്മിറ്റായി. അസുഖം മൂര്‍ച്ഛിച്ചതോടെ വൈകുന്നേരം നാല് മണിക്ക് അദ്ദേഹത്തെ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ ബാധ സ്ഥിരീകരിക്കുകയും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്യുന്നത്.

“ഒന്നില്‍ കൂടുതല്‍ ചികിത്സകൾ ആവശ്യമായതുകൊണ്ട് തന്നെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പരിയാരത്തേക്ക് ഷിഫ്റ്റ് ചെയ്തത്. ഏഴാം തിയതിയാണ് ഇത്. അദ്ദേഹത്തെ രക്ഷിക്കാനായി കഴിയാവുന്നത്ര പരിശ്രമിച്ചിരുന്നു. എന്നാല്‍ കടുത്ത ഹൃദ്രോഹവും കിഡ്‌നി സംബന്ധമായ അസുഖവും ഉള്ളതുകൊണ്ട് രക്ഷപ്പെടുത്താന്‍ സാധിച്ചില്ല,” മന്ത്രി പറഞ്ഞു.

അനുബന്ധ രോഗമുള്ള ആളുകള്‍ക്ക് കോവിഡ് വന്നാല്‍ രക്ഷിക്കാന്‍ പ്രയാസമാണ്. പരിയാരത്തേയും മിംസിലേയും മെഡിക്കല്‍ സംഘം മികച്ച ചികിത്സ തന്നെ അദ്ദേഹം നല്‍കിയിരുന്നു. ശ്വാസകോശ സംബന്ധമായി കേരളത്തിലെ ഏത് ആശുപത്രിയിലെത്തുന്നവരേയും കോവിഡ് പരിശോധന നടത്തുന്നുണ്ടെന്നും കെ.കെ.ശൈലജ കൂട്ടിച്ചേര്‍ത്തു.

കണ്ണൂരിലെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് ഇദ്ദേഹത്തിന്റെ കോണ്‍ടാക്ട് ട്രേസിങ് നടന്നത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലുള്ള ഒന്‍പത് പേരെ ടെസ്റ്റ് ചെയ്തിട്ടുണ്ട്. അത് നെഗറ്റീവ് ആണെന്നും മന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.