തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകള്‍ റെഡ് സോണായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. രോഗവ്യാപനം കൂടുതലുള്ള നാലു ജില്ലകളില്‍ മാത്രം മതി റെഡ് സോണിലെന്നാണ് മന്ത്രിസഭായോഗത്തിലെ വിലയിരുത്തൽ. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളെയായിരിക്കും റെഡ് സോണില്‍ ഉള്‍പ്പെടുത്തുക.

ഹോട്ട്സ്പോട്ടുകളായി ജില്ലകളെ തരംതിരിക്കുന്ന രീതി അശാസ്ത്രീയമാണെന്നും സോണുകളായാണ് തിരിക്കേണ്ടതെന്നും യോഗം വിലയിരുത്തി. സോണുകള്‍ നിശ്ചയിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി തേടുമെന്നും തീവ്രബാധിത ജില്ലകളില്‍ മാറ്റം വരുത്തുമെന്നും ജില്ലകള്‍ക്ക് പകരം മേഖലകളായി തരംതിരിക്കുമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.

രോഗവ്യാപനത്തിന്റെ തോത് പരിഗണിച്ചാണ് സോണുകളില്‍ മാറ്റം വരുത്തിയത്. വയനാടും കോട്ടയവും ഗ്രീന്‍ സോണിലേക്കു മാറ്റണമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ നിര്‍ദേശം. മറ്റ് എട്ടു ജില്ലകളും ഓറഞ്ച് സോണില്‍ ഉള്‍പ്പെടും. സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഈ ജില്ലകളെ അതാത് സോണുകളില്‍ ഉള്‍പ്പെടുത്തിയതായി പ്രഖ്യാപിക്കും.

അതേസമയം ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലെ ഇളവുകള്‍ക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഇളവുകളും തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന് മന്ത്രിസഭ യോഗത്തിന്റെ അനുമതി ലഭിച്ചു.

രോഗത്തിന്റെ വ്യാപനം കുറഞ്ഞെങ്കിലും കാര്യമായ ഇളവുകൾ പ്രഖ്യാപിച്ചിട്ടില്ല. പൊതുഗതാഗതം പാടില്ലെന്നും, മദ്യശാലകൾ തുറക്കരുതെന്നും കേന്ദ്രത്തിന്റെ നിർദേശം ഉളളതിനാൽ ഇക്കാര്യങ്ങളിലെ നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാരും തുടരും. അതേസമയം, പരമ്പരാഗത തൊഴിലിടങ്ങൾക്കും കാർഷിക മേഖലയ്ക്കും തോട്ടം മേഖലയ്ക്കും കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കയര്‍, കശുവണ്ടി, കൈത്തറി, ബീഡി മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ലോക്ക്ഡൗൺ നീളുന്നത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി തീർക്കാൻ കേന്ദ്രം ഉടൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം പ്രതീക്ഷിച്ച ഇളവുകൾ കേന്ദ്രത്തിൻറെ മാർഗ്ഗ നിർദേശങ്ങളുണ്ടായിരുന്നില്ല. സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് ഇളവുകൾ പ്രഖ്യാപിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.

Read More: കോവിഡ്: മരണ സംഖ്യയിൽ റെക്കോർഡിട്ട് യുഎസ്; 24 മണിക്കൂറിനിടെ 2,228 മരണം

കേരളത്തിൽ കോവിഡിനെതിരായ പോരാട്ടം ഫലം കണ്ടു തുടങ്ങിയെന്ന് ആരോഗ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്നലെ ഒരാൾക്ക് മാത്രമാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിലുള്ള വ്യക്തിക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതേസമയം, ഏഴ് പേർക്ക് രോഗം ഭേദമാകുകയും ചെയ്തു.

കേരളത്തിൽ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 387 പേർക്കാണ്. ഇതിൽ നിലവിൽ 167 പേരാണ് ചികിത്സയിലുള്ളത്. രണ്ട് പേർ നേരത്തെ മരണപ്പെട്ടിരുന്നു. 218 പേർക്ക് രോഗം ഭേദമായി. 16475സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 16002ഉം നെഗറ്റീവായെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചു.

കേരളത്തിൽ കോവിഡ്-19 നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴേക്ക് പോവുകയും ചെയ്തു. നിലവിൽ 97464 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 96942 പേർ വീടുകളിലും 522 പേർ ആശുപത്രികളിലുമാണ്. ഇന്നലെ മാത്രം 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 387 പേരിൽ 264 പേർ വിദേശത്ത് നിന്നെത്തിയവരാണ്. എട്ട് വിദേശികൾക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 116 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook