scorecardresearch

കേരളത്തിൽ ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കരുത്; വിദഗ്‌ധ സമിതിയുടെ ശുപാർശ മുഖ്യമന്ത്രിക്ക്

അതേസമയം, കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഏപ്രിൽ 14 നു ശേഷവും നീട്ടണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ആവശ്യപ്പെട്ടിട്ടുണ്ട്

കേരളത്തിൽ ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കരുത്; വിദഗ്‌ധ സമിതിയുടെ ശുപാർശ മുഖ്യമന്ത്രിക്ക്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഏപ്രിൽ 14 നു അവസാനിക്കാനിരിക്കെ കേരളത്തിലെ വിദഗ്‌ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കെെമാറി. ഇന്ന് വെെകീട്ട് തിരുവനന്തപുരത്തുവച്ചാണ് 17 അംഗ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. കേരളത്തിൽ കോവിഡ് ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കരുതെന്നാണ് വിദഗ്‌ധ സമിതിയുടെ ശുപാർശ.

മൂന്ന് ഘട്ടമായി ഇളവുകൾ നടപ്പാക്കാനാണു നിർദേശം. സംസ്ഥാനത്ത് ലോക്ക്ഡൗൺ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്‌ധ സമിതി മാനദണ്ഡങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചായിരിക്കും സർക്കാർ അന്തിമ തീരുമാനം കെെക്കൊള്ളുക. ജില്ലകൾ അടിസ്ഥാനമാക്കി നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.

ഗാർഡിയോളയുടെ മാതാവ് കോവിഡ്-19 ബാധിച്ച് മരിച്ചു

മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം അധ്യക്ഷനായ 17 അംഗ സമിതിയാണ് സർക്കാരിനു ശുപാർശ നൽകിയത്. സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ, മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടറും ഐഎൻഎസ് കേരള റീജണൽ കമ്മിറ്റി ചെയർമാനുമായ എം.വി.ശ്രേയാംസ് കുമാർ, മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, ബിഷപ് മാർ മാത്യു അറയ്ക്കൽ, സിവിൽ സർവീസ് ഉദ്യോഗസ്ഥരായ അരുണാ സുന്ദർരാജ്, ജേക്കബ് പുന്നൂസ്, രാജീവ് സദാനന്ദൻ, അഡ്വ.രാമൻപിള്ള, ഡോ.ബി. ഇക്ബാൽ, ഡോ.എം.വി.പിള്ള, ഡോ.ഫസൽ ഗഫൂർ, മുരളി തുമ്മാരുകുടി, ഡോ.മൃദുൽ ഈപ്പൻ, ഡോ.പി.എ.കുമാർ, ഡോ.ഖദീജ മുംതാസ്, ഇരുദയ രാജൻ എന്നിവരാണു സമിതിയിലെ മറ്റ് അംഗങ്ങൾ.

അതേസമയം, കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഏപ്രിൽ 14 നു ശേഷവും നീട്ടണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 15 മുതൽ വീണ്ടും രണ്ട് ആഴ്‌ചത്തേക്ക് കൂടി ലോക്ക്ഡൗൺ നീട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് റാവു ആവശ്യപ്പെട്ടു. തെലങ്കാനയിൽ രണ്ട് ആഴ്‌ച കൂടി ലോക്ക്ഡൗൺ തുടരുമെന്നാണ് ഇതിൽ നിന്നു വ്യക്‌തമാകുന്നത്. രാജ്യത്തും ലോക്ക്ഡൗൺ നീട്ടണമെന്ന് റാവു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കോവിഡിനെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ മാത്രമാണ് പ്രതിവിധിയെന്നാണ് ചന്ദ്രശേഖര റാവു പറയുന്നത്.

Read Also: ആ ചിരി കണ്ടോ, ആ കള്ളനോട്ടം കണ്ടോ? ആരാധകരുടെ പ്രിയതാരത്തിന്റെ കുട്ടിക്കാല ചിത്രം

രാജ്യത്ത് ഏപ്രിൽ 14ന് ലോക്ക്ഡൗണ്‍ പിൻവലിച്ചാലും കോവിഡ്-19 രൂക്ഷമായി ബാധിച്ച ജില്ലകളില്‍ നിയന്ത്രണങ്ങള്‍ നീട്ടുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് 274 ജില്ലകളിലാണ് ഒരുമാസത്തേക്ക് കൂടി നിയന്ത്രണങ്ങള്‍ നീട്ടുന്നത്. കേരളത്തില്‍ ഏഴ് ജില്ലകളില്‍ ഇത്തരത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും നിയന്ത്രണങ്ങള്‍ തുടരും.

ഇതുമായി ബന്ധപ്പെട്ട് 20 പേജുള്ള രേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. കേരളത്തിൽ കാസർഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് നിയന്ത്രണം ഒരു മാസത്തേക്ക് കൂടി നീട്ടുക. ഇവിടങ്ങളില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം പൂര്‍ണ്ണമായും നിരോധിക്കും. പൊതുഗതാഗതവും നിരോധിക്കും. അവശ്യസേവനങ്ങള്‍ തുടരാം.

Read Also: മുംബെെയിൽ മലയാളി ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും കോവിഡ്; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

രാജ്യത്ത് കോവിഡ്-19 വ്യാപിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കോവിഡ്-19 വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 24 മുതല്‍ 21 ദിവസത്തേയ്ക്കാണ് ലോക്ക്ഡൗണ്‍. രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കേണ്ടി വന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. സാമൂഹ്യ അകലം പാലിക്കല്‍ മാത്രമാണ് രോഗവ്യാപനം തടയുന്നതിനുള്ള മാര്‍ഗം. എല്ലാവരും വീടുകളില്‍ തന്നെ കഴിയണം. ചിലരുടെ അനാസ്ഥ രാജ്യത്തെ തന്നെ അപകടത്തിലാക്കുന്നു. നടപടികള്‍ എല്ലാമെടുത്തിട്ടും രോഗം പടരുന്നുവെന്നും മോദി പറഞ്ഞു.

കേരളത്തിൽ ഇന്ന്

കേരളത്തിൽ ഇന്ന് 13 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ രോഗവ്യാപനം ചെറുക്കാൻ ഒരുപരിധി വരെ സാധിച്ചെന്നും സംസ്ഥാനത്ത് നടപ്പിലാക്കിയ നിയന്ത്രണങ്ങളാണ് അതിനു കാരണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർഗോഡ് ജില്ലയിൽ ഇന്ന് ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ ആറ് പേർ വിദേശത്തു നിന്ന് എത്തിയവരാണ്. മലപ്പുറം ജില്ലയിൽ രണ്ട് പേർക്കും കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തു നിന്ന് എത്തിയ ആൾക്കാണ് പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്തെയും കൊല്ലത്തെയും രോഗബാധിതർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച് വിദേശത്ത് 18 മലയാളികൾ മരിച്ചെന്നും അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coronavirus covid 19 lock down may extend in kerala

Best of Express