തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടി ഇനി ഉണ്ടാകില്ല. ലോക്ക്ഡൗണ്‍ ലംഘിച്ചതിനു പിടികൂടിയ വാഹനങ്ങൾ സൂക്ഷിക്കുന്നതു വലിയ പ്രശ്‌നമായി മാറിയതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ലോക്ക്ഡൗണ്‍ ലംഘിക്കുന്ന വാഹനങ്ങൾ പിഴയടയ്‌ക്കേണ്ടി വരും. ഇവരിൽ നിന്നു കനത്ത പിഴ ഈടാക്കുമെന്നും ജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് പൊലീസ് ശ്ലാഘനീയമായ സേവനമാണ് കാഴ്‌ചവയ്‌ക്കുന്നതെന്ന് പിണറായി പറഞ്ഞു. അതിനു വിപരീതമായ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. അതേസമയം, ലോക്ക്ഡൗണ്‍ തുടരുന്നതുമായി ബന്ധപ്പെട്ടോ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ടോ യാതൊരു തീരുമാനവും സ്വീകരിച്ചിട്ടില്ലെന്നും കേന്ദ്ര നിർദേശമനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: കോവിഡ് കുരങ്ങിലേക്കും? ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

അതേസമയം, കേരളത്തിൽ ഇന്ന് ഒൻപത് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലുള്ള 13 പേർക്ക് കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ ജില്ലയിൽ നാല് പേർക്ക് ഇന്നു കോവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മൂന്നുപേരുടെയും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ രണ്ടുപേരുടെയും കണ്ണൂര്‍ ജില്ലയില്‍ ഒരാളുടെയും ഫലം ഇന്ന് നെഗറ്റീവായി.

പത്തനംതിട്ട, കാസർഗോഡ്, തൃശൂർ ജില്ലകളിൽ ഓരോരുത്തർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ നാല് പേർ വിദേശത്തു നിന്ന് എത്തിയവരാണ്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ രണ്ട് പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 345 ആയി. 259 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.