തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ ചെറുക്കാൻ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ നീട്ടണമെന്ന് കേരളം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിമാർ നടത്തിയ വീഡിയോ കോൺഫറൻസിങ്ങിലാണ് സംസ്ഥാനത്തെ സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രി വിവരിച്ചത്.

“ഓരോ സംസ്ഥാനങ്ങളുടേയും കാര്യങ്ങൾ പ്രധാനമന്ത്രി കേട്ടു. ചില അഭിപ്രായങ്ങൾ നമ്മളും മുന്നോട്ടുവച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ തുടരണമെന്നാണ് നമ്മൾ ആവശ്യപ്പെട്ടിരിക്കുന്നത്. നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി മാത്രമേ പിൻവലിക്കാവൂ. ചില കാര്യങ്ങളിൽ ഇളവ് വേണമെന്നും ആവശ്യപ്പെട്ടു. നമ്മൾ പറഞ്ഞ കാര്യങ്ങളെല്ലാം പ്രധാനമന്ത്രി കേട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അന്തിമ തീരുമാനമെടുക്കും. ലോക്ക്ഡൗണിനു മുൻപുള്ള അവസ്ഥയിലേക്ക് തിരിച്ചുപോകാറായിട്ടില്ല എന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട് ” മുഖ്യമന്ത്രി പറഞ്ഞു.

Read Also: കോവിഡ്-19 ലോക്ക്ഡൗൺ: ഡോക്ടറെ കാണാന്‍ പോകുന്നവരെ തടയരുത്- ഡിജിപി

അതേസമയം, സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ ജില്ലയിൽ ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർഗോഡ് രണ്ട് പേർക്കും കോഴിക്കോട് ഒരാൾക്കും കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ വിദേശത്തു നിന്ന് എത്തിയവരാണ്. ഏഴ് പേർക്ക് സമ്പർക്കംമൂലം രോഗം ബാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 19 പേർ രോഗമുക്തരായി. 19 പേരുടെ ഫലം നെഗറ്റീവ് ആയ വിവരം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രോഗമുക്തരായവരുടെ എണ്ണം ജില്ലാ അടിസ്ഥാനത്തിൽ:

കാസർഗോഡ്- ഒൻപത് പേർ

പാലക്കാട്- നാല് പേർ

തിരുവനന്തപുരം- മൂന്ന് പേർ

ഇടുക്കി- രണ്ട് പേർ

തൃശൂർ- ഒരാൾ

സംസ്ഥാനത്ത് ഇതുവരെ 373 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള 228 പേർ. സംസ്ഥാനത്ത് 1,23,490 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇതിൽ 816 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇന്നുമാത്രം 201 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 14,163 സാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചു. അതിൽ 12,818 ഫലങ്ങളും നെഗറ്റീവ് ആണ്. സംസ്ഥാനത്ത് ഘട്ടംഘട്ടമായി മാത്രമേ നിയന്ത്രണങ്ങൾ പിൻവലിക്കാവൂ എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: കാസർഗോഡ് ട്രിപ്പിൾ ലോക്ക് ഡൗൺ; നിയന്ത്രണങ്ങൾ കടുപ്പിക്കും

ജനങ്ങൾ നിയന്ത്രണങ്ങളെ നിസാരമായി കാണരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ പടിപടിയായി മാത്രമേ നീക്കൂ. നിർദേശങ്ങൾ പാലിക്കുകയും നിയന്ത്രണങ്ങളോട് സഹകരിക്കുകയും വേണം. അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കും. വിദേശത്തുള്ള മലയാളികൾക്കായി ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.