തിരുവനന്തപുരം: കേരളത്തിൽ നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങളാണ് രോഗബാധിതരുടെ എണ്ണം കുറയാൻ കാരണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ. ഏപ്രിൽ 14നു ലോക്ക് ഡൗണ്‍ പിൻവലിച്ചതിനു ശേഷവും നിയന്ത്രണങ്ങൾ തുടരും. ലോക്ക് ഡൗണ്‍ കഴിഞ്ഞാൽ സാധാരണപോലെ പുറത്തിറങ്ങി നടക്കാമെന്ന് വിചാരിക്കേണ്ട. കൂടുതൽ ജാഗ്രത തുടരും. എന്നാൽ മാത്രമേ കോവിഡ് എന്ന വിപത്തിനെ നേരിടാൻ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ പ്രത്യേക പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

“ഇതുവരെ 300 ലേറെ രോഗബാധിതരാണുള്ളത്. കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കിയില്ലായിരുന്നെങ്കിൽ രോഗികളുടെ എണ്ണം മൂവായിരത്തിലേക്ക് എത്തിയേനെ. കൃത്യമായ നടപടികളാണ് പോസിറ്റീവ് കേസുകൾ കുറയാൻ കാരണം. സാമൂഹ്യവ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാൻ സാധിക്കില്ല. പക്ഷേ, അങ്ങനെയൊരു സാമൂഹ്യവ്യാപനം ഉണ്ടായാലും അത് നേരിടാൻ നമ്മൾ തയ്യാറാണ്. അതിനുവേണ്ട ഒരുക്കങ്ങളെല്ലാം ചെയ്‌തിട്ടുണ്ട്.” കെ.കെ.ശെെലജ പറഞ്ഞു.

Read Also: ലോക്ക്ഡൗണ്‍: പ്രതിസന്ധി മറികടക്കാന്‍ അഞ്ച് നിര്‍ദേശങ്ങളുമായി സോണിയ ഗാന്ധി

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഏപ്രിൽ 14 നു അവസാനിക്കാനിരിക്കെ കേരളത്തിലെ വിദഗ്‌ധ സമിതി മുഖ്യമന്ത്രിക്ക് ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇന്നലെ വെെകീട്ട് തിരുവനന്തപുരത്തുവച്ചാണ് 17 അംഗ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. കേരളത്തിൽ കോവിഡ് ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കരുതെന്നാണ് വിദഗ്‌ധ സമിതിയുടെ ശുപാർശ. മൂന്ന് ഘട്ടമായി ഇളവുകൾ നടപ്പാക്കാനാണു നിർദേശം. സംസ്ഥാനത്ത് ലോക്ക്ഡൗൺ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്‌ധ സമിതി മാനദണ്ഡങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചായിരിക്കും സർക്കാർ അന്തിമ തീരുമാനം കെെക്കൊള്ളുക. ജില്ലകൾ അടിസ്ഥാനമാക്കി നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.

Read Also: വേനല്‍ കൊറോണവൈറസിനെ കൊല്ലുമോ? ഇന്ത്യ രക്ഷപ്പെടുമോ?

രാജ്യത്ത് ഏപ്രിൽ 14ന് ലോക്ക്ഡൗണ്‍ പിൻവലിച്ചാലും കോവിഡ്-19 രൂക്ഷമായി ബാധിച്ച ജില്ലകളില്‍ നിയന്ത്രണങ്ങള്‍ നീട്ടുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്ത് 274 ജില്ലകളിലാണ് ഒരുമാസത്തേക്ക് കൂടി നിയന്ത്രണങ്ങള്‍ നീട്ടുന്നത്. കേരളത്തില്‍ ഏഴ് ജില്ലകളില്‍ ഇത്തരത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും നിയന്ത്രണങ്ങള്‍ തുടരും. ഇതുമായി ബന്ധപ്പെട്ട് 20 പേജുള്ള രേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. കേരളത്തിൽ കാസർഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് നിയന്ത്രണം ഒരു മാസത്തേക്ക് കൂടി നീട്ടുക. ഇവിടങ്ങളില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം പൂര്‍ണ്ണമായും നിരോധിക്കും. പൊതുഗതാഗതവും നിരോധിക്കും. അവശ്യസേവനങ്ങള്‍ തുടരാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.