തിരുവനന്തപുരം: ക്രെെസ്‌തവ ദേവാലയങ്ങളിൽ വിവാഹം നടത്താൻ അനുമതി. പരമാവധി 20 പേർ മാത്രമേ വിവാഹത്തിൽ പങ്കെടുക്കാവൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 20 പേരിൽ കൂടുതൽ വിവാഹത്തിൽ പങ്കെടുക്കരുത്. സാമൂഹിക അകലം പാലിച്ചുവേണം ജനങ്ങൾ ഇടപെടാൻ. അതീവ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്വാറികൾ നിയന്ത്രണവിധേയമായി പ്രവർത്തിക്കാം. അഞ്ച് പേരടങ്ങുന്ന ടീമായി തൊഴിലുറപ്പ് പദ്ധതി ചെയ്യാം. സിമന്റ് കമ്പനികൾക്ക് അത്യാവശ്യ ഘട്ടത്തിൽ തുറന്നുപ്രവർത്തിക്കാം. ജനങ്ങൾ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: കോവിഡ്-19: ഇടുക്കി, കോട്ടയം ജില്ലകൾ ഓറഞ്ച് സോണിൽ

സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന എട്ട് പേരുടെ പുതിയ ഫലം നെഗറ്റീവ് ആയി. ഇടുക്കിയിൽ നാല് പേർക്ക് ഇന്നു കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട്, കോട്ടയം ജില്ലകളിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കും കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് 447 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ചികിത്സയിലുള്ളത് 129 പേരാണ്.

അതേസമയം, പുതുതായി കോവിഡ് രോഗബാധ കണ്ടെത്തിയതിനെത്തുടർന്ന് ഇടുക്കി, കോട്ടയം ജില്ലകൾ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് ഓറഞ്ച് സോണിലേക്ക് മാറ്റി. സംസ്ഥാനത്തെ എല്ലാ ജില്ലകളും റെഡ്, ഓറഞ്ച് സോണുകളിലായി. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകൾ റെഡ് സോണിൽ തുടരും. ഈ നാല് ജില്ല ഒഴികെയുള്ള മറ്റ് 10 ജില്ലകളും ഓറഞ്ച് സോണിലാണ്.

Read Also: പ്രതിപക്ഷം ശ്രമിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ: കോടിയേരി

റെഡ് സോണിൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരും. കോട്ടയം ഇടുക്കി ജില്ലകളിൽ പുതിയ കേസുകൾ കണ്ടെത്തിയതോടെ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ചിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഓറഞ്ച് സോണിലുള്ള 10 ജില്ലകളിൽ ഹോട്ട് സ്പോട്ടുകളായ പഞ്ചായത്തുകൾ മുഴുവനായി അടച്ചിടും. മുനിസിപ്പൽ അതിർത്തിയിലാണെങ്കിൽ വാർഡുകളെയും കോർപറേഷനിൽ ഡിവിഷനെയും അടിസ്ഥാനമാക്കിയാവും ഹോട്ട് സ്പോട്ടുകൾ തീരുമാനിക്കുക. ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയ വാർഡുകളും ഡിവിഷനുകളും അടക്കും. അടക്കേണ്ട വാർഡുകളും ഡിവിഷനുകളും അതത് ജില്ലാ ഭരണകൂടമാണ് കണ്ടെത്തുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.