കൊച്ചി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച സ്ത്രീകളടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്നു രാവിലെ വ്യായാമത്തിനിറങ്ങിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കൊച്ചി പനമ്പള്ളിനഗർ ഭാഗത്താണ് രാവിലെ ഇവർ നടക്കാനിറങ്ങിയത്. രണ്ട് സ്ത്രീകളടക്കം 41 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവർ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ചതായി എറണാകുളം സൗത്ത് പൊലീസ് പറഞ്ഞു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

പലയിടത്തും ജനങ്ങൾ വ്യായാമത്തിനായി പുറത്തിറങ്ങുന്നത് വർധിച്ചിട്ടുണ്ട്. സംഘം ചേർന്ന് നടക്കാനിറങ്ങുന്നവർക്ക് പൊലീസ് ആദ്യമേ താക്കീത് നൽകിയിരുന്നു. തൃശൂർ ജില്ലയിലെ കോൾ ഭാഗങ്ങളിൽ മീൻ പിടിക്കാൻ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേർ എത്തുന്നത് വർധിച്ചിട്ടുണ്ട്. മീൻ പിടിക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ പൊലീസ് ഇന്നലെ പിടിച്ചെടുത്തു. ഇവരുടെ മൊബെെൽ ഫോൺ അടക്കം പൊലീസ് പിടിച്ചുവാങ്ങി.

Read Also: പ്രതിരോധനത്തിന്റെ കേരള മോഡൽ; സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് ഇന്നു മുതൽ

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കാൻ സർക്കാർ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങൾക്കിടയിലും ആളുകൾ പുറത്തിറങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് ശിക്ഷാനടപടികൾ കടുപ്പിക്കുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ പുതിയ പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേസെടുക്കലും അറസ്റ്റും വാഹനം പിടിച്ചെടുക്കലും മാത്രമാവില്ല ഇനിയുള്ള നടപടിയെന്നും മുഖ്യമന്ത്രി താക്കീത് നൽകിയിട്ടുണ്ട്.

നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികളാണ് പൊലീസ് സ്വീകരിക്കുക. നിയമം ലംഘിക്കുന്നവർക്ക് രണ്ട് വർഷം തടവും 10,000 രൂപ പിഴയും ലഭിക്കും. സംസ്ഥാന-ജില്ലാ അതിർത്തികൾ അടയ്‌ക്കാൻ സംസ്ഥാന സർക്കാരിനു അധികാരം നൽകുന്നതാണ് നിയമം. പൊതു, സ്വകാര്യ സംവിധാനങ്ങളുടെ നിയന്ത്രണം സർക്കാരിനു ഏറ്റെടുക്കാം. സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാരിനു ഏറ്റെടുക്കാൻ അധികാരമുണ്ട്. മതസ്ഥാപനങ്ങളേയും ആൾക്കൂട്ടത്തേയും നിയന്ത്രിക്കാം. പൊതു സ്വകാര്യ ചടങ്ങുകൾ നിയന്ത്രിക്കാം. അവശ്യ സർവീസുകളിലെ സമരം നിയന്ത്രിക്കാനും പുതിയ നിയമം സർക്കാരിനു അധികാരം നൽകുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.