തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളത്തിലെ ആരോഗ്യവകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് ലോകമാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നുണ്ട്. സിനിമാ താരങ്ങളടക്കമുള്ളവർ ആരോഗ്യവകുപ്പിനൊപ്പം കോവിഡ് പ്രതിരോധത്തിൽ ചേർന്നുപ്രവർത്തിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകരുടെ മാനസിക സമ്മർദം ഒഴിവാക്കാൻ മോഹൻലാൽ അടക്കമുള്ള താരങ്ങൾ കേരളത്തിലെ ആരോഗ്യപ്രവർത്തകരുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ സംസാരിക്കുന്നു. ഇന്ന് ഗായിക കെ.എസ്.ചിത്രയാണ് ആരോഗ്യപ്രവർത്തകർക്കൊപ്പം സമയം ചെലവഴിച്ചത്. ആരോഗ്യമന്ത്രി കെ.കെ.ശെെലജയും വീഡിയോ കോൺഫറൻസിങ്ങിൽ പങ്കെടുത്തു.

ആരോഗ്യമന്ത്രി കെ.കെ.ശെെലജയുടെ പ്രവർത്തനങ്ങളേയും മനോഭാവത്തേയും കേരളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര അഭിനന്ദിച്ചു. ശെെലജ ടീച്ചറുടെ ഭാവം കാണുമ്പോൾ തന്നെ ശാന്തതയാണ് തോന്നുന്നതെന്ന് ചിത്ര പറഞ്ഞു. “ടീച്ചറുടെ മുഖം കാണുമ്പോൾ തന്നെ വലിയൊരു ശാന്തതയാണ് മനസ്സിൽ തോന്നുന്നത്. അത് പറയാതിരിക്കാൻ പറ്റുന്നില്ല. അങ്ങനെ കാണുന്നതു തന്നെ വലിയൊരു ആശ്വാസമാണ്.” ചിത്ര പറഞ്ഞു.

Read Also: കോവിഡ്-19: വിദ്യാഭ്യാസ കലണ്ടറിൽ ക്രമീകരണമുണ്ടായേക്കും, എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കും

മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരും നഴ്‌സുമാരും ആണ് വീഡിയോ കോൺഫറൻസിങ്ങിൽ പങ്കെടുത്തത്. ആരോഗ്യമന്ത്രിക്കു വേണ്ടി നഴ്‌സുമാർ ചേർന്ന് പാട്ടുപാടിയപ്പോൾ ചിത്രയും അവർക്കൊപ്പം കൂടി. കേരളത്തിലെ ആരോഗ്യപ്രവർത്തകർ അഭിമാനമാണെന്ന് മന്ത്രി കെ.കെ.ശെെലജ പറഞ്ഞു. ആരോഗ്യപ്രവർത്തകർ മന്ത്രിക്കും ചിത്രക്കും ഒപ്പം സമയം ചെലവഴിക്കുന്നതിന്റെ വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.

നേരത്തെ മോഹൻലാലും ഇത്തരത്തിൽ ആരോഗ്യപ്രവർത്തകരുമായി സംസാരിച്ചിരുന്നു. ചെന്നെെയിലെ വീട്ടിലിരുന്നു ആരോഗ്യപ്രവർത്തകർക്കു വേണ്ടി ‘ലോകം മുഴുവൻ സുഖം പകരാനായി’ എന്ന ഗാനം മോഹൻലാൽ ആലപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.