കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപനം കുതിച്ചുയരുന്നു. കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച 956 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 917 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 29 പേരുടെ രോഗ ഉറവിടം അറിയില്ല.

കോഴിക്കോട് കോർപറേഷൻ പരിധിയിൽ മാത്രം ഇന്ന് 277 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ ചെക്യാട് പഞ്ചായത്തിൽ 124 പേർക്കും രോഗം സ്ഥിരീകരിച്ചു. വടകര – 44, ഫറോക്ക് – 35, എടച്ചേരി – 35, കുരുവട്ടൂര്‍ – 30, നാദാപുരം – 28, ചോറോട് – 26, കക്കോടി – 24, മണിയൂര്‍ – 23, പേരാമ്പ്ര – 21, കൊയിലാണ്ടി – 20, ഓമശ്ശേരി – 19, തിക്കോടി – 17, ഒളവണ്ണ – 15, കൊടിയത്തൂര്‍ – 12, ചേളന്നൂര്‍ – 12, കൊടുവളളി – 11, പെരുവയല്‍ – 10, കുന്ദമംഗലം – 6, കിഴക്കോത്ത് – 5, തലക്കുളത്തൂര്‍ – 5, തുറയൂര്‍ – 5 എന്നിങ്ങനെയാണ് ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധയുള്ളതായി സ്ഥിരീകരിച്ചവരുടെ എണ്ണം.

കോർപറേഷൻ പരിധിയിൽ ബേപ്പൂര്‍ -61, അരക്കിണര്‍, നടുവട്ടം, ഡിവിഷന്‍ 15,28, 47, 48, 49, 50, 51, 52, 53, 56, എരഞ്ഞിക്കല്‍, ചക്കുംകടവ്, സിവില്‍ സ്റ്റേഷന്‍, കൊമ്മേരി, തടമ്പാട്ടുത്താഴം, വേങ്ങേരി, കല്ലായി, റാം മോഹന്‍ റോഡ്, മൂഴിക്കല്‍, പാളയം, കാരപ്പറമ്പ്, മെഡിക്കല്‍ കോളേജ്, കുതിരവട്ടം, പയ്യാനക്കല്‍, പൊക്കുന്ന്, പുതിയറ, ചെലവൂര്‍, പുതിയപാലം, വെളളിമാടുകുന്ന്, ജാഫര്‍ഖാന്‍ കോളനി, കിണാങ്കുരി, മാറാട്, നെല്ലിക്കോട്, കുറ്റിയില്‍ത്താഴം, കാളാണ്ടിത്താഴം, നല്ലളം, മുഖദാര്‍, പണിക്കര്‍ റോഡ്, വൈഎംസിഎ ക്രോസ് റോഡ്, കൊളത്തറ, അശോകപുരം എന്നിവിടങ്ങളിലാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജില്ലയിൽ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 500 കടന്നിരുന്നു. ഞായറാഴ്ചയും ബുധനാഴ്ചയും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്.

ശനി, വെള്ളി ദിവസങ്ങളിൽ 690 പേർക്കും, വ്യാഴാഴ്ച 883 പേർക്കുമാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച 504 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്.

കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെത്തുടർന്ന് നഗരത്തിലെ പാളയം മാർക്കറ്റ് അടച്ചിടാൻ വ്യാഴാഴ്ച രുമാനിച്ചിരുന്നു. ഒരാഴ്ചത്തേക്കാണ് കമ്പോളം അടച്ചിടുന്നത്. കോവിഡ് പരിശോധനയില്‍ 200ഓളം കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലായിരുന്നു നടപടി.

സെപ്റ്റംബര്‍ 24 മുതല്‍ 30വരെയാണ് മാര്‍ക്കറ്റ് അടക്കുക. പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും പ്രവേശനമുണ്ടാകില്ല. അന്യസംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറിയുമായി പാളയം മാര്‍ക്കറ്റിലേക്കു വരുന്ന വണ്ടികള്‍ തടമ്പാട്ട്താഴത്തുള്ള അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ് വഴി വിതരണം ചെയ്യാനും തീരുമാനിച്ചിരുന്നു.

നിരോധനമേര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പോലീസിനെ ചുമതലപ്പെടുത്തിയിരുന്നു. ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ക്വിക്ക് റെസ്പോണ്‍സ് ടീമിനെ മാര്‍ക്കറ്റില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുകയയും ചെയ്തിരുന്നു.

കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ ജാഗ്രത ആവശ്യമായി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥ തല യോഗത്തിനു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം രോഗ വ്യാപനം തുടരുന്ന സാഹചര്യത്തിൽ നഗരസഭാ പരിധിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടര്‍ അറിയിച്ചു.

നിയന്ത്രണങ്ങൾ

  • മരണാനന്തര ചടങ്ങുകൾക്ക് ആകെ 20 പേര്‍ മാത്രമെ പങ്കെടുക്കാവൂ.
  • വിവാഹ ചടങ്ങുകളിൽ പങ്കെടുപ്പിക്കാവുന്നവരുടെ പരമാവധി എണ്ണം ആകെ അമ്പത് ആയി ചുരുക്കി. ആരാധനാലയങ്ങളിൽ 50 പേർക്ക് മാത്രമാണ് പ്രവേശനം. ആറടി സാമൂഹിക അകലം പാലിക്കണം. സാനിറ്റൈസറുകൾ ലഭ്യമാക്കണം.
  • എല്ലാ സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്കാരിക, മതപരമായ ചടങ്ങുകള്‍ക്കും പരിപാടികള്‍ക്കും 5 പേരില്‍ കൂടാന്‍ പാടില്ല.
  • ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ ടർഫ്, ജിം, സിമ്മിംഗ് പൂള്‍ ഓഡിറ്റോറിയം തുടങ്ങിയവയുടെ പ്രവർത്തനത്തിന് വിലക്കേർപ്പെടുത്തി.
  • ആവശ്യ സാധന വിതരണത്തിനും മെഡിക്കല്‍ ആവശ്യത്തിനുമല്ലാതെ കണ്ടൈന്‍മെന്‍റ് സോണില്‍ ഉള്ളവര്‍ പുറത്തേക്കോ പുറത്ത് ഉള്ളവര്‍ കണ്ടൈന്‍മെന്‍റ് സോണിലേക്കോ വരാന്‍ പാടില്ല
  • മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ഹാർബർ തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ നടപ്പാക്കും. ഇവിടങ്ങളിൽ ആറ് അടി സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കണം.
  • കമ്പോളങ്ങൾ, തുറമുഖങ്ങൾ അടക്കമുള്ള തിരക്കുണ്ടാവാൻ സാധ്യതയുള്ള ഇടങ്ങളിൽ പൊലീസിനെ വിന്യസിക്കും. ആൾത്തിരക്കുള്ള പ്രദേശങ്ങളിൽ ധ്രുത പ്രതികരണ സംഘങ്ങളെ നിയോഗിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.