scorecardresearch

വെെറസ് ഉടൻ ഒഴിഞ്ഞുപോകില്ല, സൂക്ഷിച്ചാൽ മരണനിരക്ക് കുറയ്‌ക്കാം: ആരോഗ്യമന്ത്രി

അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

വെെറസ് ഉടൻ ഒഴിഞ്ഞുപോകില്ല, സൂക്ഷിച്ചാൽ മരണനിരക്ക് കുറയ്‌ക്കാം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ സമ്പർക്കം വഴിയുള്ള രോഗവ്യാപനം തടയുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ. സംസ്ഥാനത്ത് ഇൻസ്‌റ്റി‌റ്റ‌്യൂഷണൽ ക്വാറന്റെെൻ സംവിധാനം ഫലപ്രദമാണ്. ശുചിമുറിയോടു കൂടിയ മുറി ഇല്ലാത്ത വീടുള്ളവര്‍ക്ക് സര്‍ക്കാര്‍ നിരീക്ഷണത്തിൽ കഴിയണം. കോവിഡ് കുറേക്കാലം കൂടി തുടരും. മുന്‍കരുതലുകള്‍ പ്രധാന്യമാണ്. നന്നായി ജാഗ്രത പുലർത്തിയാൽ കേരളത്തിൽ മരണനിരക്ക് കുറയ്‌ക്കാം. ഇളവുകൾ ലഭിച്ച സാഹചര്യത്തിൽ ജാഗ്രതയില്ലാതെ പെരുമാറരുത്. രോഗലക്ഷണമുള്ളവരുമായി യാതൊരു സമ്പർക്കവും അരുത്. സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു.

ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് ദ്രുതപരിശോധന നടത്താൻ സംസ്ഥാന ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ സാമൂഹ്യവ്യാപന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് ദ്രുതപരിശോധന ഏറെ നിർണായകമാണ്. ലക്ഷണങ്ങളില്ലാത്ത രോഗികളെ തിരിച്ചറിയാൽ ദ്രുതപരിശോധനയിലൂടെ സാധിക്കും. ഇന്നുമുതലാണ് പരിശോധന നടക്കുക. ആരോഗ്യപ്രവർത്തകരെയാണ് ആദ്യം പരിശോധിക്കുക. അതിനുശേഷം പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരെയും പരിശോധനയ്‌ക്ക് വിധേയമാക്കും. വഴിയോരക്കച്ചവടക്കാർ, വീടുകളിൽ ക്വാറന്റെെനിൽ കഴിയുന്നവർ, 65 വയസ്സിനു മുകളിലുള്ളവർ എന്നിവരെയും ആന്റിബോഡി ടെസ്റ്റിനു വിധേയമാക്കും.

രക്തമെടുത്ത് പ്ലാസ്‌മ വേർതിരിച്ച്, അത് ഉപയോഗിച്ചാണ് ദ്രുതപരിശോധന നടത്തുക. അഞ്ച് എംഎൽ രക്തമാണ് പരിശോധനയ്‌ക്കായി എടുക്കുക. പരിശോധനയിൽ ഐജിജി പോസിറ്റീവ് ആയാൽ രോഗം വന്നിട്ട് കുറച്ച് നാളായെന്നും അതിനെതിരെയുള്ള പ്രതിരോധശേഷി അയാൾ നേടിയിട്ടുണ്ടെന്നും അനുമാനിക്കാം. അതേസമയം, ഐജിഎം പോസിറ്റീവ് ആണെങ്കിൽ ഇയാൾക്ക് രോഗം വന്നിട്ട് അധികം ദിവസം ആയിട്ടില്ലെന്നാണ് അർത്ഥം. ഇവർക്ക് ഉടൻ ചികിത്സ ലഭ്യമാക്കണം.

Read Also: കുഞ്ഞിനെ കാണാൻ കാത്തു നിൽക്കാതെ ചിരഞ്ജീവി പോയി; നെഞ്ചുപൊട്ടി മേഘ്ന

അതേസമയം, ഇന്നുമുതൽ സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുണ്ട്. സർക്കാർ ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങി. എല്ലാ ജീവനക്കാരും ഓഫീസിൽ ഹാജരാകണം. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അർധസർക്കാർ സ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും പൂർണ തോതിൽ തുറന്നുപ്രവർത്തിക്കാൻ സർക്കാർ ഉത്തരവായിട്ടുണ്ട്.

എല്ലാ ജീവനക്കാരും ഓഫീസിൽ ഹാജരാകണം. എന്നാൽ, ഹോട്ട്‌സ്‌പോട്ടുകളിലും കണ്ടെയ്‌ൻമെന്റ് സോണുകളിലും ഇതിനു ഇളവുണ്ട്. യാത്രാസൗകര്യമില്ലാത്തതിനാൽ മറ്റു ജില്ലകളിൽ റിപ്പോർട്ട് ചെയ്‌തിരുന്നവർ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി സ്വന്തം ഓഫീസിൽ ജോലിയ്‌ക്കെത്തണം. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ശനിയാഴ്‌ചകളിലെ അവധി തുടരും.

Read Also: സഹോദരിയെ പ്രണയിച്ച സുഹൃത്തിനെ യുവാവ് വെട്ടി; ബേസിലും അഖിലും സ്‌കൂളിൽ ഒന്നിച്ചുപഠിച്ചവർ

സംസ്ഥാനത്തെ നിയന്ത്രണങ്ങളെല്ലാം ലഘൂകരിക്കുന്നതോടെ രോഗവ്യാപനം വർധിക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്‌ധർ. തുടർച്ചയായി മൂന്ന് ദിവസവും സംസ്ഥാനത്ത് രോഗികളുടെ എണ്ണം നൂറ് കടന്നു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. കേരളത്തിൽ ഇന്നലെമാത്രം 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, കോട്ടയം , കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1095 പേര്‍ ചികിത്സയിലാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coronavirus covid 19 kk shailaja community spread