തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തിലധികമാണ്. എന്നാൽ കോവിഡ് രോഗം സ്ഥിരീകരിച്ചവരേക്കാൾ രോഗമുക്തി ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇന്ന് 1,195 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ, 1234 പേർ രോഗമുക്തി നേടി. 971 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം ബാധിച്ചത്. അതില്‍ 79 പേരുടെ ഉറവിടം അറിയില്ല.
Kerala Covid tracker: സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1234 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 971 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം ബാധിച്ചത്. അതില്‍ 79 പേരുടെ ഉറവിടം അറിയില്ല. വിദേശത്ത് നിന്ന് വന്ന 66 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 125 പേര്‍ക്കും രോഗം ബാധിച്ചു.
13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ 4, തിരുവനന്തപുരം ജില്ലയിലെ 3, എറണാകുളം ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 12 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, 3 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 3 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 ഡി.എസ്.സി. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തു. ആഗസ്റ്റ് ഒന്നിന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി പുരുഷോത്തമന് (66), കാസര്‍ഗോഡ് സ്വദേശി അസനാര് ഹാജി (76), ആഗസ്റ്റ് രണ്ടിന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി പ്രഭാകരന് (73), ആഗസ്റ്റ് മൂന്നിന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി മരക്കാര്‍ കുട്ടി (70), കൊല്ലം സ്വദേശി അബ്ദുള്‍ സലാം (58), കണ്ണൂര്‍ സ്വദേശിനി യശോദ (59), ജൂലൈ 31ന് മരണമടഞ്ഞ എറണാകുളം സ്വദേശി ആലുങ്കല്‍ ജോര്‍ജ് ദേവസി (82) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു.
ഇതോടെ ആകെ മരണം 94 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
Read More: ഇന്ന് 1,195 പേർക്ക് കോവിഡ്; രോഗികളേക്കാൾ കൂടുതൽ രോഗമുക്തർ
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
- തിരുവനന്തപുരം -274
മലപ്പുറം -167
കാസര്‍ഗോഡ് -128
എറണാകുളം -120
ആലപ്പുഴ -108
തൃശൂര്‍ -86
കണ്ണൂര്‍ -61
കോട്ടയം -51
കോഴിക്കോട് -39
പാലക്കാട് -41
ഇടുക്കി -39
പത്തനംതിട്ട -37
കൊല്ലം -30
വയനാട് -14
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ
- തിരുവനന്തപുരം-264
മലപ്പുറം-138
കാസര്‍ഗോഡ്- 119
ആലപ്പുഴ- 91
എറണാകുളം- 83
തൃശൂര്‍-54
കണ്ണൂര്‍-41
കോട്ടയം- 38
കോഴിക്കോട്- 35
ഇടുക്കി-32
പത്തനംതിട്ട-24
പാലക്കാട്- 20
കൊല്ലം- 18
വയനാട്-14
ഇന്ന് രോഗമുക്തരായവർ
- തിരുവനന്തപുരം -528
കൊല്ലം -49
പത്തനംതിട്ട -46
ആലപ്പുഴ -60
കോട്ടയം -47
ഇടുക്കി -58
എറണാകുളം -35
തൃശൂര്‍ -51
പാലക്കാട് -13
മലപ്പുറം -77
കോഴിക്കോട് -72
വയനാട് -40
കണ്ണൂര്‍ -53
കാസര്‍ഗോഡ് -105
1,47,974 പേർ നീരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,974 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,36,807 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,167 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1444 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 25,096 സാംപിളുകൾ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 25,096 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 8,84,056 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6444 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,30,614 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1950 പേരുടെ ഫലം വരാനുണ്ട്.
21 പുതിയ ഹോട്ട് സ്പോട്ടുകൾ
ഇന്ന് 21 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ പൂത്രിക്ക (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 12), പുത്തന്‍വേലിക്കര (9), രായമംഗലം (4), എടവനക്കാട് (12, 13), വടക്കേക്കര (1), വരപെട്ടി (6, 11), ആമ്പല്ലൂര്‍ (10, 12), തൃശൂര്‍ ജില്ലയിലെ നടത്തറ (12, 13), അരിമ്പൂര്‍ (15), തേക്കുംകര (1), ആലപ്പുഴ ജില്ലയിലെ ആലപ്പുഴ മുന്‍സിപ്പാലിറ്റി (22), പനവള്ളി (10), പെരുമ്പളം (9), പാലക്കാട് ജില്ലയിലെ പാലക്കാട് മുന്‍സിപ്പാലിറ്റി (51), പെരിങ്ങോട്ടു കുറിശി (4, 7), എളവഞ്ചേരി (9, 10, 11), കോട്ടയം ജില്ലയിലെ പനച്ചിക്കാട് (6, 16), കോട്ടയം ജില്ലയിലെ കങ്ങഴ (6), കാസര്‍ഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി (15), കണ്ണൂര്‍ ജില്ലയിലെ ന്യൂ മാഹി (4), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂര്‍ (1, 2, 4, 14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
15 പ്രദേശങ്ങളെ ഒഴിവാക്കി
അതേസമയം 15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോര്‍ത്ത് (വാര്‍ഡ് 18), വീയ്യപുരം (9), ഭരണിക്കാവ് (12), കൃഷ്ണപുരം (1), തഴക്കര (21), എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി (1), മലയാറ്റൂര്‍-നീലേശ്വരം (17), മഞ്ഞപ്ര (8), നോര്‍ത്ത് പറവൂര്‍ (15), വയനാട് ജില്ലയിലെ നൂല്‍പ്പുഴ (14, 15, 16, 17), തൃശൂര്‍ ജില്ലയിലെ വലപ്പാട് (13), കൊല്ലം ജില്ലയിലെ നിലമേല്‍ (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ വെച്ചൂര്‍ (1, 4), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (1, 11), പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ (1, 13) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 515 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
പൊലീസിനു അധിക ചുമതല നൽകിയത് സാഹചര്യം വിലയിരുത്തിയെന്ന് മുഖ്യമന്ത്രി
ആരോഗ്യപ്രവർത്തകരുടെ ജോലി ഭാരം അമിതമായി കൂടിയ സാഹചര്യത്തിലാണ് പൊലീസിനു അധിക ചുമതല നൽകിയതെന്ന് മുഖ്യമന്ത്രി. സാഹചര്യത്തിനനുസരിച്ചുള്ള മാറ്റമാണിത്. ആരോഗ്യപ്രവർത്തകരുടെ മുഴുവൻ ജോലി പൊലീസിനു നൽകിയെന്ന് കരുതേണ്ട. കോൺടാക്ട് ട്രേസിങ് അടക്കമുള്ള കാര്യങ്ങൾക്കുവേണ്ടിയാണ് പൊലീസ് സേനയെ ഉപയോഗിക്കുന്നത്. ഇതിനെ പൊലീസ് രാജ് എന്നൊക്കെ പറഞ്ഞു വിമർശിക്കുന്നത് വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൂന്തുറയിൽ രോഗവ്യാപന സാധ്യത കുറയുന്നു, അപകടാവസ്ഥ മാറിയിട്ടില്ല
തീരുവനന്തപുരം ജില്ലയിൽ കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിന്‍കര മുൻസിപ്പാലിറ്റി പ്രദേശങ്ങള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായി മാറിയേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് സ്ഥിരീകരിച്ച 274ല്‍ 248ഉം സമ്പര്‍ക്ക രോഗബാധിതരാണ്. പൂന്തുറ, വിഴിഞ്ഞം മേഖലകളില്‍ രോഗവ്യാപന സാധ്യത കുറയുന്നുണ്ട്. എന്നാല്‍, അപകടാവസ്ഥ അയഞ്ഞിട്ടില്ല.
ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളില്‍ ഇന്നലെ 2011 കോവിഡ് പരിശോധനകള്‍ നടത്തിയതില്‍ 203 എണ്ണം പോസിറ്റീവായി. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളായി മാറാനുള്ള സാഹചര്യം നിലനില്ക്കുന്നു. മൂന്നിടങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
കൊല്ലത്ത് മത്സ്യബന്ധനാനുമതി ഏഴിലേക്ക് മാറ്റി
ആഗസ്റ്റ് 5, 6 തീയതികളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയില്‍ മത്സ്യബന്ധനാനുമതി ആഗസ്ത് അഞ്ച് എന്നത് ഏഴിലേക്കു മാറ്റിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്നാണ് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയത്.
പത്തനംതിട്ടയിൽ പുതിയ ക്ലസ്റ്റര്‍
പത്തനംതിട്ട ജില്ലയില്‍ പുറമറ്റത്ത് ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ രൂപപ്പെട്ടു. തെരുവിൽ കഴിയുന്ന സ്ത്രീക്കും ദന്തല്‍ ക്ലിനിക്കിലെ ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചതിന്റെ ഉറവിടം വ്യക്തമാകാത്തതിനെ തുടര്‍ന്നാണിത്.
ആലപ്പുഴയിൽ ഐടിബിപി മേഖലയില്‍ ആശങ്ക തുടരുന്നു
ആലപ്പുഴ ക്ളോസ്ഡ് ക്ളസ്റ്ററുകളിലൊന്നായ ഐടിബിപി മേഖലയില്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലായി വരികയായിരുന്നെന്നും എന്നാൽ ഇന്നലെ അവിടെ പുതിയ 35 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. ഇതരസംസ്ഥാനത്തു നിന്നും പുതുതായി വന്ന ഉദ്യോഗസ്ഥര്‍ക്കാണ് രോഗബാധ.
റൊട്ടേഷണല്‍ ചേഞ്ച് ഓവറിന്റെ ഭാഗമായി ജൂലൈ ഏഴിന് ജലന്ധറില്‍നിന്ന് എത്തിയ അമ്പത് പുതിയ ഉദ്യോഗസ്ഥരില്‍ 35 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ അമ്പതുപേരടങ്ങിയ ടീമിനെ ജില്ലയിലെത്തിയ ഉടന്‍ ക്വാറന്റയിന്‍ ചെയ്തിരുന്നു. ഇവര്‍ക്ക് പൊതുജനങ്ങളുമായി സമ്പര്‍ക്കമുണ്ടായിട്ടില്ല. നൂറനാട് ഐടിബിപി ക്യാമ്പിലേക്ക് പുതുതായി ഉദ്യോഗസ്ഥരെ അയയ്ക്കരുതെന്ന് ഐടിബിപി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആലുവയിലും ഫോര്‍ട്ട് കൊച്ചിയിലും രോഗ വ്യാപനം തുടരുന്നു
എറണാകുളത്ത് ആലുവ ക്ലസ്റ്ററിലും ഫോര്‍ട്ട് കൊച്ചി മേഖലയിലും രോഗ വ്യാപനം തുടരുകയാണ്. അങ്കമാലി, തൃക്കാക്കര, ഇടപ്പള്ളി മേഖലകളിലും കഴിഞ്ഞ ദിവസം കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫോര്‍ട്ട് കൊച്ചി മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ 82 സ്വകാര്യ ആശുപത്രികള്‍ ആണ് കോവിഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആയിട്ടുള്ളത്. മെഡിക്കല്‍ കോളേജില്‍ 9 പേരാണ് ഗുരുതര ലക്ഷണങ്ങളുമായി ചികിത്സയില്‍ ഉള്ളത്. ഐസിയുവില്‍ ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
എറണാകുളം ജില്ലയിൽ ഇന്ന് 120 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 83 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് 35 പേർ രോഗ മുക്തി നേടി.
തൃശൂരിൽ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യം
തൃശൂര്‍ ജില്ലക്ക് പുറത്തുള്ള പട്ടാമ്പി ക്ലസ്റ്ററില്‍ നിന്ന് സമ്പര്‍ക്ക രോഗബാധിതരാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തൃശൂർ ജില്ലയിൽ ആഗസ്റ്റ് അഞ്ച് ബുധനാഴ്ച 86 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 578 ആയി. 51 പേർ രോഗമുക്തരായി. ആകെ നെഗറ്റീവ് 1236. ആകെ പോസിറ്റീവ് കേസുകൾ 1834. ജില്ലയിലെ 13 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ബുധനാഴ്ച 70 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഉറവിടം അറിയാത്ത ഒരു കേസുണ്ട്. കെ.എസ്.ഇ. ക്ലസ്റ്റർ 11, ശക്തൻ ക്ലസ്റ്റർ എട്ട്, കെ.എൽ.എഫ് ക്ലസ്റ്റർ ആറ്, പട്ടാമ്പി ക്ലസ്റ്റർ അഞ്ച്, ഇരിങ്ങാലക്കുട ക്ലസ്റ്റർ അഞ്ച്, ചാലക്കുടി ക്ലസ്റ്റർ ഒന്ന്, കുന്നംകുളം ക്ലസ്റ്റർ ഒന്ന് എന്നിങ്ങനെയാണ് ക്ലസ്റ്ററുകളിലൂടെയുള്ള രോഗപകർച്ച. മറ്റ് സമ്പർക്കത്തിലൂടെ 32 പേർക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്ന 16 പേർക്കും രോഗം സ്ഥിരീകരിച്ചു.
അട്ടപ്പാടി മേഖലയിൽ 420 കിടക്കകളോടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍
പാലക്കാട് ജില്ലയിലെ ആദിവാസി കോളനികളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുറത്തുനിന്ന് ആളുകള്‍ വരുന്നത് തടയുന്നതിനായി ആരോഗ്യം, ട്രൈബല്‍, വനം വകുപ്പുകളുടെ നേതൃത്വത്തില്‍ പറമ്പിക്കുളം ഉള്‍പ്പടെയുള്ള മേഖലകളില്‍ പരിശോധനയും ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. അട്ടപ്പാടി മേഖലയിലെ കോവിഡ് ബാധിതര്‍ക്കായി 420 കിടക്കകളോടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെ രോഗബാധ 139 പേര്‍ക്ക്
മലപ്പുറം ജില്ലയില്‍ ഇന്ന് 167 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 139 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 21 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 118 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 20 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 77 പേര് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,621 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
കോവിഡ് ചികിത്സാ വിഭാഗം ഒരുക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളെ പോലെ തന്നെ സ്വകാര്യമേഖലയിലെ ആശുപത്രികളും കോവിഡ് ചികിത്സയ്ക്ക് പൂര്‍ണമായും സജ്ജമാവണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളുടെ വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദേഹം.
കോഴിക്കോട് ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 72 പേര് രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 32 പേര്‍ക്ക് രോഗം ബാധിച്ചു. ഉറവിടം വ്യക്തമല്ലാത്ത ആറ് കേസുകളും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 799 കോഴിക്കോട് സ്വദേശികളാണ് പോസിറ്റീവായി ചികിത്സയിലുള്ളത്.
കുട്ടികളിലെ രോഗബാധ: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
കോഴിക്കോട്ട് കുഞ്ഞുങ്ങളിൽ കോവിഡ് വ്യാപനം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഒരു ജാഗ്രതക്കുറവും അരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “കോഴിക്കോട്ട് കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബന്ധുക്കള്‍ മരണ വീട്ടില്‍ കൊണ്ടുപോയ 8 മാസം പ്രായമുളള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചിരുന്നു. അഞ്ചു വയസിനു താഴെയുള്ള അഞ്ച് കുട്ടികള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായതായി കണ്ടെത്തി. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഒരു ജാഗ്രതക്കുറവും അരുത്,” മുഖ്യമന്ത്രി പറഞ്ഞു.
പേരിയയിൽ പരിശോധന ഊര്‍ജിതമാക്കി
വയനാട്ടിലെ പേരിയ പുലച്ചിക്കുനി പട്ടികവര്‍ഗ കോളനിയിലെ രണ്ടു വീടുകളിലായി 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിസരത്തെ മുഴുവന്‍ കോളനികളിലും പരിശോധന ഊര്‍ജിതമാക്കുകയും ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ജില്ലയില്‍ ഇന്ന് 14 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 40 പേര് രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 751 ആയി. ഇതില്‍ 394 പേര് രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 356 പേരാണ് ചികിത്സയിലുള്ളത്.
പരിയാരം മെഡിക്കല്‍ കോളേജിലെ സ്ഥിതി മെച്ചപ്പെട്ടു
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലെ സ്ഥിതി മെച്ചപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. 93 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 125 പേര്‍ക്കാണ് രോഗ ബാധ ഉണ്ടായിരുന്നത്. നിലവില്‍ 60 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 93 കേസ് ഉണ്ട്. ഇവിടെ 1292 ടെസ്റ്റുകള്‍ നടത്തി. കോവിഡ് ഇതര രോഗ ചികിത്സക്കുള്ള ഒപി നിയന്ത്രണം ഒരാഴ്ച കൂടി തുടരും.
കാസർഗോട്ട് ജില്ലയില്‍ അടുത്ത 14 ദിവസം അതിനിര്‍ണ്ണായകമെന്ന് ജില്ലാ ഭരണകൂടം
സമ്പര്‍ക്കം വഴിയുള്ള കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാസർഗോഡ് ജില്ലയില്‍ അടുത്ത 14 ദിവസം അതിനിര്ണ്ണായമാണെന്നും എല്ലാവരും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാകലക്ടര്‍ ഡോ ഡി സജിത് ബാബു. ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ലസ്റ്ററുകളായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍,ധനകാര്യ സ്ഥാപനങ്ങള്‍,ഹോട്ടലുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. ക്ലസ്റ്ററിന് അകത്തേക്കും പുറത്തേക്കും ഗതാഗതം നിയന്ത്രിക്കും. ഈ പ്രദേശത്ത് വാഹനങ്ങളിൽ ആളെ കയറ്റാനോ ഇറക്കാനോ പാടില്ല. ആ പ്രദേശത്തെ മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കുകയും ചെയ്യും.
കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏതെങ്കിലും പ്രത്യേക പ്രദേശത്ത് ഏര്‍പ്പെടുത്തണമെന്ന് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ കേരള മുനിസിപ്പാലിറ്റി ആക്ട്,കേരള പഞ്ചായത്തീ രാജ് ആക്ട് എന്നിവയിലെ വ്യവസ്ഥകള്‍ അനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. ജില്ലയില്‍ ഒരിടത്തേക്കുമുള്ള അനാവശ്യ യാത്ര അനുവദിക്കില്ലെന്നും കലക്ടർ വ്യക്തമാക്കി.
അടുത്ത 14 ദിവസം അതിനിര്‍ണ്ണായകമായതിനാല്‍ അടച്ചിട്ട മുറികളില്‍ പ്രവര്‍ത്തിക്കുന്ന,ജിം,യോഗ പരിശീലന കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല. അടച്ചിട്ട മുറികളില്‍ പ്രവര്‍ത്തിക്കുന്ന ജിം,യോഗ പരിശീലന കേന്ദ്രം എന്നിവയ്ക്കാണ് ഈ നിയന്ത്രണം ബാധകം. എന്നാല്‍ തുറസ്സായ സ്ഥലങ്ങളിൽ പ്രവര്‍ത്തിക്കുന്നവയ്ക്ക് ഈ നിയന്ത്രണം ബാധകമല്ല.
ഇന്ന് ജില്ലയില്‍ 128 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 11 പേരുള്‍പ്പെടെ 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് പേര് വിദേശത്ത് നിന്നും നാല് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 113 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 2946 പേരും സ്ഥാപനങ്ങളില്‍ 1216 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4162 പേരാണ്.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് മലപ്പുറം സ്വദേശി
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീന്(75)ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന മൊയ്തീന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.
കൊറോണയെ രണ്ടാഴ്ച്ചക്കുള്ളിൽ പിടിച്ചുകെട്ടണം: മുഖ്യമന്ത്രി
കോവിഡ് നിയന്ത്രണത്തിന് രണ്ടാഴ്ച സമയം നിശ്ചയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസത്തെ അവലോകന യോഗത്തിലാണ് എല്ലാ ജില്ലകളിലെയും ഫീൽഡ് വിഭാഗം ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച ലക്ഷ്യം നിശ്ചയിച്ച് നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചത്. ഉദ്യോഗസ്ഥ തല അലംഭാവം കോവിഡ് വ്യാപനം ഗുരുതരമാക്കിയെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിന്നാലെയാണ് കാലാവധി നിശ്ചയിച്ചു കൊണ്ടുള്ള ഈ നിർദ്ദേശങ്ങളും. ഇതോടൊപ്പം പൊലീസിന് കൂടുതൽ അധികാരം നൽകിയതും ചീഫ് സെക്രട്ടറി ഐഎഎസ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശങ്ങളിൽ പരാമർശിക്കുന്നു.
ജിമ്മുകൾക്കും യോഗ സെന്ററുകള്‍ക്കും ഇന്ന് മുതൽ പ്രവർത്തിക്കാം
അൺലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ജിമ്മുകൾക്കും യോഗ സെന്ററുകള്‍ക്കും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കാം. കേന്ദ്രം പുറത്തിക്കിയ മാർഗനിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കണം പ്രവർത്തനം. തീവ്ര നിയന്ത്രിത മേഖലകളിലെ സ്ഥാപനങ്ങൾക്ക് പ്രവർത്താനുമതിയില്ല. സ്ഥാപനങ്ങൾക്കുള്ളിൽ ആറടി അകലം പാലിച്ചു വേണം പരിശീലനം നടത്താൻ.
രാജ്യത്ത് 19,08,254 കോവിഡ് രോഗികള്‍
ന്യൂഡൽഹി: രാജ്യത്ത് 19,08,254 കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 52,509 പേരാണ് രോഗബാധിതരായത്. 24 മണിക്കൂറിനിടെ 857 പേര്‍കൂടി മരിച്ചതോടെ മരണ സംഖ്യ 39,785 ആയി. 1282215 പേർക്കാണ് രോഗം മാറിയത്. രാജ്യത്തെ കോവിഡ് ബാധിതരിൽ 82% പത്ത് സംസ്ഥാനങ്ങളിൽ നിന്നാണെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ.
അതേസമയം ലോകത്ത് കോവിഡ് മരണം ഏഴ് ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ 6030 പേർ കോവിഡ് ബാധിച്ച് മരിച്ചു. ആകെ കോവിഡ് ബാധിതർ 1,86,81,362 കവിഞ്ഞു. അമേരിക്കയിലും ബ്രസീലിലും 50,000 ത്തില്‍ അധികമാണ് പ്രതിദിന രോഗവർധന.