തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അവശ്യസേവനങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്ക് പാസ് നല്‍കുമെന്ന് ഡിജിപി അറിയിച്ചു.

സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സത്യവാങ്‌മൂലം നൽകണം. തെറ്റായ വിവരങ്ങൾ സത്യവാങ്‌മൂലത്തിൽ നൽകിയാൽ അത്തരക്കാർക്കെതിരെ കർക്കശ നടപടി സ്വീകരിക്കും. ജില്ലാ പൊലീസ് മേധാവികളാണ് പാസ് നൽകുക. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് പുറത്തിറങ്ങേണ്ടതെന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി.

“സ്വകാര്യ വാഹനങ്ങളില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം നല്‍കണം. എന്ത് ആവശ്യത്തിനാണ് പുറത്ത് പോകുന്നതെന്ന് ഇതില്‍ വ്യക്തമാക്കണം. യാത്രക്കാരന്‍ പറഞ്ഞത് ശരിയാണോ എന്ന് അന്വേഷിക്കും. അന്വേഷണത്തില്‍ സത്യവാങ്മൂലം തെറ്റാണെന്ന് കണ്ടാല്‍ നിയമനടപടി സ്വീകരിക്കും” ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു

അതേസമയം, പലയിടത്തും ജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിക്കുന്നില്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് കേസെടുക്കുന്നുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ച 22 പേർക്കെതിരെ ഇടുക്കിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Read Also: കോവിഡ്-19: കേരള സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അഭിമാനകരമെന്ന് പ്രകാശ് രാജ്

സർക്കാർ നൽകുന്ന നിർദേശങ്ങൾ ലംഘിച്ച് കറങ്ങി നടക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരിക്കുന്നത്.

അറസ്റ്റും പിഴയും അടക്കമുള്ള കര്‍ശന നടപടികളാണ് നിയമ ലംഘകരെ കാത്തിരിക്കുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവര്‍ നിയന്ത്രണം ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ മൊബൈൽ കമ്പനികളുടെ സഹായം തേടിയിട്ടുണ്ട്. ടവര്‍ ലൊക്കേഷൻ മാറുന്നുണ്ടോ എന്ന് നോക്കി ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാർ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ ചെറുപ്പക്കാരെ ശിക്ഷിച്ച് പൊലീസ്, ലുധിയാനയിൽ നിന്നുള്ള ദൃശ്യം

നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരം അയൽക്കാരെയും അറിയിക്കും. ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാനുള്ള നമ്പറും നൽകും. രോഗ വ്യാപനത്തിനെതിരെ കര്‍ശന നിലപാട് തന്നെയാണ് സംസ്ഥാന സര്‍ക്കാർ പിന്തുടരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.