തിരുവനന്തപുരം: കോവിഡ് ടെസ്റ്റ് പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിക്കുന്നവരുടെ എണ്ണം കേരളത്തിൽ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കുറവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 100 ടെസ്റ്റിൽ 1.7 ആളുകൾക്കാണ് പോസിറ്റീവ് ആകുന്നത്. ടെസ്റ്റ് പോസിറ്റീവ് റേറ്റ് 1.7 ആണ്. രാജ്യത്ത് ഇത് അഞ്ച് ശതമാനമാണ്.

ദക്ഷിണ കൊറിയയിലേതുപോലെ രണ്ട് ശതമാനത്തിൽ താഴെ ആകാനാണ് ലോകരാജ്യങ്ങൾ ശ്രമിക്കുന്നത്. കേരളം അതു കൈവരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോകത്തുതന്നെ ഏറ്റവും മികച്ച നിരക്കാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ എല്ലാ ഇനത്തിലുമായി 80,091 ടെസ്റ്റുകള്‍ കേരളത്തില്‍ നടത്തിയിട്ടുണ്ട്. പരിശോധനയുടെ എണ്ണത്തിലും നാം മുന്നേറിയിട്ടുണ്ട്. ഒരു ദശലക്ഷത്തിന് 2335 എന്നതാണ് നമ്മുടെ കണക്ക്. കേരളത്തില്‍ 71 ടെസ്റ്റ് നടത്തുമ്പോഴാണ് ഒരാളെ പോസിറ്റീവായി കണ്ടെത്തുന്നത്. രാജ്യത്തിന്റെ ശരാശരി എടുത്താല്‍ ഈ തോത് 23ന് ഒന്ന് എന്ന നിലയിലാണ്. അതായത് അഖിലേന്ത്യാ ശരാശരിയുടെ മൂന്നിരട്ടിയാണ് നമ്മുടെ ടെസ്റ്റിന്റെ തോത്.

Read More: സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ്; 33 പേർ വിദേശത്തു നിന്ന് എത്തിയവർ

ഐസിഎംആര്‍ നിഷ്കര്‍ഷിച്ച വിധത്തില്‍ പരിശോധന വേണ്ട എല്ലാ ആളുകളെയും കേരളത്തില്‍ പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്തെ കേസ് ഫെറ്റാലിറ്റി റേറ്റ് (സിഎഫ്ആര്‍) 0.5 ശതമാനമാണ്. സിഎഫ്ആറും ടിപിആറും ഉയര്‍ന്ന നിരക്കിലാകുന്നതിനര്‍ത്ഥം ആവശ്യത്തിന് പരിശോധനകള്‍ ഇല്ല എന്നാണ്. ഇവിടെ നേരെ മറിച്ചാണ്. നമ്മുടെ മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനം, കാര്യക്ഷമമായ കോണ്‍ടാക്ട് ട്രെയ്സിങ്, ശാസ്ത്രീയമായ ക്വാറന്‍റൈന്‍ എന്നിവയൊക്കെയാണ് ഈ നേട്ടത്തിന് ആധാരം.

കേരളത്തിൽ ഇന്ന് 62 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. വിദേശത്തു നിന്ന് എത്തിയ 33 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നു എത്തിയ 23 പേർക്കുമാണ് (തമിഴ്‌നാട് 10, മഹാരാഷ്ട്ര 10, കർണാടക, ഡൽ‌ഹി, പഞ്ചാബ് 1 വീതം) ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ

 • പാലക്കാട്-14
 • കണ്ണൂർ-ഏഴ്
 • തൃശൂർ-ആറ്
 • പത്തനംതിട്ട-ആറ്
 • മലപ്പുറം-അഞ്ച്
 • തിരുവനന്തപുരം-അഞ്ച്
 • കാസർഗോഡ്-നാല്
 • എറണാകുളം-നാല്
 • ആലപ്പുഴ-മൂന്ന്
 • വയനാട്-രണ്ട്
 • കൊല്ലം-രണ്ട്
 • കോട്ടയം-ഒന്ന്
 • ഇടുക്കി-ഒന്ന്
 • കോഴിക്കോട്-ഒന്ന്

Read More: പാലക്കാട് സ്ഥിതി സങ്കീർണം; ഭീഷണിയായി സാമൂഹ്യവ്യാപന സാധ്യത

1,33,249 പ്രവാസി മലയാളികൾ തിരിച്ചെത്തി

ഇതുവരെയായി 1,33,249 പ്രവാസി മലയാളികളാണ് ഈ ഘട്ടത്തില്‍ തിരിച്ചെത്തിയത്. ഇതില്‍ 73,421 പേര്‍ വന്നത് റെഡ്സോണുകളില്‍ നിന്നാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 1,16,775 പേരും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 16,474 പേരുമാണ് ഇങ്ങനെ എത്തിയത്. കോവിഡ് ആദ്യ കേസ് വന്ന് നൂറുദിവസം പിന്നിട്ടപ്പോള്‍ നാം കോവിഡ് കര്‍വ് ഫ്ളാറ്റണ്‍ ചെയ്തു. അന്ന് കേസുകളുടെ എണ്ണം 16 ആയിരുന്നു. ഇന്ന് അത് 577 ആണ്.

സമ്പർക്കം കാരണം രോഗം വന്നത് അഞ്ചുപേര്‍ക്ക്

ഇന്നലെ 84 കേസ് ഉണ്ടായതില്‍ സമ്പര്‍ക്കംമൂലം വന്നത് അഞ്ചുപേര്‍ക്കാണ്. ഈ ആഴ്ചത്തെ കണക്കെടുത്താല്‍ ഞായറാഴ്ച 53 കേസില്‍ സമ്പര്‍ക്കം 5. തിങ്കളാഴ്ച 49ല്‍ 6, ചൊവ്വ 67ല്‍ 7, ബുധന്‍ 40ല്‍ 3, ഇന്ന് 62ല്‍ ഒന്ന്. അതായത് ഈയാഴ്ച ഇതുവരെ വന്ന 355ല്‍ 27 ആണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍. മെയ് പത്തു മുതല്‍ 23 വരെയുള്ള കണക്കുനോക്കിയാല്‍ 289 പുതിയ കേസുകളില്‍ 38 ആണ് സമ്പര്‍ക്കം വഴി വന്നത്. മെയ് 10 മുതല്‍ ആകെയുള്ള 644 കേസില്‍ 65 ആണ് സമ്പര്‍ക്കം. 10.09 ശതമാനം. ഇപ്പോഴുള്ള 557 ആക്ടീവ് കേസില്‍ സമ്പര്‍ക്കംമൂലം രോഗബാധയുണ്ടായത് 45 പേര്‍ക്കാണ്.

സമ്പര്‍ക്ക വ്യാപന നിരക്ക് കൂടുതല്‍, കണ്ണൂരില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കും

കണ്ണൂര്‍ ജില്ലയില്‍ സംസ്ഥാനത്തിന്റെ ശരാശരിയേക്കാള്‍ കൂടുതലായി രോഗബാധയുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാനത്ത് പത്ത് ശതമാനമാണെങ്കില്‍ കണ്ണൂരില്‍ അത് 20 ശതമാനമാണ്. അവിടെ ഇപ്പോഴുള്ള 93 ആക്ടീവ് കേസുകളില്‍ 19 എണ്ണം സമ്പര്‍ക്കത്തിലൂടെ വന്നതാണ്. അവിടെ കൂടുതല്‍ കര്‍ക്കശ നിലപാടിലേക്ക് പോകേണ്ടിവരും. മാര്‍ക്കറ്റുകള്‍ ചിലത് രോഗവ്യാപന സാധ്യതയുള്ള സ്ഥലങ്ങളാണ് എന്ന് മനസ്സിലാക്കി ഇടപെടണം. അതിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകും. രോഗവ്യാപനം അധികമായി വരുന്ന സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ ആലോചിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.