തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 62 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് എത്തിയ 33 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നു എത്തിയ 23 പേർക്കുമാണ് (തമിഴ്‌നാട് 10, മഹാരാഷ്ട്ര 10, കർണാടക, ഡൽ‌ഹി, പഞ്ചാബ് 1 വീതം) ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്

പാലക്കാട്-14

കണ്ണൂർ-ഏഴ്

തൃശൂർ-ആറ്

പത്തനംതിട്ട-ആറ്

മലപ്പുറം-അഞ്ച്

തിരുവനന്തപുരം-അഞ്ച്

കാസർഗോഡ്-നാല്

എറണാകുളം-നാല്

ആലപ്പുഴ-മൂന്ന്

വയനാട്-രണ്ട്

കൊല്ലം-രണ്ട്

കോട്ടയം-ഒന്ന്

ഇടുക്കി-ഒന്ന്

കോഴിക്കോട്-ഒന്ന്

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് ഒരാൾക്ക്. ജയിലിൽ കഴിയുന്ന രണ്ട് പേർക്കും ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ഇതിനു പുറമേ എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂവിലെ രണ്ട് പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

പത്ത് പേർക്ക് നെഗറ്റീവ്

ചികിത്സയിൽ കഴിയുന്നവരിൽ പത്ത് പേർക്ക് ഇന്ന് കോവിഡ് നെഗറ്റീവ് ആയി. വയനാട്-അഞ്ച്, കോഴിക്കോട്-രണ്ട്, കണ്ണൂ-ഒന്ന്, മലപ്പുറം-ഒന്ന്, കാസർഗോഡ്-ഒന്ന് എന്നിങ്ങനെയാണ് രോഗമുക്‌തരുടെ കണക്ക്. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,24,167 ആയി. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ 1,080. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചവർ 231. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,150 ആയി. ഇതുവരെ രോഗമുക്തി നേടിയത് 565 പേർ.

ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം

ഇതുവരെ സെന്റിനൽ സര്‍വൈലൻസിന്റെ ഭാഗമായി 11,468 സാംപിളുകൾ ശേഖരിച്ചു. അതിൽ 10,635 നെഗറ്റീവാണ്. ആകെ 101 ഹോട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇന്ന് പുതുതായി 22 ഹോട്‌സ്‌പോട്ടുകൾ കൂടി.

ജയിലിൽ നിരീക്ഷണം

തിരുവനന്തപുരം നെയ്യാറ്റിൻകര സ്പെഷൽ സബ് ജയിലിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. കണ്ണൂർ സബ് ജയിലിലും റിമാൻഡ് പ്രതിക്കു രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്ന് ഇടങ്ങളിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ ജയിലിലും വീട്ടിലുമായി നിരീക്ഷണത്തിലാണ്.

സാമൂഹ്യവ്യാപനമില്ല

കേരളത്തിൽ ഇതുവരെ സാമൂഹ്യവ്യാപനമില്ലെന്ന് മുഖ്യമന്ത്രി. രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക വേണ്ട. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നത് വളരെ കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടച്ചുപൂട്ടൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുമ്പോൾ രോഗികളുടെ എണ്ണം വർധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെ ഏറ്റവും മികച്ച നിരക്ക് കേരളത്തിൽ

100 ടെസ്റ്റിൽ 1.7 ആളുകൾക്കാണ് പോസിറ്റീവ് ആകുന്നത്. ടെസ്റ്റ് പോസിറ്റീവ് റേറ്റ് 1.7 ആണ്. രാജ്യത്ത് ഇത് അഞ്ച് ശതമാനമാണ്. കൊറിയയിലേതുപോലെ രണ്ട് ശതമാനത്തിൽ താഴെ ആകാനാണ് ലോകരാജ്യങ്ങൾ ശ്രമിക്കുന്നത്. കേരളം അതു കൈവരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കണ്ണൂരിൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരും

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത് കണ്ണൂർ ജില്ലയിലാണെന്ന് മുഖ്യമന്ത്രി. കണ്ണൂരിൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരും. കണ്ണൂരിൽ സമ്പർക്ക സാധ്യത സംസ്ഥാന ശരാശരിയേക്കാൾ ഇരട്ടിയാണ്. അതുകൊണ്ട് അതീവ ശ്രദ്ധ വേണമെന്നും ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് അടക്കം പോകേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പുതിയ ഹോട്ട്‌സ്‌പോട്ടുകൾ

തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ, പുളിമാത്ത്, കാരോട്, മുദാക്കൽ, വാമനപുരം, കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മേൽ, കുറ്റ‌്യാടി, വളയം, വടകര മുൻസിപ്പാലിറ്റി, കണ്ണൂർ കണ്ണപുരം, മുണ്ടേരി, മുഴപ്പിലങ്ങാട്, കാസർഗോഡ് ജില്ലയിലെ കുമ്പള, പാലക്കാട് ജില്ലയിലെ കൊപ്പം, ഒറ്റപ്പാലം, വാണിയംകുളം, ആനക്കര, അലനല്ലൂർ, കോട്ടോപ്പാടം എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.